Top

ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് പി രാജീവ്; സിപിഐ വിമര്‍ശനത്തിനും മറുപടി

ഇതിനിടെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി

27 Jan 2022 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകായുക്ത ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് പി രാജീവ്; സിപിഐ വിമര്‍ശനത്തിനും മറുപടി
X

ലോകായുക്ത നിയമത്തില്‍ ഭേദഗതി വരുത്തണമെങ്കില്‍ രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്ന് നിയമമന്ത്രി പി രാജീവ്. അനുമതി വേണമെന്ന പ്രതിപക്ഷവാദം ഉന്നയിക്കുന്നവര്‍ 2013 ന് മുമ്പ് ജീവിക്കുന്നവരാണെന്നും പി രാജീവ് വിശദീകരിച്ചു. 2013 ലാണ് മൂന്ന് പാര്‍ട്ടുകളായി പാര്‍ലമെന്റില്‍ ലോക്പാല്‍ ബില്‍ പാസാക്കിയത്. നിയമഭേദഗതി ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ അധികാരമാണന്നും അതില്‍ ഗവര്‍ണര്‍ക്ക് തീരുമാനമെടുക്കാമെന്നും പി രാജീവ് പറഞ്ഞു.

ഓര്‍ഡിനന്‍സിനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനത്തോടും മന്ത്രി പി രാജീവ് പ്രതികരിച്ചു. മന്ത്രിസഭയില്‍ വിശദമായി ചര്‍ച്ച നടന്നിട്ടുണ്ടെന്നും ശേഷമെടുത്ത കൂട്ടായ തീരുമാനമാണിതെന്ന് റവന്യൂ മന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഇതിനിടെ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന ആവശ്യവുമായി പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണ്ണറുമായി കൂടിക്കാഴ്ച നടത്തി. നിയമവശങ്ങള്‍ പരിശോധിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ലോകായുക്തയുടെ പല്ലും നഖവും ഒടിക്കുന്നതാണ് ഓര്‍ഡിനന്‍സെന്നും സതീശന്‍ വിമര്‍ശിച്ചു. നിയമപരമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഓര്‍ഡിനന്‍സില്‍ ഒപ്പ് വയ്ക്കരുതെന്ന് നേതാക്കള്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്. അനുകൂല മറുപടിയാണ് ഉണ്ടായതെന്ന് കൂടിക്കാഴ്ചക്ക് ശേഷം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു.

Next Story