Top

'സിപിഐഎമ്മിന് വേണ്ടി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍'; സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പദ്മജയുടെ ട്രോള്‍

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പദ്മജയുടെ പ്രതികരണം

5 May 2022 4:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎമ്മിന് വേണ്ടി കര, നാവിക, വ്യോമ സേനയുടെ തിരച്ചില്‍; സ്ഥാനാര്‍ത്ഥിത്വം വൈകുന്നതില്‍ പദ്മജയുടെ ട്രോള്‍
X

തൃശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പദ്മജ വേണുഗോപാല്‍. സിപിഐഎം തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കായി കര, നാവിക, വ്യോമ സേനകളുടെ സഹായത്തോടെ തിരച്ചില്‍ തുടരുന്നതായി അറിയുന്നു എന്നായിരുന്നു പദ്മജ വേണുഗോപാലിന്റെ പരിഹാസം. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു പദ്മജയുടെ പ്രതികരണം.

കഴിഞ്ഞ ദിവസം സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടേറിയേറ്റ് ചേര്‍ന്നതിന് പിന്നാലെ ഡിവൈഎഫ്‌ഐ നേതാവ് കെഎസ് അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാവും എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍, വാര്‍ത്ത നിഷേധിച്ച ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനും സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവും തങ്ങള്‍ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ടില്ലെന്നും കെഎസ് അരുണ്‍കുമാറിന്റെ സ്ഥാനാര്‍ത്ഥിത്വം ഊഹാപോഹം മാത്രമാണെന്നും പ്രതികരിച്ചിരുന്നു. ഇന്നലെ നടന്നത് പ്രാചരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രമാണെന്നാണ് പി രാജീവിന്റെ ഇന്നത്തെ പ്രതികരണം.

വാര്‍ത്തകള്‍ വന്നതിന് പിന്നാലെ തന്നെ കെഎസ് അരുണ്‍കുമാറിന് വോട്ട് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വാര്‍ത്തയായതോടെ പാര്‍ട്ടി ഇടപെട്ട് ആദ്യം നിര്‍ത്തിവെപ്പിക്കുകയും പിന്നീട് മായ്ക്കുകയും ചെയ്തിരുന്നു.

അതേസമയം, തൃക്കാക്കരയില്‍ സിപിഐഎം അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ പരിഗണിക്കുന്നു എന്നും സൂചനകള്‍ വരുന്നു. കെവി തോമസിന് താത്പര്യമുള്ള കോണ്‍ഗ്രസ് പാളയത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയെയാണ് സിപിഐഎം പരിഗണിക്കുന്നത്. ഉമ തോമസ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതോടെ വനിത സ്ഥാനാര്‍ത്ഥിയെയാണ് സിപിഐഎം തേടുന്നത് എന്നാണ് സൂചന. അഭ്യൂഹങ്ങള്‍ ശക്തമായതോടെ കോണ്‍ഗ്രസ് വേദികളില്‍ അടുത്ത കാലത്തായി സജീവമല്ലാത്ത മുന്‍ കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റിന്റെ പേരും ഉയര്‍ന്ന് കേട്ടിരുന്നു.

STORY HIGHLIGHTS: Padmaja Venugopal trolls CPIM for delaying candidature

Next Story