Top

'പ്രതിഷേധം നടത്തുന്നത് ഒരു ചെറുപ്പക്കാരന്റെ കൊലയെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചവര്‍'; പി രാജീവ്

'പ്രതിഷേധം നടത്തുന്നത് ഒരു ചെറുപ്പക്കാരന്റെ കൊലയെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചവര്‍'

15 July 2022 5:05 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിഷേധം നടത്തുന്നത് ഒരു ചെറുപ്പക്കാരന്റെ കൊലയെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചവര്‍; പി രാജീവ്
X

തിരുവനന്തപുരം: എം എം മണിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധം നടത്തുന്നത് ഒരു ചെറുപ്പക്കാരന്റെ കൊലയെ 'ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന്' ന്യായീകരിച്ചവരാണെന്ന് മന്ത്രി പി രാജീവ്. കെ കെ രമയ്‌ക്കെതിരായ എം എം മണിയുടെ വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം നടക്കുമ്പോഴായിരുന്നു പി രാജീവിന്റെ പ്രതികരണം.

'ഒരു കോളേജ് വിദ്യാര്‍ത്ഥിയായ ചെറുപ്പക്കാരന്റെ കൊലപാതകത്തെ ഇരന്നുവാങ്ങിയ രക്തസാക്ഷിത്വമെന്ന് ന്യായീകരിച്ചരാണ് ഇവിടെയിരുന്ന് ഇങ്ങനെ പറയുന്നത്', പി രാജീവ് പറഞ്ഞു. സഭയില്‍ നടന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍, സഭയ്ക്ക് പുറത്ത് നടന്ന കാര്യത്തിലല്ലല്ലോ തീരുമാനമെടുക്കേണ്ടതെന്നായിരുന്നു പി രാജീവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ മറുപടി.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. എംഎം മണിയുടെ ക്രൂരമായ വാക്കുകള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് നിയമസഭയില്‍ ആവശ്യപ്പെട്ടതെന്ന് സഭയ്ക്ക് പുറത്തിറങ്ങിയ ശേഷം വി ഡി സതീശന്‍ പ്രതികരിച്ചു. 'എം എം മണിയുടെ പരാമര്‍ശത്തിന് ശേഷം സംസാരിച്ച മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് മാത്രമല്ല, ന്യായീകരിക്കുകയാണ് ചെയ്തതെന്ന് സതീശന്‍ ആരോപിച്ചു. ക്രൂരമായ പ്രതികരണമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായത്. കൊന്നിട്ടും പകതീരാതെ നില്‍ക്കുകയാണ് ഇവരുടെ എല്ലാവരുടെയും മനസ്. ടിപി ചന്ദ്രശേഖരനെ 51 വെട്ടുവെട്ടി കൊന്നിട്ടും, അദ്ദേഹത്തിന്റെ വിധവയായ കെ കെ രമയെ പുറകെ നടന്ന് വേട്ടയാടുകയാണ് സിപിഐഎം. അവര്‍ വിധവയായത് അവരുടെ വിധിയെന്നാണ് പറയുന്നത്. ഏത് വിധിയാണ് ഇവര്‍ വിശ്വസിക്കുന്നത്, ഇത് വിധിയാണ് അത് പാര്‍ട്ടി കോണ്‍ഗ്രസ് നടപ്പാക്കിയ വിധിയാണ്. ആ പാര്‍ട്ടി കോടതിയില്‍ വിധി പ്രഖ്യാപനം നടത്തിയ ജഡ്ജി ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ടിപി ചന്ദ്രശേഖരനെ ക്രൂരമായി കൊല്ലാനുള്ള വിധിയുണ്ടായത്. ചോരയുടെ കറ ഇപ്പോഴും കൈകളിലുണ്ട്.

കേരളത്തില്‍ വിധവകളെ ഉണ്ടാക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. എത്രയോ കുടുംബങ്ങളില്‍ അനാഥരായ കുഞ്ഞുങ്ങളെ സൃഷ്ടിച്ചവരാണ് ഇവര്‍. നിയമസഭയുടെ പവിത്രമായ അകത്തളങ്ങളില്‍ വന്ന്, ക്രൂരപരാമര്‍ശം നടത്തി, സ്ത്രീത്വത്തെ മുഴുവന്‍ അപമാനിക്കുന്ന പരാമര്‍ശം നടത്തി, ഭൂരിപക്ഷത്തിന്റെ ഹുങ്കില്‍ വീണ്ടും അതിനെ ന്യായീകരിക്കുന്ന ദൗര്‍ഭാഗ്യകരമായ കാഴ്ചയാണ് നമ്മള്‍ കണ്ടത്. ഇതിനെതിരായി കേരളത്തിന്റെ മനസാക്ഷി പ്രതികരിക്കും എന്നതില്‍ സംശയം വേണ്ട', വി ഡി സതീശന്‍ പ്രതികരിച്ചു.

Story Highlights: P Rajeev Response In Assembly On MM Mani's Comment

Next Story