Top

'ഭീകരവാദ സംഘടനകളുമായി എന്ത് സംസാരിക്കാനാണ്'; സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നത് ആലോചിച്ച് മാത്രമെന്ന് ബിജെപി

മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ നാളെ വൈകീട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.

17 April 2022 6:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീകരവാദ സംഘടനകളുമായി എന്ത് സംസാരിക്കാനാണ്; സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്നത് ആലോചിച്ച് മാത്രമെന്ന് ബിജെപി
X

പാലക്കാട്: ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ നാളെ ചേരാനിരിക്കുന്ന സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത മതഭീകരവാദ സംഘടനയുമായി എന്ത് ചര്‍ച്ചയാണ് നടത്താനുള്ളതെന്ന് സുരേന്ദ്രന്‍ പാലക്കാട് ചോദിച്ചു.

രാജ്യത്തിന്റെ പലഭാഗത്തും കലാപങ്ങളും വര്‍ഗീയ ലക്ഷ്യങ്ങളും ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങളും ആക്രമങ്ങളും നടന്നു. അത് തന്നെയാണ് പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ചെയ്യുന്നത്. രാഷ്ട്രീയമായി സഹായം ലഭിക്കുന്നത് കൊണ്ടാണ് ഇത് ആവര്‍ത്തിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

'സര്‍വ്വകക്ഷിയോഗത്തില്‍ പങ്കെടുക്കുമോയെന്നത് എല്ലാവരുമായും ആലോചിച്ചിട്ടേ പറയാന്‍ കഴിയൂ. ഉടന്‍ പറയാന്‍ കഴിയില്ല. ആരെയാണ് സ്പീക്കറും സിപിഐഎം നേതാക്കളും ഉപദേശിക്കുന്നത്. ജനാധിപത്യത്തിലും പൗരാവകാശത്തിലും വിശ്വാസമില്ലാത്ത തനി മതഭീകരവാദ സംഘടനയുമായി എന്ത് ചര്‍ച്ചയാണ് നടത്താനുള്ളത്. ഭീകരവാദസംഘടനകളുമായി മേശക്ക് ചുറ്റുമിരുന്ന് എന്താണ് സംസാരിക്കാനുള്ളത്. ആര്‍എസ്എസിനേയും എസ്ഡിപിഐയേയും താരതമ്യപ്പെടുത്തരുത്. അത് രാജ്യദ്രോഹ ഇടതുപക്ഷ പ്രചാരണമാണ്.'

മന്ത്രി കെ കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയിലാവും നാളെ ജില്ലയില്‍ യോഗം ചേരുക. നാളെ വൈകീട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്. എസ്ഡിപിഐയുമായി യാതൊരു സമാധാന ചര്‍ച്ചകളിലും പങ്കെടുക്കില്ലെന്ന് കഴിഞ്ഞ ദിവസവും ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു.

Next Story