Top

പാലക്കാട്ടെ സിപിഐഎം നേതാവിന്റെ കൊലപാതകം; മരുതറോഡ് പഞ്ചായത്തിൽ നാളെ ഹർത്താൽ

14 Aug 2022 9:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട്ടെ സിപിഐഎം നേതാവിന്റെ കൊലപാതകം; മരുതറോഡ് പഞ്ചായത്തിൽ നാളെ ഹർത്താൽ
X

പാലക്കാട്: പാലക്കാട് സിപിഐഎം മരുത റോഡ്‌ ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു. മരുതറോഡ് പഞ്ചായത്തിലാണ് സിപിഐഎം നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.

പാലക്കാട് കൊട്ടേക്കാട് കുന്നംങ്കാട് സ്വദേശി ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. മരുത റോഡ് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാൻ. രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിട്ടുണ്ട്. സ്വാതന്ത്ര ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ കഴിഞ്ഞ് കുന്നംങ്കാട് സെന്ററിൽ നിന്ന ഷാജഹാനെ ബെെക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു.

ആക്രമണത്തിൽ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഷാജഹാന്റെ വീടിന്റെ പരിസരത്ത് ഫ്ലക്സ് വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകതിലേക്ക് നയിച്ചതെന്നാണ് സൂചന. അതിനിടെ ആക്രമി സംഘത്തിൽപ്പെട്ടവരെ കണ്ടാൽ തിരച്ചറിയുമെന്ന് ഷാജഹാനൊപ്പം സംഭവ സമയത്തുണ്ടായിരുന്ന സുഹൃത്ത് സുരേഷ് പോലീസിന് മൊഴി നൽകി.

ഷാജഹാന് ആർഎസ്എസ് പ്രവർത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെയും വധഭീഷണി ഉണ്ടായിരുന്നുവെന്ന് മലമ്പുഴ എംഎൽഎ എം പ്രഭാകരൻ പറഞ്ഞു. എന്നാൽ മുൻ വിധിയോടെ പ്രതിയെ തിരുമാനിക്കുന്നില്ലെന്നും പ്രകോപനമുണ്ടാക്കി ക്രമസമാധാനം തകരാറിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സമിതി അംഗം എൻ എൻ കൃഷ്ണദാസ് പറഞ്ഞു.

അതേസമയം ആർഎസ്എസ്സാണ് കൊലപാതകത്തിന് പിന്നിലെന്ന് ഷാജഹാന്റെ കുടുംബം പറയുന്നു. ഇതിന് മുൻപും ഷാജഹാനെതിരെ ആർഎസ്എസിന്റെ ആക്രമണ ശ്രമം ഉണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഷാജഹാന്റെ കൊലയെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ആക്രമണത്തിൽ മുൻവിധിയോടെ ആരോപണം ഉന്നയിക്കുന്നില്ല. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

STORY HIGHLIGHTS: Palakkad cpim member murder cpim announces hartal today

Next Story