Top

'ഒന്നും പറയാനില്ല'; കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ തിരിഞ്ഞുനോക്കാതെ സ്ഥലം വിട്ടയാളാണ് കെവി തോമസെന്ന് പത്മജ

'പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം'

12 May 2022 9:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നും പറയാനില്ല; കരുണാകരന് ക്ഷീണം പറ്റിയപ്പോള്‍ തിരിഞ്ഞുനോക്കാതെ സ്ഥലം വിട്ടയാളാണ് കെവി തോമസെന്ന് പത്മജ
X

തൃശ്ശൂര്‍: തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന കെവി തോമസിന്റെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി പത്മജ വേണുഗോപാല്‍. കെവി തോമസിനെ അടുത്ത് അറിയാവുന്ന ആളെന്ന നിലയില്‍ അദ്ദേഹത്തിന്റെ തീരുമാനത്തില്‍ തനിക്ക് അതിശയം തോന്നിയില്ലെന്നായിരുന്നു പത്മജയുടെ പ്രതികരണം. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ടയാളാണ് കെവി തോമസ്. അങ്ങനെയൊരാളില്‍ നിന്നും ഇതല്ലേ പ്രതീക്ഷിക്കാന്‍ കഴിയൂ എന്നും അവര്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു വിമര്‍ശനം.

പാര്‍ട്ടി അതിപ്രധാനമായി ഒരു തെരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതിലാണ് വിഷമം. അദ്ദേഹം എത്ര പെന്‍ഷന്‍ വാങ്ങുന്നു. അത് പോലും അദ്ദേഹത്തിന് കൊടുത്തത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. അത് അദ്ദേഹം ഓര്‍ക്കണമായിരുന്നു. 30 വര്‍ഷം തൃക്കാക്കര മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാമെന്നും അത് യൂഡിഎഫിന് ഒപ്പമാണെന്നും പറഞ്ഞ പത്മജ, ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ടെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനായി പ്രചരണത്തിനിറങ്ങുമെന്ന് കെവി തോമസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിന്റെ പേരില്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്നും അദ്ദേഹം നേതൃത്വത്തെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയോടൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും കേരളത്തില്‍ വികസന രാഷ്ട്രീയത്തെ മുന്‍നിര്‍ത്തിയാണ് തന്റെ നിലപാടെന്നുമായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.

പത്മജ വേണുഗോപാലിന്റെ വാക്കുകള്‍:

തോമസ് മാസ്റ്റര്‍ പോയതിനെ പറ്റി എനിക്ക് ഒന്നും പറയാനില്ല. എനിക്ക് ഒരു കാര്യത്തില്‍ മാത്രമേ വിഷമം ഉള്ളു. പാര്‍ട്ടി അതിപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്ന സമയം നോക്കി ചെയ്തതാണ് വിഷമം. പക്ഷെ മാഷെ അടുത്തറിയാവുന്ന വ്യക്തി എന്ന നിലയില്‍ എനിക്ക് അതില്‍ അതിശയം തോന്നിയില്ല. കെ കരുണാകരന് ഒരു ക്ഷീണം പറ്റിയപ്പോള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ സ്ഥലം വിട്ട ആളാണ് പുള്ളി. അങ്ങിനെ ഒരാളുടെ കൈയ്യില്‍ നിന്ന് ഇതല്ലേ പ്രതീക്ഷിക്കാന്‍ പറ്റു അല്ലെ? നിങ്ങളൊക്കെ എന്ത് പറയുന്നു? അദ്ദേഹം എത്ര പെന്‍ഷന്‍ വാങ്ങുന്നു. അത് പോലും കോണ്‍ഗ്രസ് പാര്‍ട്ടി അല്ലെ അദ്ദേഹത്തിന് കൊടുത്തത്? അത് എങ്കിലും അദ്ദേഹം ഓര്‍ക്കണ്ടേ? ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയാം. 30 കൊല്ലം ഈ മണ്ഡലത്തില്‍ താമസിച്ച വ്യക്തി എന്ന നിലയില്‍ എനിക്ക് ഇവിടത്തെ ആളുകളുടെ മനസ്സറിയാം. അത് യൂഡിഎഫിന് ഒപ്പമാണ് .ഇനിയും കുറെ കാര്യങ്ങള്‍ മാഷോട് ചോദിക്കാനുണ്ട്.

STORY HIGHLIGHTS: Padmaja Venugopal against KV Thomas who decided to go for campaigning for LDF in Thrikkakara by election

Next Story

Popular Stories