Top

'സ്റ്റീഫന്‍ ജോണ്‍, ഗീത തോമസ്, ഞാന്‍ ആനങ്ങാടന്‍'; ജോ ജോസഫിന്റെ പേരില്‍ വീഡിയോ പ്രചരിപ്പിച്ച 'കോണ്‍ഗ്രസ് പോരാളി'കളെക്കുറിച്ച് രാജീവും സ്വരാജും

''ഇത്തരത്തിലുള്ള കൂട്ടത്തെ തീറ്റി പോറ്റുകയാണ് കോണ്‍ഗ്രസ്. നെറിക്കെട്ട പ്രചരണത്തില്‍ നിന്ന് പിന്‍മാറണം.''

25 May 2022 2:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്റ്റീഫന്‍ ജോണ്‍, ഗീത തോമസ്, ഞാന്‍ ആനങ്ങാടന്‍; ജോ ജോസഫിന്റെ പേരില്‍ വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പോരാളികളെക്കുറിച്ച് രാജീവും സ്വരാജും
X

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കോണ്‍ഗ്രസിന്റെ സൈബര്‍ പ്രവര്‍ത്തകരുടെ പേര് ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങളും പുറത്തുവിട്ട് പി രാജീവും എം സ്വരാജും. സ്റ്റീഫന്‍ ജോണ്‍, ഗീത തോമസ്, ഞാന്‍ ആനങ്ങാടന്‍, നൗഫല്‍ പാലപ്പുറശേരി തുടങ്ങിയവരാണ് ജോ ജോസഫിന്റെ പേരില്‍ അശ്ലീലവീഡിയ പ്രചരിപ്പിക്കുന്നതെന്ന് എം സ്വരാജ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു വീഡിയോയാണ് ജോ ജോസഫിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് നേതൃത്വം സൈബര്‍ ക്രിമിനലുകളെ തീറ്റിപോറ്റുകയാണ്. ഇവരെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് വിനിയോഗിക്കുന്നത്. ഒരു പാര്‍ട്ടിയും സ്വീകരിക്കാന്‍ പാടില്ലാത്ത രാഷ്ട്രീയപ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നേതാക്കളുടെ അറിവോടെ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇത് കക്ഷി രാഷ്ട്രീയത്തിന് അതീതമായി എതിര്‍ക്കപ്പെടേണ്ടതാണ്. പരാജയ ഭീതിയില്‍ നിന്നാണ് തെറ്റായതും നിലവാരമില്ലാത്തതുമായ ഇത്തരം ക്യാമ്പയിന് യുഡിഎഫ് നേതൃത്വം നല്‍കുന്നതെന്ന് പി രാജീവും എം സ്വരാജും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പി രാജീവ് പറഞ്ഞത്: ''രാഷ്ട്രീയവും വികസനപ്രശ്‌നങ്ങളും ജനങ്ങള്‍ക്കും വോട്ടര്‍മാര്‍ക്കും മുന്നില്‍ അവതരിപ്പിക്കാനാണ് ഇടതുപക്ഷ മുന്നണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരിക്കലും മറ്റ് രീതിയിലുള്ള പ്രചരണങ്ങള്‍ എല്‍ഡിഎഫ് നടത്തിയിട്ടില്ല. എന്നാല്‍ വളരെ തെറ്റായ രീതിയിലാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണം കൈകാര്യം ചെയ്യുന്നത്. അനാവശ്യവിവാദങ്ങള്‍ സൃഷ്ടിച്ച് പണം നല്‍കി വോട്ട് ചോദിക്കല്‍ തുടങ്ങിയ രീതികളാണ് അവര്‍ നടത്തിയത്. എന്നാല്‍ അവര്‍ ചെയ്തിട്ടുള്ളത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തനങ്ങളാണ്.''

''ഒരു അശ്ലീലവീഡിയോ കോണ്‍ഗ്രസിലെ പ്രധാനപ്പെട്ട ആളുകളുടെ കവര്‍ ചിത്രമുള്ള പേജുകളില്‍ ആദ്യം പോസ്റ്റ് ചെയ്തു. ഇത് ആരാണെന്ന് അറിയാമോ എന്ന ചോദ്യത്തോടെയാണ് പോസ്റ്റ് ചെയ്തത്. അതിന് ശേഷം തൃക്കാക്കരയില്‍ സിപിഐഎമ്മിന് പറ്റിയ സ്ഥാനാര്‍ത്ഥിയാണ്, സ്ഥാനാര്‍ത്ഥി നായകനാകുന്ന വീഡിയോ എന്ന പേരില്‍ ആ വീഡിയോ വ്യാപകമായി പ്രചരിപ്പിച്ചു. അതീവഗൗരവമുള്ള സംഗതിയാണ്. ഏതോ ഒരു വീഡിയോ എടുത്ത് അത് സ്ഥാനാര്‍ത്ഥിയുടേതാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുകയാണ്.''

''ഒരു പാര്‍ട്ടിയും കാണിക്കാത്ത മോശപ്പെട്ട പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തുന്നത്. വിഷയത്തില്‍ എം സ്വരാജ് ഡിജിപിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നല്‍കിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്നുണ്ട്. ഇന്നലെ നോക്കുമ്പോള്‍ വന്‍രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്. മോശപ്പെട്ട ആക്രമണമാണ് നടത്തുന്നത്. പരാജയഭീതിയില്‍ നിന്ന് ഉടലെടുത്തതാണ് ഇത്തരം ഹീനമായ പ്രവര്‍ത്തി. ഇത്തരം പ്രവണതകള്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണം. കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്നവരുടെ അറിവോടെയായിരിക്കും പ്രചരണം. ഗൗരവത്തോടെയാണ് കാണുന്നത്. ഇങ്ങനെയല്ലാ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടതും തെരഞ്ഞെടുപ്പിനെ നേരിടേണ്ടതും. നേതൃത്വത്തിന്റെ അറിവില്ലാതെ ഇത്രയും വ്യാപകമായി ഇത് പ്രചരിക്കില്ല.''

എം സ്വരാജ് പറഞ്ഞത്: ''യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ നിന്ന് എതിര്‍പ്പാണ് ഉയര്‍ന്നത്. ഒരു കാര്യം നിങ്ങള്‍ ശ്രദ്ധിച്ച് കാണും, ആ സമയം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഒര് വാക്ക് പോലും പറഞ്ഞിട്ടില്ല. ഇത് ഞങ്ങള്‍ക്ക് ആര്‍ക്കും ഒന്നും പറയാന്‍ അറിയാത്തത് കൊണ്ട് അല്ല. രാഷ്ട്രീയമര്യാദയാണ് ഇടതുപക്ഷം കാഴ്ചവച്ചത്. അതിര്‍വരമ്പ് ലംഘിക്കുന്ന ഒരു വാക്ക് പോലും എല്‍ഡിഎഫ് ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. അന്തസോടെ എങ്ങനെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്നാണ് ഞങ്ങള്‍ കാണിച്ചുകൊടുക്കുന്നത്.''

''ഇതിനിടയാണ് ഈ വിഷയമുണ്ടായത്. ഒരു കൂട്ടം സൈബര്‍ ക്രിമിനലുകളെ കോണ്‍ഗ്രസ് തീറ്റി പോറ്റുകയാണ്. പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കുന്നത് ഈ സൈബര്‍ ക്രിമിനലുകളാണ്. നേതാക്കളുടെ ശബ്ദം കൂടിയാണ് ഇവര്‍. സുധീരന്‍ ഒരിക്കല്‍ പറഞ്ഞു, എന്തെങ്കിലും അഭിപ്രായം പറഞ്ഞ് പോയാല്‍ ഭീഷണിയും തെറിവിളികളുമായി പാഞ്ഞടുക്കുകയാണ് ഇവര്‍. ഈ വിഭാഗത്തെയാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നത്.''

''എല്‍ഡിഎഫിന് ലഭിക്കുന്ന ജനസ്വീകാര്യത കണ്ടിട്ടാണ് ആര്‍ക്കും അംഗീകരിക്കാന്‍ സാധിക്കാത്ത നെറിക്കെട്ട പ്രചരണം യുഡിഎഫ് നടത്തുന്നത്. കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോയുള്ള പേജില്‍ നിന്നാണ് അശ്ലീല വീഡിയോ പ്രചരിച്ചത്. ആദ്യം ശ്രദ്ധയില്‍പ്പെട്ടത് സ്റ്റീഫന്‍ ജോണ്‍ എന്ന പേരിലുള്ള എഫ്ബി അക്കൗണ്ടാണ്. കണ്ടാല്‍ അറിയാം, സുധാകരനിസം എന്നാണ്. ഏത് സംസ്‌കാരത്തിന്റെ ഭാഗമാണിതെന്ന് സ്വയം വിശദീകരിക്കുകയാണ്. കെപിസിസി അധ്യക്ഷന്റെ ചിത്രവുമുണ്ട്. ഇത് അദ്ദേഹം ക്രീയേറ്റ് ചെയ്ത പേജാണെന്ന് ഞങ്ങള്‍ പറയുന്നില്ല. മറ്റൊന്ന്, ഗീത പി തോമസ് എന്നൊരു പേജ്. ഈ പേജും സമാനമാണ്. ഇതില്‍ മുന്‍പ് പോസ്റ്റ് ചെയ്തതെല്ലാം സിപിഐഎമ്മിനെയും ഇടതുപക്ഷത്തെയും അധിക്ഷേപിക്കുന്ന പോസ്റ്റുകളാണ്. മറ്റൊരു പേജ് ഞാന്‍ ആനങ്ങാടന്‍ എന്നാണ്. യൂത്ത് വര്‍ക്കര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്നാണ് അതില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അദ്ദേഹം പറയുകയാണ്, ക്ലിപ് ഞാന്‍ കണ്ടു, സംശയമില്ല ഡോക്ടര്‍ സഖാവ് തന്നെ. കുറച്ച് കഴിഞ്ഞപ്പോള്‍ മറ്റൊരാള്‍ അതിന്റെ അടിയില്‍ പറയുകയാണ്, പ്രിയ കോണ്‍ഗ്രസ് സൈബര്‍ പോരാളികളെ, ക്ലിപ്പ് പ്രചാരണത്തില്‍ നിന്ന എല്ലാവരും പിന്‍മാറുക. നൗഫല്‍ പാലപ്പുറശേരി എന്നയാളാണ് കമന്റിട്ടത്.''

''ഇത്തരത്തിലുള്ള കൂട്ടത്തെ തീറ്റി പോറ്റുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഇത്തരം നെറിക്കെട്ട പ്രചരണത്തില്‍ നിന്ന് പിന്‍മാറണം. നാട് ഇത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തണം. നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.''

Next Story