Top

'കാലുവാരല്‍, വെട്ടിനിരത്തല്‍, മോഹനവാഗ്ദാനങ്ങള്‍'; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പത്മജ രംഗത്ത്

തമ്മിലുള്ള വഴക്കും കടിപിടിയും ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് തൃശൂരെന്നും പത്മജ.

27 March 2022 10:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാലുവാരല്‍, വെട്ടിനിരത്തല്‍, മോഹനവാഗ്ദാനങ്ങള്‍; കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പത്മജ രംഗത്ത്
X

കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വീണ്ടും പത്മജ വേണുഗോപാല്‍ രംഗത്ത്. താന്‍ കുട്ടിക്കാലത്ത് കണ്ട കോണ്‍ഗ്രസ് അല്ല ഇന്നത്തേതെന്നും സ്വന്തം കാര്യത്തിനാണ് പലര്‍ക്കും പ്രാമുഖ്യമെന്നും പത്മജ പറഞ്ഞു.

മറ്റൊരാളെ വെട്ടി എങ്ങനെ ഉയരാമെന്ന ചിന്തയാണ് ഭൂരിഭാഗം പേര്‍ക്കും. മോഹന വാഗ്ദാനങ്ങള്‍ വാരിക്കോരി നല്‍കുന്ന നേതാക്കളും പലരെയും വഴിതെറ്റിക്കുന്നതില്‍ പങ്ക് വഹിക്കുന്നുണ്ടെന്ന് മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തില്‍ പത്മജ പറഞ്ഞു.

''സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ പിന്നെ തനിക്ക് രക്ഷയില്ലല്ലോ എന്നാണ് വാഗ്ദാനം വാങ്ങി ഇരിക്കുന്നവരുടെ ചിന്ത. അപ്പോള്‍ തോല്‍പ്പിക്കാന്‍ നോക്കുക തന്നെ. അങ്ങനെ കാലു വാരി കാലു വാരി പാര്‍ട്ടി എവിടെ എത്തിയെന്ന് എല്ലാവരും ചിന്തിക്കണം.''-പത്മജ പറഞ്ഞു. ദേശീയ തലത്തിലെ തിരിച്ചടികള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും പത്മജ പറഞ്ഞു.

തൃശൂരില്‍ ശക്തമായ നേതൃത്വം വരണമെന്നും പത്മജ പറഞ്ഞു. തമ്മിലുള്ള വഴക്കും കടിപിടിയും ഏറ്റവും കൂടുതലുള്ള ജില്ലകളില്‍ ഒന്നാണ് തൃശൂരെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

''നമുക്ക് രാഷ്ട്രീയ പ്രവര്‍ത്തനം വേണ്ട എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സ്ഥാനാര്‍ഥിയുടെ ടെന്‍ഷന്‍ കാലുവാരുന്നവര്‍ക്ക് അറിയുമോ? നമ്മളെ തോല്‍പിക്കുന്നത് നമ്മള്‍ തന്നെയാണ്. തൃശൂരില്‍ ശക്തമായ നേതൃത്വം വന്നേ തീരൂ. തൃശൂരില്‍ സുരേഷ് ഗോപിയെ പോലെ ഒരാള്‍ ബിജെപി സ്ഥാനാര്‍ഥിയായി വന്നിട്ടും ചെറിയ വോട്ടിനല്ലേ ഞാന്‍ തോറ്റത്. അതു നിസ്സാര കാര്യമല്ല.''

''ജനങ്ങള്‍ എന്നെ മനസ്സിലാക്കിത്തുടങ്ങി എന്നാണ് അതിന് അര്‍ഥം. പക്ഷേ നേതാക്കന്മാരുടെ രീതി മാറാതെ രക്ഷയില്ല. വെറും 940 വോട്ടിനാണ് തോറ്റത്. പക്ഷേ ചില നേതാക്കള്‍ക്ക് ചില ലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ തോല്‍പിക്കാന്‍ അവര്‍ കൂട്ടുനിന്നു. അത് ആരെല്ലാം ആണെന്നും എന്തൊക്കെയാണ് അവര്‍ ചെയ്തതെന്നും എനിക്ക് വ്യക്തമായി അറിയാം. വിശ്വസിക്കുന്നവര്‍ ചതിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന വേദന വലുതാണ്.''-പത്മജ അഭിമുഖത്തില്‍ പറഞ്ഞു.

Next Story