Top

പി ശശി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒറ്റപേര്

18 April 2022 12:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി ശശി; സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ഒറ്റപേര്
X

തിരുവന്തപുരം: തിങ്കളാഴ്ച നടന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നത് പി ശശിയുടെ പേര് മാത്രം. മറ്റൊരു പേരും ചര്‍ച്ചയില്‍ വരാത്തതിനാല്‍ പി ശശി തന്നെ പൊളിറ്റിക്കല്‍ സെക്രട്ടറിയാവാനാണ് സാധ്യത.

അവയ്‌ലബിള്‍ പിബി ചേരുന്നുണ്ട്. ഈ യോഗത്തില്‍ മറ്റൊരു പേര് വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ മാറ്റം വരാനുള്ള സാധ്യത വിരളമായെങ്കിലും ഉള്ളൂ. സംസ്ഥാന സമിതി യോഗത്തിലും ഇക്കാര്യത്തില്‍ ചര്‍ച്ച നടക്കും.

നിലവില്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന് ദേശാഭിമാനിയുടെ ചുമതല നല്‍കാനുള്ള ആലോചനകള്‍ വന്നതോടെയാണ് പി ശശിയെ പരിഗണിക്കുന്നത്.

നിലവില്‍ ദേശാഭിമാനിയുടെ പത്രാധിപ സ്ഥാനം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയില്‍ കോടിയേരി ബാലകൃഷ്ണനാണ്. പാര്‍ട്ടി സംഘടന തിരക്കുകള്‍ക്കിടയില്‍ സെക്രട്ടറിക്ക് പത്രത്തിന്റെ ദൈനംദിന ചുമതല നിര്‍വഹിക്കാന്‍ പൂര്‍ണ്ണമായും കഴിയാത്തതിനാല്‍ മുഴുവന്‍ സമയ പത്രാധിപരെ നിയമിക്കാനാണ് ആലോചിക്കുന്നത്. ഈ സ്ഥാനത്തേക്കാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കൂടിയായ പുത്തലത്ത് ദിനേശനെ പരിഗണിക്കുന്നത്.

രണ്ടാം തവണയാണ് പി ശശി പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്കെത്തുന്നത്. ഇകെ നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശശി മുന്‍പ് പൊളിറ്റിക്കല്‍ സെക്രട്ടറി ആയിരുന്നത്.

നേരത്തെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 2011ല്‍ സദാചാര ലംഘന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്തായിരുന്നു. 2016ല്‍ ലൈംഗിക പീഡന കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് 2018ലാണ് സിപിഐഎമ്മിലേക്ക് തിരിച്ചെത്തിയത്. 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മറ്റിയിലെത്തിയ ശശി കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന സമിതിയിലേക്ക് മടങ്ങി വന്നത്.

Next Story