Top

'മികച്ച പാര്‍ലമെന്റേറിയനും സംഘാടകനും ആവാനാവുക ചിലര്‍ക്ക് മാത്രം, അവരിലൊരാളാണ് കോടിയേരി': പിഎ മുഹമ്മദ് റിയാസ്

മനുഷ്യനന്മയ്ക്കുവേണ്ടി ഒത്തുകൂടുന്ന സംഘടന-രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരായ മനുഷ്യരുമൊക്കെ പിന്തുടരുന്ന ഒരു പേരുകൂടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തിത്വം തന്റെ നാടിന്റെ പേരിനെ അങ്ങനെകൂടി ആക്കിത്തീര്‍ക്കുകയായിരുന്നു.

2 Oct 2022 7:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മികച്ച പാര്‍ലമെന്റേറിയനും  സംഘാടകനും ആവാനാവുക ചിലര്‍ക്ക് മാത്രം, അവരിലൊരാളാണ് കോടിയേരി: പിഎ മുഹമ്മദ് റിയാസ്
X

കൊച്ചി: അന്തരിച്ച മുതിര്‍ന്ന നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുശോചിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന പേരും വ്യക്തിത്വവും നേതൃത്വവും പാര്‍ട്ടിയുടെ മുന്നോട്ടുള്ള പാതയില്‍ കരുത്തും ഊര്‍ജ്ജവുമാണെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. മികച്ച സംഘാടകന് മികച്ച പാര്‍ലമെന്റേറിയനാകുക വളരെ എളുപ്പമാണ്. പക്ഷേ, മികച്ച പാര്‍ലമെന്റേറിയന് തന്റെ പ്രസ്ഥാനത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നനിലയില്‍ ഒരു സംഘാടകനാകുക അത്രത്തോളം എളുപ്പമായെന്നുവരില്ല. സംഘടനയെ നല്ല നിലയില്‍ മുന്നോട്ടുനയിക്കാന്‍ സാധിച്ചവര്‍ വളരെ പെട്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഭരണാധികാരികള്‍കൂടി ആയതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ എന്ന് റിയാസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

'കോടിയേരി''....

ഒരു നാടിന്റെ പേരായിരുന്നു...

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കിലെ ഒരു ഗ്രാമത്തിന്റെ പേര്.

ഇപ്പോഴത്, മനുഷ്യനന്മയ്ക്കുവേണ്ടി ഒത്തുകൂടുന്ന സംഘടന-രാഷ്ട്രീയപ്പാര്‍ട്ടി പ്രവര്‍ത്തകരും സാധാരണക്കാരായ മനുഷ്യരുമൊക്കെ പിന്തുടരുന്ന ഒരു പേരുകൂടിയാണ്. കോടിയേരി ബാലകൃഷ്ണന്‍ എന്ന വ്യക്തിത്വം തന്റെ നാടിന്റെ പേരിനെ അങ്ങനെകൂടി ആക്കിത്തീര്‍ക്കുകയായിരുന്നു.

സഖാവിനോട് ഒരുകാര്യം പോയി പറഞ്ഞാല്‍ അതേപ്പറ്റി അദ്ദേഹത്തിന് നമ്മളേക്കാള്‍ ആഴത്തില്‍ അറിവുണ്ടായിരിക്കും; എന്നാലും പുതിയ ഒരു വാര്‍ത്ത കേള്‍ക്കുന്നതുപോലെ സഖാവ് അതുകേള്‍ക്കും, ചില സംശയങ്ങള്‍ നമ്മളോടു ചോദിക്കും. മറുപടിയായി പുഞ്ചിരിയില്‍പൊതിഞ്ഞ രണ്ടോമൂന്നോ വാക്കുകള്‍... അദ്ദേഹത്തെ ചെന്നു കാണുന്നവര്‍ സന്തോഷത്തോടെ തിരിച്ചുപോകും.

അദ്ദേഹവുമായി അടുത്തിടപഴകാന്‍ ഒട്ടേറെ അവസരങ്ങള്‍ എനിക്കു ലഭിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയാകുമ്പോഴും സംസ്ഥാന കേന്ദ്രത്തിലും അഖിലേന്ത്യാതലത്തിലും പ്രവര്‍ത്തിക്കുമ്പോഴുമൊക്കെയുള്ള ഒരുപാടനുഭവങ്ങള്‍, സംഘടനാപരവും വ്യക്തിപരവുമായ അനവധി ഇടപഴകലുകള്‍.... സംഘടനാതലത്തില്‍ അദ്ദേഹം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നും ഞങ്ങള്‍ക്കു കരുത്തായിരുന്നു.

മികച്ച സംഘാടകന്‍, പ്രഭാഷകന്‍, ഭരണാധികാരി... കോടിയേരി ബാലകൃഷ്ണനെ വിശേഷിപ്പിക്കാന്‍ വാക്കുകളേറെയാണ്. മികച്ച സംഘാടകന് മികച്ച പാര്‍ലമെന്റേറിയനാകുക വളരെ എളുപ്പമാണ്. പക്ഷേ,മികച്ച പാര്‍ലമെന്റേറിയന് തന്റെ പ്രസ്ഥാനത്തെ വളര്‍ത്തുവാന്‍ സഹായിക്കുന്നനിലയില്‍ ഒരു സംഘാടകനാകുക അത്രത്തോളം എളുപ്പമായെന്നുവരില്ല. സംഘടനയെ നല്ല നിലയില്‍ മുന്നോട്ടുനയിക്കാന്‍ സാധിച്ചവര്‍ വളരെ പെട്ടെന്ന് ജനങ്ങള്‍ അംഗീകരിക്കുന്ന മികച്ച ഭരണാധികാരികള്‍കൂടി ആയതിന് നിരവധി ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. അവരിലൊരാളാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍.

കേരളത്തിലെ ഓരോ കേഡറിനേയും കുറിച്ച് അദ്ദേഹത്തിനുള്ള ധാരണ അപാരമാണ്. ഏതൊരു രാഷ്ട്രീയനേതാവിനും പിന്തുടരാവുന്ന മാതൃകയാണത്. ചരിത്രത്തിലാദ്യമായി ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന്റെ പല കാരണങ്ങളില്‍ മുഖ്യമായ ഒന്ന് പാര്‍ട്ടിയ്ക്കും സര്‍ക്കാരിനുമിടയിലുള്ള അദ്ദേഹത്തിന്റെ മികച്ച ഏകോപനമായിരുന്നു. പ്രകടനപത്രികയിലെ കാര്യങ്ങള്‍ നടപ്പാക്കുകവഴി പാര്‍ട്ടി ഉദ്ദേശിച്ചത് സര്‍ക്കാരും, സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക വഴി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് പാര്‍ട്ടിയും ഭംഗിയായി നടപ്പിലാക്കിയ കാലഘട്ടമാണ് 2016-2021.

സര്‍ക്കാരിനെ നയിക്കുന്ന പിണറായിയും പാര്‍ട്ടിയെ നയിക്കുന്ന കോടിയേരിയും ഒരു ഹൈ-കോംപിനേഷനായിരുന്നു. (HIGH COMBINATION)

പത്രസമ്മേളനങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ദേഹത്തിന്റെ രീതി ഏതൊരു രാഷ്ട്രീയപ്രവര്‍ത്തകനും പഠിക്കാവുന്ന പാഠപുസ്തകമാണ്. അവസാന പത്രസമ്മേളനത്തില്‍ അദ്ദേഹത്തെ കണ്ടപ്പോള്‍ ഹൃദയംപൊട്ടിയെ ഒരുപാടു പേരുണ്ടായിരുന്നു. പക്ഷേ, അവിടെയും അദ്ദേഹം പുലര്‍ത്തിയ സമചിത്തത സമാനതകളില്ലാത്തതാണ്.

ഒരു സിനിമയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടുവന്ന ചോദ്യത്തിന് അദ്ദേഹം എന്റെ പേരുകൂടി പരാമര്‍ശിച്ചുകൊണ്ടായിരുന്നു അന്ന് മറുപടി പറഞ്ഞത്. ഞാന്‍ നേരത്തേ ആ വിഷയത്തില്‍ നടത്തിയ പ്രതികരണത്തെ പിന്തുണച്ചുകൊണ്ടായിരുന്നു അത്. അതിനുശേഷം അദ്ദേഹവുമായി ഫോണില്‍ സംസാരിച്ചപ്പോള്‍, വിവാദത്തിലേക്കു വഴുതിവീഴാമായിരുന്ന ആ വിഷയത്തില്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളും അതേപ്പറ്റി മനസ്സിലാക്കി നടത്തിയ പ്രതികരണങ്ങളുമെല്ലാം എന്നെ അത്ഭുതപ്പെടുത്തുകതന്നെ ചെയ്തു.

മന്ത്രിയായി ചുമതലയേറ്റശേഷം പലകാര്യങ്ങളും അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നു. 2006ലെ സര്‍ക്കാരില്‍ ടൂറിസം മന്ത്രിയെന്ന നിലയില്‍ അദ്ദേഹം ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിരുന്നു. ടൂറിസത്തെപ്പറ്റി അദ്ദേഹത്തിന് നല്ല കാഴ്ചപ്പാടുണ്ടായിരുന്നു. ഈ സര്‍ക്കാരില്‍ ടൂറിസം വകുപ്പിന്റെ ചുമതലയേല്‍ക്കുമ്പോള്‍ ആ കാഴ്ചപ്പാടുകളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും വകുപ്പിനും കേരളത്തിന്റെ വിനോദസഞ്ചാരമേഖലയ്ക്കും മുതല്‍ക്കൂട്ടാകാന്‍ പര്യാപ്തമാണെന്നത് മനസ്സിലാക്കാനായി.

കോടിയേരി ബാലകൃഷ്ണന്‍ എന്ന പേര്, ആ വ്യക്തിത്വം, പക്വമായ ആ നേതൃത്വം... പാര്‍ട്ടിയുടെ മുന്നോട്ടുള്ള പാതയില്‍ ഞങ്ങള്‍ക്കൊക്കെ കരുത്തായും ഊര്‍ജ്ജമായും അതെന്നുമുണ്ടാകും. എഴുതാനേറെയുണ്ട്. ഇപ്പോള്‍ അതു മുഴുവനും എഴുതാനാകുന്ന അവസ്ഥയിലല്ല. മറ്റൊരവസരത്തില്‍ എഴുതാം, വിശദമായിത്തന്നെ, സഖാവിനെപ്പറ്റി.

ലാല്‍സലാം സഖാവേ...

Next Story

Popular Stories