Top

'ഞാന്‍ മത്സരിച്ച തൃശൂരില്‍ ബിജെപി കോടികളുടെ കുഴല്‍പണമൊഴുക്കി'; കര്‍ണാടകയാണ് ഉറവിടമെന്ന് പദ്മജ

15 April 2022 6:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ മത്സരിച്ച തൃശൂരില്‍ ബിജെപി കോടികളുടെ കുഴല്‍പണമൊഴുക്കി; കര്‍ണാടകയാണ് ഉറവിടമെന്ന് പദ്മജ
X

തൃശൂർ: കർണാടക സർക്കാരിന്റെ അഴിമതി പണം വിതരണം ചെയ്യുന്നത് കേരളത്തിലെ ബിജെപിക്കെന്ന ആരോപണവുമായി പദ്മജ വേണു​ഗോപാൽ. നിയമസഭാ തെരഞ്ഞെടുപ്പിൽ താന്‍ മത്സരിച്ച തൃശൂർ മണ്ഡലത്തിലുൾപ്പെടെ കോടിക്കണക്കിന് കുഴൽപ്പണമാണ് കർണാടകയിൽ നിന്നെത്തിയതെന്നും പദ്മജ ആരോപിച്ചു. കർണാടക മന്ത്രി കെഎസ് ഈശ്വരപ്പയ്ക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

കർണാടക സർക്കാർ ഒന്നടങ്കം അഴിമതിയിൽ കുളിച്ച് നിൽക്കുകയാണ്. സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ ഈശ്വരപ്പയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നതെന്നും പദ്മജ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

കുറിപ്പിന്റെ പൂർണരൂപം,

കർണാടക ഭരിക്കുന്ന ബിജെപി സർക്കാർ അഴിമതിയിൽ മറ്റു ബിജെപി സംസ്ഥാന സർക്കാരുകളെക്കാൾ മുൻപന്തിയിൽ ആണ്. സന്തോഷ്‌ പാട്ടീൽ എന്ന കരാറുകാരന്റെ ആത്മഹത്യ വെളിവാക്കുന്നത് സർക്കാർ തലത്തിൽ നടക്കുന്ന കൊടിയ അഴിമതിയുടെ നേർ രേഖയാണ്. സർക്കാർ വർക്കുകളുടെ 40% കമ്മീഷൻ നൽകിയാലേ ബില്ല് മാറി നൽകൂ എന്നാണ് കർണാടക ബിജെപിയുടെ നിയമം. ബസവരാജ് ബൊമ്മ സർക്കാർ ഒന്നടങ്കം ഇന്ന് അഴിമതിയിൽ കുളിച്ചു നിൽക്കുന്നു. സർക്കാറിനെതിരെ കോൺഗ്രസ് നടത്തുന്ന പ്രതിഷേധ കൊടുങ്കാറ്റിൽ സർക്കാർ ആടി ഉലഞ്ഞു തകരും എന്നായപ്പോൾ കെഎസ് ഈശ്വരപ്പ എന്ന മന്ത്രിയെ മാത്രം രാജി വെപ്പിച്ച് മുഖം രക്ഷിക്കൽ ആണ് ഇപ്പോൾ നടന്നിരിക്കുന്നത്.

കേരളത്തിൽ കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കൊടകരയിൽ നിന്നും പിടിച്ച ബിജെപി യുടെ കുഴൽപണം എത്തിയത് കർണാടകയിൽ നിന്നാണ്. ഞാൻ മത്സരിച്ച തൃശൂർ ഉൾപ്പടെ മണ്ഡലങ്ങളിൽ കോടിക്കണക്കിനു കുഴൽ പണം ആണ് ബിജെപി ഒഴുക്കിയത്. കർണാടക സർക്കാർ കേരളത്തിലെ ബിജെപിയുടെ അഴിമതി പണ വിതരണ കേന്ദ്രം ആണ്.

കർണാടകയിൽ നടക്കുന്നത്,

കര്‍ണാടകയിലെ കരാറുകാരന്റെ മരണത്തില്‍ ആരോപണവിധേയനായതിന് പിന്നാലെയാണ് മന്ത്രി കെഎസ് ഈശ്വരപ്പ രാജി പ്രഖ്യാപിച്ചത്. മന്ത്രിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് രാജി പ്രഖ്യാപനം.

കഴിഞ്ഞദിവസമാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷ് പാട്ടീല്‍ എന്ന കരാറുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മന്ത്രിക്കെതിരെയുളള അഴിമതി ആരോപണം അടങ്ങിയ ആത്മഹത്യാ കുറിപ്പ് പൊലീസ് സ്ഥലത്ത് നിന്നും കണ്ടെടുത്തിരുന്നു. സന്തോഷ് പാട്ടീലിന്റെ സഹോദരന്‍ പ്രശാന്ത് നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. മന്ത്രിക്ക് പുറമെ കൂട്ടാളികളായ ബസവരാജ്, രമേഷ് എന്നിവര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഈശ്വരപ്പയ്ക്ക് എതിരെ അഴിമതി ആരോപണം ഉന്നയിച്ചതോടെയാണ് സന്തോഷ് പാട്ടീല്‍ ആദ്യം വാര്‍ത്തകളില്‍ ഇടം പിടിച്ചത്. നാല് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തിക്ക് മന്ത്രി 40 ശതമാനം കമ്മീഷന്‍ ചോദിച്ചു എന്നായിരുന്നു സന്തോഷ് പാട്ടീലിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതിയും സന്തോഷ് നല്‍കിയിരുന്നു. പിന്നാലെയാണ് ഉഡുപ്പിയിലെ ലോഡ്ജില്‍ സന്തോഷ് പാട്ടീലിനെ മരിച്ച നിലയില്‍ കണ്ടത്തിയത്.

story highlight: Padmaja Venugopal alleges black money from Karnataka flowing to Kerala BJP

Next Story