Top

'സുബൈര്‍ വധക്കേസ് പ്രതികള്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്തുക്കള്‍'; വൈകാരിക പ്രതികരണമെന്ന് ബിജെപി

19 April 2022 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുബൈര്‍ വധക്കേസ് പ്രതികള്‍ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ സുഹൃത്തുക്കള്‍; വൈകാരിക പ്രതികരണമെന്ന് ബിജെപി
X

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ നേതാവ് സുബൈര്‍ കൊലപ്പെടുത്തിയതിന് പിന്നില്‍ വൈകാരികമായ പ്രതികരണമായേക്കാമെന്ന് ബിജെപി. ആറ് മാസങ്ങള്‍ക്ക് മുമ്പ് പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ സുഹൃത്തുക്കളാണ് സുബൈറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാര്‍ ഇത്തരം ഒരു പ്രതികരണം നടത്തിയത്. സുബൈര്‍ വധക്കേസില്‍ പ്രതികളാക്കപ്പെട്ടവര്‍ മുന്‍ ആര്‍എസ്എസ്-ബിജെപി സജീവ പ്രവര്‍ത്തകര്‍ തന്നെയാണെന്നും എന്നാല്‍ ഇവര്‍ നിലവില്‍ യാതൊരു ഭാരവാഹിത്വവും വഹിക്കുന്നില്ലെന്നും സി കൃഷ്ണകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

പാലക്കാട്ടെ തുടര്‍ കൊലപാതകങ്ങള്‍ക്ക് കാരണം പൊലീസ് വീഴ്ചയാണെന്ന ആരോപണവും ബിജെപി നേതൃത്വം ആവര്‍ത്തിച്ചു. സഞ്ജിത്ത് വധ കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടിയിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു എന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി. കൊലയ്ക്ക് കൊല എന്ന രീതി ഇപ്പോള്‍ ബിജെപിയില്‍ ഇല്ല. തിരിച്ചടിക്കാന്‍ തുനിഞ്ഞാല്‍ ബിജെപിക്ക് ഒരു മിനിറ്റ് പോലും ആവശ്യമില്ല. പാലക്കാട്ടെ മുന്‍ ചരിത്രങ്ങള്‍ പരിശോധിച്ചാല്‍ അത് മനസ്സിലാകുമെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.

അതേസമയം, പോപ്പുലര്‍ഫ്രണ്ട് ഉള്ള ഒരു സമാധാന ചര്‍ച്ചയിലും ബിജെപി പങ്കെടുക്കില്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കി. സഞ്ജിത്ത് മരിച്ചപ്പോള്‍ ഇല്ലാത്ത സമാധാനചര്‍ച്ച ഇപ്പോള്‍ എന്തിന്നെന്ന ചോദ്യം ഉയര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍ തള്ളിക്കൊണ്ടുള്ള ബിജെപി നേതാവിന്റെ പരാമര്‍ശം. പാലക്കാട്ടെ നിരവധി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയപ്പോഴും സംയമനം പാലിച്ച് വരാണ് ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് സമാധാന അന്തരീക്ഷം തിരിച്ചുകൊണ്ടുവരാന്‍ എന്ത് ചെയ്യാനും ബിജെപി ഒരുക്കമാണ്. പോലീസ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ മാത്രം മതി. എന്നാല്‍ പോലീസും സര്‍ക്കാരും ഒരു വിഭാഗത്തിന്റേത് മാത്രമായി പ്രവര്‍ത്തിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സഞ്ജിത്ത്, ശ്രീനിവാസന്‍ വധക്കേസുകളിലെ പ്രതികള്‍ക്ക് ഇതരസംസ്ഥാന ബന്ധമുണ്ട്. ഇതിനാലാണ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് എന്നും സി കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

അതിനിടെ, എലപ്പുളളിയിലെ സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആര്‍എസ്എസ് നേതാവായിരുന്ന സഞ്ജിത്ത് കൊലപാതകത്തിന്റെ പ്രതികാരമായാണ് കൊലയെന്നാണ് പ്രതികള്‍ അറിയിച്ചത് എന്നും എഡിജിപി വിജയ് സാഖറെ ചൂണ്ടിക്കാട്ടി. സുബൈറിനെ അപായപ്പെടുത്താന്‍ നേരത്തെയും ശ്രമങ്ങള്‍ നടന്നിരുന്നു. 8, 9 തിയ്യതികളില്‍ വധിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ലെന്നും പൊലീസ് പറയുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ സുബൈറാണ് ഉത്തരവാദിയെന്നും പകരം വീട്ടണം എന്നും സഞ്ജിത് മരിക്കുന്നതിന് മുമ്പ് രമേശിനോട് പറഞ്ഞിരുന്നു എന്ന സൂചനയും പൊലീസ് നല്‍കുന്നു.

Content Highlight: Palakkad murders bjp leadership reaction

Next Story

Popular Stories