Top

'ഫലപ്രദമായ സന്ദര്‍ശനങ്ങള്‍, കൂടിക്കാഴ്ചകള്‍'; വിദേശയാത്രകള്‍ ദിവസവും സമയവും അടക്കം വിവരിച്ച് മന്ത്രി രാജീവ്

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ വിശദീകരിച്ച മുഖ്യമന്ത്രി എന്‍ജിഐയുടെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു

12 Oct 2022 5:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫലപ്രദമായ സന്ദര്‍ശനങ്ങള്‍, കൂടിക്കാഴ്ചകള്‍; വിദേശയാത്രകള്‍ ദിവസവും സമയവും അടക്കം വിവരിച്ച് മന്ത്രി രാജീവ്
X

'ഒക്ടോബര്‍ നാലിനു പുലര്‍ച്ചേ 3.55 നായിരുന്നു ഓസ്ലയിലേക്കുള്ള വിമാനം. ഉച്ചക്ക് രണ്ടരയോടെ അവിടെ വിമാനമിറങ്ങി നേരേ ഹോട്ടലിലേക്ക്. നാലു മണിയോടെ ചെക്ക് ഇന്‍ കഴിഞ്ഞു. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ അംബാസഡറുടെ അത്താഴ വിരുന്നും വിശദമായ ചര്‍ച്ചയും. അഞ്ചിന് രാവിലെ പത്തു മണിക്ക് നോര്‍വ്വേയിലെ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി മന്ത്രിയുമായുള്ള ചര്‍ച്ച നടത്തി', രാജീവ് തുടര്‍ന്നു

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

വിദേശ പര്യടനം കഴിഞ്ഞ കുറിപ്പാണ്. ഓരോ പരിപാടിയും വിശദമായി എഴുതാതെ തന്നെ ദീര്‍ഘമാണീ കുറിപ്പ്. ഓരോ ദിവസവും ഇങ്ങനെയൊന്ന് എഴുതണമെന്ന് കരുതിയിരുന്നതാണ്. പക്ഷേ, സമയം കിട്ടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ലണ്ടനില്‍ നിന്നും ഖത്തറിലേക്കുള്ള വിമാനയാത്രയിലാണ് ഈ കുറിപ്പ് എഴുതുന്നത്.

പാര്‍ലമെണ്ട് അംഗമായിരിക്കുന്ന ഘട്ടത്തില്‍ നിരവധി ഡെലിഗേഷന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ സന്ദര്‍ഭം ലഭിച്ചിട്ടുണ്ട്. ഇത്തവണ സന്ദര്‍ശിച്ച നോര്‍വ്വേ ഉള്‍പ്പെടെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍ സ്പീക്കറുടെ നേതൃത്വത്തിലുള്ള പാര്‍ലമെണ്ട് ഡെലിഗേഷന്റെ ഭാഗമായി സന്ദര്‍ശിച്ചിട്ടുണ്ട്. കോമണ്‍വെത്ത് പാര്‍ലമെണ്ടറി സംവിധാനത്തിന്റെ ഭാഗമായും സന്ദര്‍ശിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും സ്പീക്കറും ഉള്‍പ്പടെയുള്ളവര്‍ നയിച്ച പാര്‍ലമെണ്ടറി സംഘത്തിന്റെ ഭാഗമാകാന്‍ പലപ്പോഴും അവസരം ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രഭാത നടത്തിനിടയിലോ രാത്രിയിലോ അല്ലാതെ ഒരു നഗരവും വെറുതെ കാണാന്‍ ഇറങ്ങി നടക്കാനോ വിശ്രമിക്കാനോ സമയമില്ലാത്ത ഇത്രയും വലരശേര ആയ ഒരു സന്ദര്‍ശന പരിപാടി ആദ്യമായാണ്.

ഒക്ടോബര്‍ നാലിനു പുലര്‍ച്ചേ 3.55 നായിരുന്നു ഓസ്ലയിലേക്കുള്ള വിമാനം. ഉച്ചക്ക് രണ്ടരയോടെ അവിടെ വിമാനമിറങ്ങി നേരേ ഹോട്ടലിലേക്ക്. നാലു മണിയോടെ ചെക്ക് ഇന്‍ കഴിഞ്ഞു. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ അംബാസഡറുടെ അത്താഴ വിരുന്നും വിശദമായ ചര്‍ച്ചയും. അഞ്ചിന് രാവിലെ പത്തു മണിക്ക് നോര്‍വ്വേയിലെ ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ പോളിസി മന്ത്രിയുമായുള്ള ചര്‍ച്ച നടത്തി.

1952 ലെ നീണ്ടക്കരയിലെ ഇന്ത്യന്‍ നോര്‍വ്വീജിയന്‍ പദ്ധതി മുതല്‍ മത്സ്യ രംഗത്തുള്ള സഹകരണം മുതല്‍ ആധുനിക മീന്‍ വളര്‍ത്തല്‍, മത്സ്യ ബന്ധനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടു. കടലിനുള്ളില്‍ മത്സ്യം ടണലുകളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് വളര്‍ത്തുന്നതിലും ആഴക്കടല്‍ മത്സ്യ ബന്ധനത്തിന് അത്യാധുനിക എ ഐ സംവിധാനം ഉള്‍പ്പെടെ ഉപയോഗിക്കുന്നതിലും സഹകരിക്കാമെന്ന് അവര്‍ വ്യക്തമാക്കി.

ഉച്ചക്ക് 12.30നാണ് ഹോട്ടലില്‍ തിരിച്ച് എത്തിയത്. അവിടെ വെച്ച് ഫിഷറീസിലെ യുഎന്‍ കണ്‍സള്‍ട്ടന്റ് എറിക് ഹെംപലുമായി ചര്‍ച്ച നടത്തി. ഫിഷറീസ് മന്ത്രിയും വൈസ് ചാന്‍സലറും ഉള്‍പ്പെടെയുള്ളവര്‍ ഒന്നിച്ചിരുന്ന് പ്രവര്‍ത്തന പദ്ധതി തയ്യാറാക്കി. നോര്‍വ്വേയിലെ വിദഗ്ദരേയും സംരംഭകരേയും പങ്കെടുപ്പിച്ച് കേരളത്തില്‍ വര്‍ക് ഷോപ് നടത്താനും നിശ്ചയിച്ചു.

ഉച്ചക്ക് രണ്ടിന് ഹോട്ടലില്‍ നിന്നും നോര്‍വ്വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പുറപ്പെട്ടു. നാലു മണി വരെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെലവഴിച്ചു. പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, തുരങ്കപ്പാത നിര്‍മ്മാണം, തീര രോഷണം എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താല്‍പര്യം പ്രകടിപ്പിച്ചു. ഏഴു കിലോമീറ്റര്‍ അടിയിലെ പാറയുടെ സ്വഭാവത്തെ മനസ്സിലാക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് ലഡാക്കില്‍ ഉപയോഗിക്കുന്നത്. നോര്‍വ്വേയില്‍ നൂറുകണക്കിന് തുരങ്ക പാതകളുണ്ട്. 23 കിലോമീറ്റര്‍ നീളമുള്ളതും വിവിധ പാതകള്‍ ചേരുന്ന റൗണ്ടുകള്‍ ഉള്‍പ്പെടെയുള്ള തുരങ്കപ്പാത വരെയുണ്ട്.

കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളെ വിശദീകരിച്ച മുഖ്യമന്ത്രി എന്‍ജിഐയുടെ പദ്ധതികള്‍ കേരളത്തിനു സഹായകരമാകുമെന്ന് അഭിപ്രായപ്പെട്ടു. പ്രളയ മാപ്പിങ്ങിലും ആവശ്യമായ സാങ്കേതിക ഉപദേശം നല്‍കാമെന്ന് എന്‍ജിഐ വ്യക്തമാക്കി. വിദഗ്ദരുടെ കേരള സന്ദര്‍ശനത്തിനു ശേഷം സര്‍വ്വകലാശാലകളും ഗവേഷണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കാര്യം പരിഗണിക്കാമെന്നും ഡൊമനിക് ലെയ്ന്‍ വ്യക്തമാക്കി. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആസൂത്രണ ബോര്‍ഡിനെ ചുമതലപ്പെടുത്തി.

നാലരയോടെ നോബല്‍ പീസ് സെന്റര്‍ സന്ദര്‍ശിച്ച് എക്‌സികൂട്ടിവ് ഡയറക്ടറുമായി ചര്‍ച്ച നടത്തി. ബജറ്റില്‍ പ്രഖ്യാപിച്ച ലോക സമാധാന സമ്മേളനത്തിന്റെ സംഘാടനത്തില്‍ സഹകരിക്കുന്നത് പരിഗണിക്കാമെന്ന് അവര്‍ വ്യക്തമാക്കി. അഞ്ചര മണിക്ക് സെയ്‌ന്റോ സി ഇ ഒ ഓസ്വാള്‍ഡ് ബെജലണ്ടുമായി ചര്‍ച്ച നടത്തി. അംബാസഡറും ചര്‍ച്ചയില്‍ പങ്കെടുത്തു. നോര്‍വ്വീജിയന്‍ കമ്പനികള്‍ക്ക് കേരളത്തിലുള്ള നിക്ഷേപ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ജനുവരിയില്‍ അദ്ദേഹം കേരളത്തില്‍ വരാമെന്നും സമ്മതിച്ചു.

ആറു മണി മുതല്‍ നിക്ഷേപ സംഗമത്തില്‍ പങ്കെടുത്തു. ഇന്നോവേഷന്‍ നോര്‍വ്വേ, നോര്‍വ്വേ ഇന്ത്യ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി, നോര്‍വ്വീജിയന്‍ ബിസിനസ് അസോസിയേഷന്‍ ഇന്ത്യ, എന്നീ സംഘടനകളുമായി ചേര്‍ന്ന് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ നോര്‍വ്വീജിയന്‍ എംബസിയും ചേര്‍ന്നാണ് ബിസിനസ്സ് മീറ്റ് സംഘടിപ്പിച്ചത്. അമ്പത് പ്രധാന കമ്പനികളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ഹൈഡ്രജന്‍ ഇന്ധനം, ഭക്ഷ്യ സംസ്‌കരണം, മത്സ്യമേഖല , ഷിപ്പിംഗ്, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ നോര്‍വ്വീജിയന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. നോര്‍വ്വീജിയന്‍ കമ്പനികളുടെ നിക്ഷേപ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

ഒക്ടോബര്‍ ആറിന് രാവിലെ 9.30ന് ഓര്‍ക്കലെ ബ്രാന്റഡ് കണ്‍സ്യൂമര്‍ ഗുഡ്‌സിന്റെ സിഇഒ ആറ്റ്‌ലെ നെഗ്ല്‍ ജോണ്‍സനുമായി നടത്തിയ ചര്‍ച്ചയില്‍ 150 കോടി രൂപയുടെ തുടര്‍ നിക്ഷേപം നടത്താമെന്ന് ഉറപ്പ് നല്‍കി. 10.15ന് ഹോര്‍ട്ടിലെ ഓസ്‌കോ മറൈനിലേക്ക് പുറപ്പെട്ടു. ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. ഇവര്‍ക്ക് വേണ്ടിയാണ് ലോകത്തെ ആദ്യത്തെ പൂര്‍ണ്ണമായും ഓട്ടോമേറ്റഡായ ഇലക്ട്രിക് ബാര്‍ജര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിച്ച് നല്‍കിയത്. കൊച്ചിയില്‍ ആരംഭിക്കുന്ന മാരിടൈം ക്ലസ്റ്ററില്‍ അവര്‍ സഹകരിക്കാമെന്ന് ഉറപ്പു നല്‍കി. തിരിച്ച് അഞ്ചു മണിയോടെ ഹോട്ടലില്‍ എത്തി.

അഞ്ചര മണിക്ക് മുഖ്യമന്ത്രിയുമായി ഇന്റര്‍നാഷണല്‍ ഫോറത്തിന്റെ പ്രതിനിധിയും ഇന്ത്യയിലെ മുന്‍ നോര്‍വീജിയന്‍ അംബാസഡറായിരുന്ന ആം വാല്‍ത്തറും സംഘവുമായി കുടിക്കാഴ്ച. നോര്‍വ്വേയിലെ മലയാളി സമൂഹവുമായ കൂടിക്കാഴ്ച ഏഴു മണിക്കായിരുന്നു. ഒരു മണിക്കൂര്‍ ഇടവേള ആദ്യമായി കിട്ടി. ഡോക്ടര്‍ വി കെ രാമചന്ദ്രനും ഞാനും തൊട്ടടുത്ത ആര്‍ട്ട് ഗാലറിയില്‍ കഷ്ടി അര മണിക്കൂറിന്റെ ധാരാളിത്തം ! ഏഴു മുതല്‍ ഒമ്പതു വരെ മലയാളി സംഗമം. അങ്ങോട്ട് പോകുന്നതിനിടയില്‍ പാര്‍ലമെണ്ടില്‍ അര മണിക്കൂര്‍. മലയാളി സംഗമം കഴിഞ്ഞ് പത്തു മണിയോടെ ഹോട്ടലില്‍ തിരിച്ചെത്തി.

ഏഴിനു രാവിലെ 8 മണിക്ക് ഓസ്ലെ സെനറ്റര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. അവിടെ നിന്നും ട്രെയിനില്‍ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. 10.40ന് ബെര്‍ഗനിലേക്ക് വിമാനത്തില്‍ പുറപ്പെട്ടു. 12 ന് അവിടെയിറങ്ങി 12.30ക്ക് ഹോട്ടലില്‍ എത്തി. ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ മുഖ്യമന്ത്രിയും സംഘവും നാഷണല്‍ എന്‍വയോണ്‍മെന്റ് ആന്റ് റിമോട്ട് സെന്‍സിംഗ് സെന്ററിലേക്ക് പോയി. ഞാനും വ്യവസായ സെക്രട്ടറിയും ഊര്‍ജ്ജ സെക്രട്ടറിയും കൂടി കോര്‍വസ് എനര്‍ജി ഫാക്ടറി സന്ദര്‍ശിച്ച് സി ഇ ഒ ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തി. രണ്ടും ഫലപ്രദമായ സന്ദര്‍ശനങ്ങള്‍.

4 മണിക്ക് തിരിച്ച് ഹോട്ടലില്‍ വെച്ച് മാരിടൈം മോണ്‍ടറിങ് സി ഇ ഒയുമായി ചര്‍ച്ച നടത്തി. വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായ അവര്‍ കേരളത്തില്‍ ഫാക്ടറി തുടങ്ങാന്‍ ധാരണയായി. തുടര്‍ന്ന് മറ്റ് നിക്ഷേപകരുമായി ഒരു മണിക്കൂര്‍ ചര്‍ച്ച അതു കഴിഞ്ഞ് ബെര്‍ഗനിലെ മലയാളി സമൂഹവുമായ കൂടിക്കാഴ്ച. എട്ടിനു വെളുപ്പിന് നാലര മണിക്ക് എയര്‍പോര്‍ട്ടിലേക്ക് . അവിടെ നിന്നും നേരെ ലണ്ടനിലെ ഗ്ലാഡ് വിക് വിമാനത്താവളത്തിലിറങ്ങി. പത്തര മണിയോടെ ഹോട്ടലില്‍ എത്തി. വൈകീട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷണറുടെ അത്താഴ വിരുന്നും പൊതുവായ കാര്യങ്ങളുടെ വിശദമായ ചര്‍ച്ചയും കഴിഞ്ഞ് പത്തു മണിയോടെ ഹോട്ടലില്‍ എത്തി.

ഒമ്പതിനു രാവിലെ 9.20 മുതല്‍ ലോക കേരളസഭയുടെ യൂറോപ്പ് യു കെ മേഖലാ സമ്മേളനം. ഉദ്ഘാടനവും നല്ല വിഷയാവതരണങ്ങളും 12 പേര്‍ പങ്കെടുത്ത വിഷയാടിസ്ഥാനത്തിലുള്ള ചര്‍ച്ചയും 18 പേര്‍ പങ്കെടുത്ത പൊതു ചര്‍ച്ചയും കഴിഞ്ഞ് മുഖ്യമന്ത്രിയുടെ വിശദമായ മറുപടി. ആരോഗ്യ പ്രവര്‍ത്തകരുടെ റിക്രൂട്ട്‌മെന്റിന് നോര്‍ക്കയുമായ ധാരണാ പത്രവും ഒപ്പുവെച്ചു. അതു കഴിഞ്ഞ് നാലുമണിക്ക് പൊതു സമ്മേളന സ്ഥലത്തേക്ക് ഒന്നര മണിക്കൂര്‍ യാത്ര. ഒമ്പത് മണിയോടെ തിരിച്ച് ഹോട്ടലില്‍ എത്തി.

പിറ്റേന്ന് രാവിലെ ഏഴു മണിക്ക് വെയ്ല്‍സിലേക്ക് പുറപ്പെട്ടു. പതിനൊന്നിന് മുമ്പ് എത്തി നേരെ ഫസ്റ്റ് മിനിസ്റ്ററുമായി കൂടിക്കാഴ്ച. അതു കഴിഞ്ഞ് കാഡ്വിക് സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചറിന്റെ കൊച്ചി പഠനം സംബന്ധിച്ച ചര്‍ച്ചയും കഴിഞ്ഞ് നേരെ വെയ്ല്‍സ് ആരോഗ്യ മന്ത്രിക്കൊപ്പം ഉച്ച ഭക്ഷണത്തോടൊപ്പം ചര്‍ച്ച. മൂന്നു മണിക്ക് തിരിച്ച് ലണ്ടനിലേക്ക്. ഏഴു മണിക്ക് മുമ്പായി ഹോട്ടലില്‍ തിരിച്ചെത്തി. ഏകദേശം ഏഴു മണിക്കൂറോളം റോഡ് യാത്രക്കഴിഞ്ഞ് ഏഴര മണിക്ക് ഗോപി ചന്ദ് ഹിന്ദുജയുമായി കൂടിക്കാഴ്ച. അശോക് ലൈലന്റ് ഇലക്ട്രിക് ബസ് നിര്‍മ്മാണം ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനുവരിയില്‍ അദ്ദേഹം കേരളത്തില്‍ വരാനും ധാരണയായി.

പതിനൊന്നിന് രാവിലെ 9.30ന് യു കെ ആരോഗ്യ മന്ത്രിയുമായി ചര്‍ച്ച. തുടര്‍ന്ന് ലണ്ടന്‍ ലോര്‍ഡ് മേയറുമായി കൂടിക്കാഴ്ച. അതു കഴിഞ്ഞ് ഹൈക്കമ്മീഷനില്‍ വെച്ച് സംരംഭകരുമായി ആശയവിനിമയം. ഹൈക്കമ്മീഷണറും പങ്കെടുത്തു. രണ്ടു മണിയോടെ അതു കഴിഞ്ഞു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി ടീമിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസുമായി ആരോഗ്യ മന്ത്രിയും ബ്രിട്ടീഷ് എഡ്യുക്കേഷന്‍ കൗണ്‍സിലുമായി വിദ്യാഭ്യാസ മന്ത്രിയും ചര്‍ച്ച നടത്തി.

മുഖ്യമന്ത്രിക്കൊപ്പം ഞാനും ഗ്രഫീന്‍ ധാരണാപത്രം ഒപ്പുവെയ്ക്കുന്ന ചടങ്ങില്‍ അതേ സമയം പങ്കെടുത്തു. നാലു ലോകോത്തര സര്‍വ്വകലാശാലകളുമായി ഡിജിറ്റല്‍ സര്‍വ്വകലാശാല ഗ്രഫീന്‍ ധാരണാപത്രം ഒപ്പുവെച്ചത് ചരിത്ര സംഭവമാണ്. അതു കഴിഞ്ഞപ്പോള്‍ അഞ്ചു മണി കഴിഞ്ഞു. 5.20ന് മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് പോയി. ഗ്ലോബ് തിയ്യേറ്ററില്‍ ഒരു നാടകം കാണണമെന്നുണ്ടായിരുന്നു. പക്ഷേ, സമയം അനുവദിച്ചില്ല. 12 ന് വെളുപ്പിന് അഞ്ചു മണിക്ക് ഹിത്രൂ വിമാനത്താവളത്തിലേക്ക്. 31 പരിപാടികള്‍ കഴിഞ്ഞ് കേരളത്തിലേക്ക്.

Story highlights: P Rajeev about foreign visit

Next Story