Top

വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഐഎം; പി ജയരാജനുമായി ഇന്ന് കൂടിക്കാഴ്ച്ച

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി സിപിഐഎം നടത്തിയ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂർണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ നേതാക്കൾക്കെതിരെയുള്ള ആരോപണം

20 Jun 2022 3:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഐഎം; പി ജയരാജനുമായി ഇന്ന് കൂടിക്കാഴ്ച്ച
X

കണ്ണൂർ: പയ്യന്നൂർ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ പൊതു പ്രവർത്തനം അവസാനിപ്പിച്ച വി കുഞ്ഞികൃഷ്ണനെ അനുനയിപ്പിക്കാൻ സിപിഐഎം നീക്കം. പി ജയരാജൻ ഇന്ന് കുഞ്ഞികൃഷ്ണനുമായി ചർച്ച നടത്തിയേക്കും. അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെത്തിക്കണമെന്ന സമ്മർദ്ദം പാർട്ടിക്കുള്ളിൽ ശക്തമായിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് അനുനയനീക്കമെന്നാണ് വിവരം.

കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുത്ത സംഭവത്തിൽ പാർട്ടിക്കെതിരെ ശക്തമായ എതിർപ്പാണ് ഉയർന്നത്. 21 അംഗ ഏരിയ കമ്മിറ്റി യോഗത്തിൽ 16 പേരും വി കുഞ്ഞികൃഷ്ണനെതിരായ നടപടിയെ എതിർത്തിരുന്നു. ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ കമ്മിറ്റികളിലും നടപടിക്കെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിലാണ് നടപടിയുണ്ടായത്. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച തീരുമാനമാണെന്നായിരുന്നു എം വി ജയരാജന്റെ വിശദീകരണം. കുഞ്ഞികൃഷ്ണനെ മാറ്റിയ നടപടിയെടുത്തത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിലെന്നും നേതൃത്വം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പരസ്യ പ്രതികരണത്തിന് തയ്യാറല്ലെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

വി കുഞ്ഞികൃഷ്ണനെതിരായ പാർട്ടി നടപടിയിൽ സോഷ്യൽംമീഡിയ വഴിയും അണികൾ പരസ്യവിയോജിപ്പ് അറിയിച്ചിരുന്നു. സത്യത്തിനായി നിലകൊണ്ട പയ്യന്നൂരിലെ ധീര നേതാവ്, കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുകയെന്ന പാർട്ടി നയം തിരുത്തുക തുടങ്ങിയ പോസ്റ്ററുകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി സിപിഐഎം നടത്തിയ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂർണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്റെ നേതാക്കൾക്കെതിരെയുള്ള ആരോപണം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പിരിച്ചെടുത്ത ഫണ്ടിലും രക്തസാക്ഷി ധനരാജിന്റെ പേരിലുള്ള ഫണ്ടിലും തിരിമറി നടന്നതിന് കുഞ്ഞികൃഷ്ണൻ തെളിവുകൾ ഹാജരാക്കിയിരുന്നു.

സംഭവത്തിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ ജില്ലാ കമ്മിറ്റിയിൽ നിന്നും തരംതാഴ്ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ ടി വിശ്വനാഥൻ, കെ കെ ഗംഗാധരൻ എന്നിവരേയും ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. സിപിഐഎമ്മിൽ പരാതി നൽകിയവർക്കെതിരെ ഇതിന് മുമ്പും നടപടിയെടുത്തിട്ടുണ്ട്.

Story Highlights: P Jayarajan to meet v kunjikrishnan kannur cpim

Next Story