Top

'ജീവനാണ് വലുത്'; പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി

ഇരു വിഭാഗവും വിചാരിച്ചാല്‍ മാത്രമേ സമാധാനം പുലരൂവെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു

17 April 2022 5:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവനാണ് വലുത്; പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി
X

പാലക്കാട്: പൊലീസ് അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. അങ്ങനെ പറയുമ്പോള്‍ മനുഷ്യാവകാശമൊക്കെ പൊക്കി നിങ്ങള്‍ വരും. പക്ഷെ ജീവനാണ് വലുതെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കൊലപാതക സംഭവങ്ങള്‍ അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയെ വിളിച്ചിരുന്നു. ശക്തമായ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയത്. ഇരു വിഭാഗവും വിചാരിച്ചാല്‍ മാത്രമേ സമാധാനം പുലരൂവെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട്ടെ അക്രമസംഭവത്തിന് പിന്നില്‍ വര്‍ഗീയ ലഹള കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

കെ കൃഷ്ണന്‍കുട്ടിയുടെ വാക്കുകള്‍-

'സംഭവം അറിഞ്ഞയുടന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. വളരെ ശക്തമായ നടപടിയെടുക്കാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. രണ്ട് വിഭാഗവും വിചാരിച്ചാലേ സമാധാനം പുലരൂ. അണികളെ ഇത്തരത്തില്‍ വെട്ടികൊലപ്പെടുത്തുന്നത് ശരിയല്ലല്ലോ.

പൊലീസ് ശക്തമായി അടിച്ചമര്‍ത്തല്‍ സ്വഭാവത്തോടെ നീങ്ങണം. അങ്ങനെ പറയുമ്പോള്‍ മനുഷ്യാവകാശമൊക്കെ പൊക്കി നിങ്ങള്‍ വരും. പക്ഷെ ജീവനാണ് വലുത്. പൊലീസ് ബലപ്രയോഗം നടത്തേണ്ടി വരും. എന്നാല്‍ മാത്രമേ വേര് കണ്ടെത്താന്‍ കഴിയൂ. തീവ്രവാദികളെപോലെയാണ് അവര്‍ പെരുമാറുന്നത്. വര്‍ഗീയ ലഹളകൊണ്ടുവരികയെന്നതാണ് ലക്ഷ്യം. രണ്ട് ചേരിയാക്കി സംസ്ഥാനത്തെ തിരിക്കുകയെന്നതാണ് ഇരുവിഭാഗവും ലക്ഷ്യം വെക്കുന്നത്.'

തുടര്‍ച്ചയായി നടത്തുന്ന കൊലപാതകങ്ങളിലൂടെ കേരളത്തെ പകുത്തെടുക്കാനാണ് രണ്ട് വര്‍ഗീയ ശക്തികള്‍ ശ്രമിക്കുന്നതെന്ന് പാലക്കാട്ടെ ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ സ്പീക്കര്‍ എംബി രാജേഷും പറഞ്ഞു. ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ് ഈ രണ്ട് ശക്തികളും. ഇത്തരം വര്‍ഗീയ ശക്തികളെ സമൂഹത്തില്‍ നിന്നും പരിപൂര്‍ണ്ണമായും ഒറ്റപ്പെടുത്തണം. അതോടൊപ്പം സമാധാനകാംക്ഷികളെ ഒന്നിപ്പിക്കാനുളള ശ്രമങ്ങള്‍ ഉണ്ടാവണമെന്നും എം ബി രാജേഷ് പറഞ്ഞു.

Next Story