Top

'ആത്മകഥ പ്രസിദ്ധീകരിക്കരുത്; അഞ്ച് ദിവസത്തിനുള്ളില്‍ 50 ലക്ഷം തരണം': ടിക്കാറാം മീണയ്ക്ക് പി ശശിയുടെ നോട്ടീസ്

അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് പരാമര്‍ശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് പി ശശി.

1 May 2022 1:26 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആത്മകഥ പ്രസിദ്ധീകരിക്കരുത്; അഞ്ച് ദിവസത്തിനുള്ളില്‍ 50 ലക്ഷം തരണം: ടിക്കാറാം മീണയ്ക്ക് പി ശശിയുടെ നോട്ടീസ്
X

തിരുവനന്തപുരം: മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ ആത്മകഥയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി ശശിയുടെ വക്കീല്‍ നോട്ടീസ്. ആത്മകഥയിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ടിക്കാറാം മീണ നിരുപാധികം മാപ്പ് പറയണം. അല്ലെങ്കില്‍ നോട്ടീസ് ലഭിച്ച് അഞ്ച് ദിവസത്തിനുള്ളില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് പി ശശി ആവശ്യപ്പെട്ടിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങള്‍ അടങ്ങിയ ആത്മകഥ പ്രസിദ്ധീകരിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ആത്മകഥയിലൂടെ മീണ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ആരോപണങ്ങളില്‍ തനിക്കൊരു ബന്ധവുമില്ല. അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണ് പരാമര്‍ശങ്ങള്‍ ആത്മകഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ പബ്ലിസിറ്റിക്ക് വേണ്ടിയാണിതെന്നും പി ശശി നോട്ടീസില്‍ ചൂണ്ടിക്കാണിച്ചു. അഡ്വ. കെ.വിശ്വന്‍ മുഖാന്തരമാണ് പി.ശശി വക്കീല്‍ നോട്ടീസ് അയച്ചത്.

ഇ.കെ നായനാരുടെ ഭരണകാലത്ത് നേരിട്ട അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഭാഗത്താണ് പി ശശിക്കെതിരെ ടിക്കാറാം മീണ പരാമര്‍ശങ്ങള്‍ നടത്തിയത്. തൃശൂര്‍ കലക്ടറായിരുന്നപ്പോള്‍ വ്യാജ കള്ള് നിര്‍മാതാക്കള്‍ക്കെതിരെ നടപടി സ്വീകരിച്ചു. അതിനു പിന്നാലെ സ്ഥലംമാറ്റം വന്നതിന് പിന്നില്‍ ഇകെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയാണെന്ന് ടിക്കാറാം മീണയുടെ ആത്മകഥയില്‍ ആരോപിച്ചു. സ്ഥലം മാറി പോയപ്പോഴും പ്രതികാര നടപടി തുടര്‍ന്നു. വയനാട് കളക്ടറായിരിക്കെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നിലും പി ശശിയാണെന്നും മീണ ആത്മകഥയില്‍ പറയുന്നു. പല കാര്യങ്ങളിലും പാര്‍ട്ടിയെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ പി ശശി വിജയിച്ചിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.

'തോല്‍ക്കില്ല ഞാന്‍' എന്ന പേരിലെഴുതിയ പുസ്തകം ഡിസി ബുക്ക്‌സാണ് പ്രസിദ്ധീകരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരത്ത് വച്ചാണ് പ്രകാശനം.

ടിക്കാറാം മീണയുടെ ആത്മകഥയിലെ പ്രസക്തഭാഗങ്ങള്‍:

ചാരായ നിരോധനത്തിന്റെ ബാക്കി പത്രമായി കേരളത്തില്‍ അങ്ങോളമിങ്ങോളം ഉയര്‍ന്നുവന്ന വ്യാജ കള്ള് നിര്‍മ്മാണം വാര്‍ത്തകളില്‍ ഇടംപിടിച്ച ഘട്ടം കൂടിയായിരുന്നു അത്. വ്യാജലഹരി പാനീയ നിര്‍മ്മിതിയുടെ പ്രധാന കേന്ദ്രം തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളാണെന്ന് മനസ്സിലാക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നില്ല. പ്രമുഖരായ അബ്കാരി കരാറുകാരുടെ മേല്‍നോട്ടത്തിലാണ് തെങ്ങില്‍ നിന്ന് സ്വാഭാവിക രീതിയില്‍ ചെത്തിയെടുക്കുന്ന കള്ള് രൂപമാറ്റം വരുത്തി കൃത്രിമമായി ഉണ്ടാക്കിയത്. പഞ്ചസാരയും മാരക വിഷാംശമുള്ള രാസ പദാര്‍ത്ഥങ്ങളും ഡയസിപാം, ആനമയക്കി ഉള്‍പ്പെടെയുള്ള ലഹരിമരുന്നും ഉപയോഗിച്ചാണ് വ്യാജമായി കള്ള് ഉത്പാദിപ്പിക്കുന്നതെന്ന് മനസിലാക്കാന്‍ ഇത് സംബന്ധിച്ച് ലഭിച്ച നിരവധി പരാതികളില്‍ നിന്ന് എനിക്ക് കഴിഞ്ഞു.

മദ്യനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന പ്രമുഖരായ വ്യാപാരികളെ നേരിട്ട് ടെലിഫോണ്‍ ചെയ്ത് താക്കീത് നല്‍കി. ശക്തമായ രാഷ്ട്രീയ സ്വാധീനമാണ് ഇവരില്‍ പലര്‍ക്കും ഉണ്ടായിരുന്നത്. പ്രധാന ഭരണകക്ഷിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഇവര്‍ എന്റെ മുന്നറിയിപ്പിനെ പുച്ഛിച്ച് തള്ളി.

നിശ്ചയിച്ച പ്രകാരം അതീവ രഹസ്യമായി ആസൂത്രണം ചെയ്ത പരിശോധന നാലിടങ്ങളില്‍ നടന്നു. ഏതാണ്ട് ഒന്നര ലക്ഷം ലിറ്ററിലധികം വ്യാജകള്ള് പിടികൂടി. ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ ഏറ്റവും പ്രമുഖനായ മദ്യവ്യാപാരി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചില രാഷ്ട്രീയ സമുദായ നേതൃത്വവുമായി അടുപ്പമുള്ള ഈ അബ്കാരി കരാറുകാരന് മന്ത്രിയുമായി അടുത്ത ബന്ധമുണ്ട്. ഇതിനിടെ ഇയാള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് വിവരം മണത്തറിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളാണെന്നും ഞാന്‍ കണ്ടെത്തി. റെയ്ഡ് പൂര്‍ത്തിയാക്കി അധികം വൈകുന്നതിന് മുന്‍പ് മന്ത്രി എന്ന നിലയില്‍ വിവരങ്ങള്‍ ധരിപ്പിക്കാത്തതില്‍ അദ്ദേഹം പരിഭവം പ്രകടിപ്പിച്ചു.

കസ്റ്റഡിയില്‍ എടുത്തവരെ ഇതികനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഭരണതലത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഭവം വലിയ ചര്‍ച്ചയ്ക്ക് ഇടയാക്കി. രാത്രിയില്‍ മുഖ്യമന്ത്രി എന്നെ നേരിട്ട് ഫോണില്‍ വിളിച്ചു. 'എന്താടോ ഈ കാണിക്കുന്നത്' അദ്ദേഹത്തിന്റെ ചോദ്യത്തിന് വിശദമായിത്തന്നെ മറുപടി നല്‍കി. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പദവിക്ക് അധികാരമുണ്ടെന്നും ആരുടേയും അനുമതി ആവശ്യമില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. സര്‍ക്കാരിന്റെ മുഖം മിനുക്കി ഛായ വര്‍ദ്ധിപ്പിക്കുകയാണ് നടപടിയിലൂടെ ഉദ്ദേശിച്ചതെന്ന് ഞാന്‍ വിശദമാക്കി. 'നിങ്ങള്‍ ഇനിയും മുന്നോട്ട് പോകരുത്. നടപടികളെല്ലാം നിര്‍ത്തിവെക്കണം.' അദ്ദേഹം ആജ്ഞാരൂപത്തില്‍ പറഞ്ഞു. നിയമം നിയമത്തിന്റെ വഴിയില്‍ പോവട്ടെ, നോക്കാം എന്നായിരുന്നു ഇതിനുള്ള എന്റെ ഉത്തരം.

അയല്‍ സംസ്ഥാനത്തേക്ക് രക്ഷപ്പെട്ട് ഒളിവില്‍ കഴിഞ്ഞിരുന്ന മദ്യവ്യാപാരി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടങ്ങി. രണ്ട് മാസം കഴിഞ്ഞ് അയാള്‍ പൊലീസിന് മുന്നില്‍ കീഴടങ്ങി. കോടതി അയാളെ റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് അയച്ചു.

ജില്ലാ പൊലീസ് സൂപ്രണ്ടിന് മേല്‍ സമ്മര്‍ദ്ദം മുറുക്കുകയായിരുന്നു കേസ് അട്ടിമറിക്കാനുള്ള എളുപ്പ വഴിയെന്ന് മനസിലാക്കിയവര്‍ അതിന് ശ്രമിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന വ്യക്തിയാണ് തലസ്ഥാനത്ത് ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത്. പാര്‍ട്ടിയെത്തന്നെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. വ്യാജമദ്യക്കേസ് പ്രതിയുടെ ജയില്‍ വാസം പ്രധാന ഭരണകക്ഷിക്ക് വലിയ ക്ഷീണമുണ്ടാക്കി.

വിവാദമദ്യവില്‍പനക്കാരനില്‍ നിന്ന അവസാനഘട്ട നികുതി കുടിശ്ശിക ഈടാക്കുന്നതിനായി അദ്ദേഹത്തിന്റെ വസ്തുവകകള്‍ ലേലം ചെയ്യുന്നതിനുള്ള തീയതി ഉറപ്പിക്കുന്ന ഉത്തരവ് ഞാന്‍ തയ്യാറാക്കി. ലേലത്തീയതിയുടെ തൊട്ട് മുന്‍ദിവസം തൃശൂര്‍ ജില്ലാ കളക്ടറായുള്ള സേവനം അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവാണ് എന്നെ തേടിയെത്തിയത്. വയനാട് ജില്ലാ കളക്ടറായാണ് എന്റെ നിയമനം.

ഭൂരഹിതരും ഭവനരഹിതരുമായ ഗോത്ര വര്‍ഗക്കാരുടെ മുഖ്യപ്രശ്‌നങ്ങള്‍ പരിഹിക്കുന്നതിനായി ജില്ലാപഞ്ചായത്ത് നടപ്പാക്കിയ ഭവന പദ്ധതി സര്‍വ്വീസിലെ ആദ്യ സസ്‌പെന്‍ഷന് കാരണമായി. ആസൂത്രണ നടത്തിപ്പുകളുടെ ചുമതല പഞ്ചായത്തിനായിരുന്നെങ്കിലും അദ്ധ്യക്ഷനെന്ന നിലയില്‍ കുറ്റങ്ങള്‍ എന്റെ മേല്‍ ചുമത്തപ്പെട്ടു. രണ്ട് കോടി രൂപ നിശ്ചയിച്ചതില്‍ ഒരു കോടി സര്‍ക്കാര്‍ അനുവദിച്ചു. നിര്‍മ്മിതി കേന്ദ്രത്തിന് കൈമാറിയ തുക ബാങ്കുകളില്‍ സൂക്ഷിക്കാനാണ് തീരുമാനിച്ചത്. പകുതി തുക എസ്ബിഐയിലും പകുതി സഹകരണബാങ്കിലും നിക്ഷേപിക്കാന്‍ ഔദ്യോഗിക തീരുമാനമെടുത്തു. നിര്‍മ്മിതി കേന്ദ്ര സെക്രട്ടറി മാനന്തവാടി സബ്കളക്ടറാണ്. ഭവന നിര്‍മ്മാണത്തിനുള്ള പണം സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചു എന്നാണ് ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്നത്. എന്റെ കഴുത്തിന് പാകമായ കുരുക്ക് മുറുക്ക് കാത്തിരുന്നവര്‍ക്ക് കൈ വന്ന അവസരമായിരുന്നു ഇത്. സര്‍വ്വ കുറ്റങ്ങളും എന്റെ മേല്‍ ചാര്‍ത്തപ്പെട്ടു. എന്റെ രക്തത്തിന് വേണ്ടി തക്കം പാര്‍ത്തിരുന്നവര്‍ക്ക് ലഭിച്ച അപൂര്‍വ്വ അവസരമായിരുന്നു ഇതെന്ന് തിരിച്ചറിയാന്‍ അധികം വൈകിയില്ല.

എനിക്ക് സസ്‌പെന്‍ഷന്‍ വിധിക്കുന്നതിനുള്ള ആലോചനാ യോഗം തലസ്ഥാനത്ത് നടന്നു. സര്‍ക്കാരിന്റെ ധനകാര്യ സംവിധാനങ്ങള്‍ക്കെതിരായാണ് വിനിമയം നടന്നതെന്ന കുറ്റമാണ് മുഖ്യമായും ചാര്‍ത്തിയത്. സര്‍ക്കാരിന് നഷ്ടമൊന്നും ഉണ്ടായില്ലെന്ന വാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയ്യാറായില്ല. പഞ്ചായത്ത് രാജ് സംവിധാനത്തിനെതിരെയുള്ള നീക്കമായാണ് പ്രസ്തുത സംഭവത്തെ ഒരു നേതാവ് വിലയിരുത്തിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ വിശദീകരണമാണ് ഈ നിലപാടില്‍ എത്തിച്ചത്. സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പുവെച്ചതിന് ശേഷമാണ് മന്ത്രിസഭാ യോഗത്തിന് വന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രധാന മറുപടി.


Next Story