Top

ജീവനക്കാർക്ക് ആശ്വാസം; സെപ്റ്റംബർ മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്ത് കെഎസ്ആർടിസി

4 Oct 2022 12:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജീവനക്കാർക്ക് ആശ്വാസം; സെപ്റ്റംബർ മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്ത് കെഎസ്ആർടിസി
X

തിരുവനന്തപുരം: ജീവനക്കാരുടെ സെപ്റ്റംബർ മാസത്തെ ശമ്പളം പൂർണമായി വിതരണം ചെയ്ത് കെഎസ്ആർടിസി. സർക്കാർ നൽകിയ 50 കോടി രൂപയും കെഎസ്ആർടിസിയുടെ വരുമാനത്തിൽ നിന്ന് 30 കോടി രൂപയുമെടുത്താണ് ശമ്പളം നൽകിയത്.

മാസങ്ങൾക്ക് ശേഷമാണ് അഞ്ചാം തീയതിക്ക് മുൻപായി കെഎസ്ആർടിസിയിൽ ശമ്പള വിതരണം പൂർത്തിയാക്കുന്നത്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് ജീവനക്കാർക്ക് ശമ്പളം നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. ജൂലൈ, ഓഗസ്റ്റ് മാസത്തെ ശമ്പളം നൽകാനായി കഴിഞ്ഞ മാസം സർക്കാർ 100 കോടി നൽകിയിരുന്നു.

ആഴ്ചയിൽ ആറ് ദിവസവും സിംഗിൾ ഡ്യൂട്ടി അടക്കമുള്ള പുതിയ മാറ്റങ്ങളോട് സഹകരിച്ചാൽ അഞ്ചാം തീയതിക്ക് മുമ്പായി ശമ്പളം നൽകുമെന്ന് മുഖ്യമന്ത്രി നേരിട്ട് ജീവനക്കാ‍ർക്ക് ഉറപ്പ് നൽകിയിരുന്നു. ഒക്ടോബർ ഒന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പാറശാല ഡിപ്പോയിൽ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം കൊണ്ടുവന്നതിന് പിന്നാലെയാണ് ശമ്പള വിതരണവും കൃത്യമായത്.

ഏട്ട് ഡിപ്പോകളിൽ നടപ്പിലാക്കാൻ നേരത്തെ തീരുമാനമെടുത്തിരുന്നെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്. സിഐടിയു ഈ തീരുമാനം അംഗീകരിച്ചു. തീരുമാനത്തെ അംഗീകരിച്ചെങ്കിലും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അംഗീകരിക്കില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.

STORY HIGHLIGHTS: Paid salary to ksrtc employees for September

Next Story

Popular Stories