Top

പാലക്കാട് സിപിഐഎം നേതാവിന്റെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ

കൊലയാളികൾ എത്തിയ ഒരു സ്കൂട്ടർ പൊലീസ് കണ്ടെടുത്തു.

15 Aug 2022 3:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാലക്കാട് സിപിഐഎം നേതാവിന്റെ കൊലപാതകം; മൂന്ന് പേർ കസ്റ്റഡിയിൽ
X

പാലക്കാട്‌: സിപിഐഎം മരുത റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കൊലയാളി സംഘത്തിൽ ആറുപേരുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ നേരത്തെ കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലയാളികൾ എത്തിയ ഒരു സ്കൂട്ടർ പൊലീസ് കണ്ടെടുത്തു.

2008 ലാണ് കുന്നക്കാട് ആർഎസ്എസ് പ്രവർത്തകനായ ആറുച്ചാമിയെ സിപിഐഎം പ്രവർത്തകർ കൊലപ്പെടുത്തുന്നത്. ഇതിൽ ഷാജഹാൻ പ്രതിയായിരുന്നു. പാർട്ടിയിലുളളവർ തന്നെ കൊലപാതകം നടത്തിയതെന്ന് ദൃക്സാക്ഷിയും ഷാജഹാന്റെ സുഹൃത്തുമായ സുരേഷ് പറഞ്ഞു. ഇവർക്ക് ബിജെപി പിന്തുണയുണ്ടെന്നും സുരേഷ് ആരോപിച്ചു.

ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. കുന്നംങ്കാട് സെന്ററിൽ നിന്ന് ഷാജഹാനെ ബെെക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കൾ പറഞ്ഞു. ആക്രമണത്തിൽ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

ഷാജഹാന്റെ വീടിന്റെ പരിസരത്ത് ഫ്ലക്സ് വെക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതിനിടെ ആക്രമി സംഘത്തിൽപ്പെട്ടവരെ കണ്ടാൽ തിരച്ചറിയുമെന്ന് ഷാജഹാനൊപ്പം സംഭവ സമയത്തുണ്ടായിരുന്നുവെന്ന് സുഹൃത്ത് സുരേഷ് പൊലീസിന് മൊഴി നൽകിയിരുന്നു.

കേരളത്തിലെ സമാധാന അന്തരീക്ഷം തകർക്കാൻ ഉള്ള ഗൂഢാലോചനയുടെ ഭാഗമാണ് ഷാജഹാന്റെ കൊലയെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ പറഞ്ഞു. ആക്രമണത്തിൽ മുൻവിധിയോടെ ആരോപണം ഉന്നയിക്കുന്നില്ല. കൊലയാളികൾ ആരെന്ന് പൊലീസ് പറയട്ടെയെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു. അതേസമയം, രാഷ്ട്രീയകൊലപാതകമാണോ ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ജില്ലാ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദ്ദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

STORY HIGHLIGHTS: Palakkad CPIM leader murder; Three people are in custody

Next Story