Top

'മര്‍ദ്ദിച്ചെന്ന് ദീപു പോലും പറഞ്ഞിട്ടില്ല, രണ്ട് ദിവസം പരാതിയുമില്ല'; ട്വന്റി ട്വന്റിയുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് പി.വി ശ്രീനിജന്‍

''ട്വന്റി ട്വന്റി പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ വസ്തുത പുറത്തുവരുന്നത് വരെ സത്യമാണെന്ന് വിശ്വസിക്കരുത്''

18 Feb 2022 10:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മര്‍ദ്ദിച്ചെന്ന് ദീപു പോലും പറഞ്ഞിട്ടില്ല, രണ്ട് ദിവസം പരാതിയുമില്ല; ട്വന്റി ട്വന്റിയുടേത് രാഷ്ട്രീയ മുതലെടുപ്പെന്ന് പി.വി ശ്രീനിജന്‍
X

ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണത്തിന് പിന്നാലെ തനിക്ക് നേരെ ഉയര്‍ന്നത് വ്യാജ ആരോപണങ്ങളാണെന്ന് കുന്നത്ത്‌നാട് എംഎല്‍എ പി.വി ശ്രീനിജന്‍.സംഭവത്തില്‍ ട്വന്റി ട്വന്റി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മര്‍ദ്ദിച്ചെന്ന വിവരം മരിച്ച ദീപു പോലും ഉന്നയിച്ചിട്ടില്ലെന്ന് പി.വി ശ്രീനിജന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരുമ്പോള്‍ വസ്തുതകള്‍ എല്ലാവര്‍ക്കും മനസിലാകുമെന്നും ശ്രീനിജന്‍ വ്യക്തമാക്കി.

ശ്രീനിജന്‍ പറഞ്ഞത്: ''സംഭവത്തിലെ വസ്തുതകള്‍ എല്ലാവരും മനസിലാക്കണം. പ്രദേശത്ത് സാബു ജേക്കബ് നടത്തിയ അനധികൃത പണപ്പിരിവിനെതിരെ നിലപാട് സ്വീകരിച്ചതിന്റെ പേരിലാണ് ട്വന്റി ട്വന്റി എനിക്കെതിരെ തിരിഞ്ഞത്. ആരോപിക്കുന്നത് പോലെ മര്‍ദനമേറ്റാണ് മരിച്ചതെങ്കില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പടണം. ഇപ്പോള്‍ നടക്കുന്നത് മരണത്തിന്റെ ഉത്തരവാദിത്വം സിപിഐഎമ്മിന്റെയും എന്റെയും തലയില്‍ കെട്ടിവയ്ക്കാനുള്ള ശ്രമമാണ്.''

''ട്വന്റി ട്വന്റി വാര്‍ഡ് മെമ്പറാണ് ദീപുവിന് മര്‍ദ്ദനമേറ്റെന്ന കാര്യം പറഞ്ഞത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. എന്നാല്‍ തിങ്കളാഴ്ച വരെ ഒരു പരാതിയും നല്‍കിയിട്ടില്ലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇങ്ങനെയൊരു ആരോപണം ദീപു പോലും പറഞ്ഞിട്ടില്ല. ഞാനും സംഭവം അറിയുന്നത് പരാതിക്ക് ശേഷമാണ്. ട്വന്റി ട്വന്റി പ്രചരിപ്പിക്കുന്ന അസത്യങ്ങള്‍ വസ്തുത പുറത്തുവരുന്നത് വരെ സത്യമാണെന്ന് വിശ്വസിക്കരുത്. അല്ലാതെ ആരുടെയും തലയില്‍ കെട്ടി വയ്ക്കാന്‍ പാടില്ല. വിഷയം ട്വന്റി ട്വന്റി രാഷ്ട്രീയ ആയുധമാക്കുകയാണ്. സംഭവത്തില്‍ എന്ത് അന്വേഷണവും നടക്കട്ടെ. സ്വാഗതം ചെയ്യുന്നു.''

Next Story

Popular Stories