Top

'20 വര്‍ഷം എംഎല്‍എ ആയതുകൊണ്ട് മഹാനായെന്ന് ധരിക്കരുത്'; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി റിയാസ്

''സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കൊതുകു കടിയുടെ വേദന പോലും സതീശന് അനുഭവിക്കേണ്ടി വന്നിട്ടില്ല.''

8 Aug 2022 11:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

20 വര്‍ഷം എംഎല്‍എ ആയതുകൊണ്ട് മഹാനായെന്ന് ധരിക്കരുത്; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി റിയാസ്
X

റോഡുകളില്‍ കുഴികള്‍ സംബന്ധിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വീണ്ടും മന്ത്രി മുഹമ്മദ് റിയാസ്. ദേശീയപാതകള്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലാണെന്നും അറ്റകുറ്റ പണികളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും പ്രതിപക്ഷ നേതാവിന് അറിയാം. എന്നാല്‍ അദ്ദേഹം സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെയോ ദേശീയപാത അതോറിറ്റിയോ വിമര്‍ശിക്കേണ്ട ഇടത്ത് എന്തിനാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നതെന്നും വിഡി സതീശനോട് മന്ത്രി റിയാസ് ചോദിച്ചു.

റോഡുകളിലെ അറ്റകുറ്റ പണികള്‍ സംബന്ധിച്ച് നാട്ടിലെ കരാറുകാര്‍ മുഴുവന്‍ മോശമാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും കരാറുകാരെ തെറ്റിദ്ധരിപ്പിക്കാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

''ദേശീയപാതകള്‍ ദേശീയപാത അതോറിറ്റിക്ക് കീഴിലാണെന്നും അറ്റകുറ്റ പണികളുടെ ഉത്തരവാദിത്വം അവര്‍ക്കാണെന്നും പ്രതിപക്ഷ നേതാവിന് അറിയാം. എന്നാല്‍ അദ്ദേഹം പറയുന്നത്, ദേശീയപാത അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും തുല്യ ഉത്തരവാദികളാണെന്നാണ്. ഇതൊരു പ്രതിപക്ഷ നേതാവ് പറയേണ്ടതാണോ. അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ എംഎല്‍എ തന്നെ ദേശീയപാത അതോറിറ്റിക്കെതിരെ സംസാരിക്കുന്നത് കണ്ടതാണ്. കേന്ദ്രസര്‍ക്കാരിനെയോ ദേശീയപാത അതോറിറ്റിയോ വിമര്‍ശിക്കേണ്ട ഇടത്ത് എന്തിനാണ് സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുന്നത്.''

''പിഡബ്ല്യൂഡിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പിഡബ്ല്യൂഡിയെ വിമര്‍ശിക്കട്ടേ. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കട്ടെ. എന്നാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കേണ്ട വിഷയത്തില്‍ അതില്‍ കക്ഷി പോലുമല്ലാത്ത പിഡബ്ല്യൂഡിയെ കൊണ്ടുവരുന്നത് എന്തിനാണ്. ബിജെപി നേതാവ് എംടി രമേശ് പ്രതിപക്ഷ നേതാവ് പറഞ്ഞ അതേ വാദമാണ് ഏറ്റുപിടിച്ചത്. കേന്ദ്രസര്‍ക്കാരിന് വക്കാലത്ത് പിടിക്കാന്‍ എംടി രമേശ് തയ്യാറാകുന്നത് മനസിലാക്കാം. പക്ഷെ പ്രതിപക്ഷ നേതാവ് എന്തിന് തയ്യാറാകുന്നു.''-മന്ത്രി ചോദിച്ചു.

''20 വര്‍ഷം എംഎല്‍എയായത് കൊണ്ട് ഞാനാണ് മഹാന്‍ എന്ന് ധരിക്കരുത്. എംഎല്‍എ ആയി ഇരുന്നതാണ് മാത്രമാണോ അനുഭവങ്ങളുടെ അളവുകോല്‍. സംസാരം കേട്ടാല്‍ അദ്ദേഹം മാത്രം വിവരമുള്ളയാള്‍ എന്നാണ് ധാരണ. സാമൂഹ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു കൊതുകു കടിയുടെ വേദന പോലും സതീശന് അനുഭവിക്കേണ്ടി വന്നിട്ടില്ല.''

''പ്രതിപക്ഷ നേതാവിന് സര്‍ക്കാരിനെയും മന്ത്രിമാരെയും വിമര്‍ശിക്കാം. പക്ഷെ അവാസ്തവമായി പറഞ്ഞാല്‍ വസ്തുത ബോധ്യപ്പെടുത്താന്‍ മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവകാശമുണ്ട്. റോഡുകളില്‍ കുഴികളുണ്ട്. അതൊരു യാഥാര്‍ത്ഥ്യമാണ്. ഭൂരിപക്ഷം റോഡുകളും നല്ലതാണ്. പക്ഷെ കുഴികളുണ്ട്. അത് പരിഹരിക്കപ്പെടണം. നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. പ്രതിപക്ഷ നേതാവും അതിന് തയ്യാറാകണം. വെറുതെ വര്‍ത്തമാനം പറഞ്ഞ് ഞാന്‍ മാത്രമാണ് കേമനെന്ന് പറഞ്ഞ് പോയാല്‍ കേട്ടിരിക്കാന്‍ എല്ലാവരെയും കിട്ടില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്.''-മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

Next Story