Top

ആള്‍ക്കൂട്ടകൊല: റഫീഖിനെ പിന്തുടര്‍ന്നത് നീട്ടി വളര്‍ത്തിയ മുടി നോക്കി; സംഭവ സ്ഥലത്തെത്താന്‍ വൈകിയിട്ടില്ലെന്ന് പൊലീസ്

ബൈക്ക് മോഷണം പോയതോടെ മൂവര്‍ സംഘം ബാറിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരാള്‍ ബൈക്ക് എടുത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്.

8 April 2022 8:03 AM GMT
അനുശ്രീ പി.കെ

ആള്‍ക്കൂട്ടകൊല: റഫീഖിനെ പിന്തുടര്‍ന്നത് നീട്ടി വളര്‍ത്തിയ മുടി നോക്കി; സംഭവ സ്ഥലത്തെത്താന്‍ വൈകിയിട്ടില്ലെന്ന് പൊലീസ്
X

പാലക്കാട്: ഒലവക്കോട് ആള്‍ക്കൂട്ട കൊലപാതകത്തില്‍ പിടിയിലായ പ്രതികള്‍ തേടിയിറങ്ങിയത് മുടി നീട്ടി വളര്‍ത്തിയ ആളെയെന്ന് പൊലീസ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സിസിടിവിയില്‍ കണ്ടയാളുടെ രൂപ സാദൃശ്യമുള്ള റഫീഖിനെ കാണുകയും പ്രകോപിതരായ സംഘം മര്‍ദിക്കുകയുമായിരുന്നുവെന്ന് പാലക്കാട് നോര്‍ത്ത് സിഐ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. മുണ്ടൂര്‍ കുമ്മാട്ടിക്കെത്തിയ മൂന്നംഗ സംഘം ബാറിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതാണ് റഫീഖിന്റെ കൊലപാതകത്തിലേക്ക് എത്തിയത്.

ബൈക്ക് മോഷണം പോയതോടെ മൂവര്‍ സംഘം ബാറിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരാള്‍ ബൈക്ക് എടുത്തുപോകുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചത്. മുടി നീട്ടി വളര്‍ത്തിയെന്നതാണ് ഇയാളെ തിരിച്ചറിയാനുള്ള അടയാളമായി പ്രതികള്‍ കരുതിയത്. തുടര്‍ന്ന് അന്വേഷിച്ച് വന്നപ്പോഴാണ് റഫീഖിനെ കാണുന്നത്. അവിടെവെച്ച് വാക്ക് തര്‍ക്കമുണ്ടാവുകയും സംഘം ഇയാളെ മര്‍ദിക്കുകയുമായിരുന്നു. ബാറില്‍ നിന്നും 500 മീറ്റര്‍ പരിധിയില്‍ ഒലവക്കോട് ജംഗ്ക്ഷനോട് അടുത്താണ് സംഭവം.' സിഐ വിശദീകരിച്ചു.

ആക്രമണം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് തങ്ങളെ ഇക്കാര്യം അറിയിച്ചത്. വിവരം ലഭിച്ച് 10 മിനിറ്റിനകം പൊലീസ് സംഭവസ്ഥലത്തെത്തിയെന്നും അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ പരിശോധിച്ച് വരികയാണ്. നിലവില്‍ റഫീഖ് തന്നെയാണ് ബൈക്ക് മോഷ്ടിച്ചതെന്ന അനുമാനത്തിലാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു. പ്രതികള്‍ മദ്യലഹരിയില്‍ ആയിരുന്നോയെന്നും വ്യക്തമല്ല. മദ്യപിക്കാനാണ് ബാറില്‍ കയറിയത്. ശാസ്ത്രീയ പരിശോധന നടത്തുമെന്നും സിഐ അറിയിച്ചു.

പതിനഞ്ചോളം പേര്‍ ചേര്‍ന്നാണ് റഫീഖിനെ മര്‍ദിച്ചതെന്നാണ് ദൃക്‌സാക്ഷിയായ യുവാവിന്റെ പ്രതികരണം. ബഹളം കേട്ട് നോക്കിയപ്പോള്‍ പത്തോ പതിനഞ്ചോ പേര്‍ കൂടി നിന്ന് ഒരാളെ മര്‍ദിക്കുന്നതാണ് രകണ്ടത്. അവര്‍ പോയപ്പോഴേക്കും അടികിട്ടിയയാള്‍ അവശനായി വീണുപോയിരുന്നു. അപ്പോള്‍ തന്നെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

മലമ്പുഴ കടുക്കാംകുന്നം സ്വദേശി 27 കാരനായ റഫീഖാണ് പുലര്‍ച്ചെ ആള്‍കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആലത്തൂര്‍ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പന്‍, പല്ലശന സ്വദേശി സൂര്യ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Next Story

Popular Stories