Top

റെഡ് ക്രോസ് കാണുമ്പോള്‍ ഹാലിളകുന്നത് എന്തിനെന്ന് പി രാജീവ്; സിപിഐഎമ്മില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിന്റെ പ്രശ്‌നങ്ങളെന്ന് വി ഡി സതീശന്‍

8 May 2022 10:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റെഡ് ക്രോസ് കാണുമ്പോള്‍ ഹാലിളകുന്നത് എന്തിനെന്ന് പി രാജീവ്; സിപിഐഎമ്മില്‍ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിന്റെ പ്രശ്‌നങ്ങളെന്ന് വി ഡി സതീശന്‍
X

തൃക്കാക്കര: തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തേച്ചൊല്ലി ഇരു മുന്നണികള്‍ക്കുമിടയിലുണ്ടായ വാക് പോര് തുടരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിര വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി രാജീവ് രംഗത്തെത്തി. ഡോ. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന വേദിയിലെ പശ്ചാത്തലത്തിലുള്ളത് മതചിഹ്നമായ കുരിശ് അല്ലെന്നും ആശുപത്രിയുടെ ചിഹ്നമായ റെഡ് ക്രോസ് ആണെന്നും പി രാജീവ് പറഞ്ഞു.

'ആശുപത്രിയുടെ ചിഹ്നം, ഒരു ക്രോസ് ഉണ്ട് അതിനകത്ത്. ആ കുരിശ് റെഡ് ക്രോസിന്റേതാണ്. നാലു വശവും ഒരേ പോലുള്ളതാണ്. വേറൊരു കുരിശുണ്ട് അതൊരു മതചിഹ്നമാണ്. അതില്‍ ഒരു ഭാഗം താഴോട്ട് നീളും. റെഡ് ക്രോസ് കാണുമ്പോഴേക്കും ഹാലിളകുന്ന അവസ്ഥയിലേക്ക് എങ്ങനെയാണ് പ്രതിപക്ഷ നേതാവെത്തിയത്. മതത്തേയും വിശ്വാസത്തേയും ഇതിനകത്തേക്ക് വലിച്ചിഴയ്ക്കാനും അതിന്റെ പേരില്‍ ചില വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനും നടത്തിയ ശ്രമം, അത് അവസാനിപ്പിക്കാന്‍ യുഡിഎഫ് തയ്യാറാകണം,' പി രാജീവ് പ്രതികരിച്ചു.

സിപിഐഎമ്മിനകത്തെ പ്രശ്‌നങ്ങള്‍ മൂടിവെയ്ക്കാന്‍ യുഡിഎഫിനെതിരെ തിരിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. സഭ എന്ന വാക്ക് യുഡിഎഫ് നേതാക്കള്‍ ആരും പ്രയോഗിച്ചിട്ടുപോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

'ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റി, ഏക കണ്ഠമായി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയുടെ തലയ്ക്ക് മീതെ പി രാജീവിന്റെ സ്ഥാനാര്‍ത്ഥിയെ കെട്ടിയിറക്കിയതിന്റെ പ്രശ്‌നങ്ങള്‍ സിപിഐഎമ്മില്‍ നടക്കുകയാണ്. അതില്‍ നിന്നും മറപിടിക്കാന്‍ വേണ്ടിയാണ്. സഭ എന്നൊരു വാക്ക് ഏതെങ്കിലുമൊരു യുഡിഎഫ് നേതാവ് ഉന്നയിച്ചിട്ടുണ്ടോ. എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? സഭയെ ഇതിലേക്ക് വലിച്ചിഴച്ചത് രാജീവല്ലേ. സഭയുടെ ഒരു സ്ഥാപനത്തില്‍ പോയി സഭയുടെ ഒരു ചിഹ്നമുള്ള ബാക് ഡ്രോപ്പിന്റെ മുന്നിലിരുത്തി പത്രസമ്മേളനം നടത്തിയത് രാജീവല്ലേ?,' പ്രതിപക്ഷ നേതാവ് ചോദിച്ചു.

STORY HIGHLIGHTS: P Rajeev and VD Satheeshan word fight over candidature of Jo Joseph

Next Story