Top

'ആരെയും ഇല്ലാതാക്കുന്ന കില്ലേഴ്‌സ് പാര്‍ട്ടിയായി സിപിഐഎം മാറി'; ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍

15 Aug 2022 8:50 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരെയും ഇല്ലാതാക്കുന്ന കില്ലേഴ്‌സ് പാര്‍ട്ടിയായി സിപിഐഎം മാറി; ശരിയായ രീതിയില്‍ അന്വേഷണം വേണമെന്ന് കെ സുധാകരന്‍
X

തിരുവനന്തപുരം: പാലക്കാട് ഷാജഹാന്റെ കൊലപാതകത്തില്‍ സിപിഐഎമ്മിനെതിരെ ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സിപിഐഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ടവരാണ് കൊലപാതകത്തിന് പിന്നിലെന്നും, ആരെയും കൊല്ലുന്ന കില്ലേഴ്‌സ് പാര്‍ട്ടിയായി സിപിഐഎം മാറിയെന്നും സുധാകരന്‍ ആരോപിച്ചു.

സര്‍ക്കാരിന്റെ കയ്യില്‍ ഉള്ളതിനേക്കാള്‍ ആയുധം സംഭരിച്ചിരിക്കുന്നത് സിപിഐഎമ്മാണ്. സിപിഐഎം അക്രമത്തിന്റെ വക്താക്കളാണെന്ന് ആരോപിച്ച സുധാകരന്‍, ഷാജഹാന്റെ കൊലപാതകത്തില്‍ ശരിയായ രീതിയില്‍ അന്വേഷണം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. എകെജി സെന്റര്‍ ആക്രമണത്തിന് പിന്നില്‍ സിപിഐഎമ്മാണെന്നതിന് തെളിവുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

സിപിഐഎം മരുത റോഡ് ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നാണ് എഫ്‌ഐആര്‍. ബിജെപി അനുഭാവികളായ എട്ട് പേരാണ് പ്രതികളെന്നും എഐആറില്‍ പറയുന്നു. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഘത്തില്‍ നേരത്തെ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരുമുണ്ടെന്നും പൊലീസ് പറഞ്ഞു. കൊലയാളികള്‍ എത്തിയ ഒരു സ്‌കൂട്ടര്‍ പൊലീസ് കണ്ടെയിരുന്നു.

ഞായറാഴ്ച രാത്രി 9.15 ഓടെയായിരുന്നു സംഭവം. ആക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഐഎം ആരോപിച്ചിരുന്നു. കുന്നംങ്കാട് സെന്ററില്‍ നിന്ന് ഷാജഹാനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് സിപിഐഎം നേതാക്കള്‍ പറഞ്ഞു. ആക്രമണത്തില്‍ തലയ്ക്കും കാലിനും സാരമായി പരുക്കേറ്റ ഷാജഹാനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Story Highlights: Palakkad Case K Sudhakaran Against CPIM

Next Story