Top

നിയമനത്തേച്ചൊല്ലി തര്‍ക്കം: പി ശശി തെറ്റാവര്‍ത്തിച്ചേക്കുമെന്ന് പി ജയരാജന്‍; ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പറിയിക്കേണ്ടതെന്ന് കോടിയേരി

പി ശശിയുടെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി

19 April 2022 4:20 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നിയമനത്തേച്ചൊല്ലി തര്‍ക്കം: പി ശശി തെറ്റാവര്‍ത്തിച്ചേക്കുമെന്ന് പി ജയരാജന്‍; ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പറിയിക്കേണ്ടതെന്ന് കോടിയേരി
X

തിരുവനന്തപുരം: പി ശശിയെ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കുന്നതിനേച്ചൊല്ലി സിപിഐഎം സംസ്ഥാന സമിതിയോഗത്തില്‍ അഭിപ്രായ ഭിന്നത. നിയമനത്തെ എതിര്‍ത്ത് സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാന്‍ രംഗത്തെത്തി. പി ശശിയുടെ നിയമനത്തില്‍ സൂക്ഷ്മത പുലര്‍ത്തണമായിരുന്നെന്ന് പി ജയരാജന്‍ ചൂണ്ടിക്കാട്ടി. പി ശശി മുന്‍പ് ചെയ്ത തെറ്റ് ആവര്‍ത്തിക്കാന്‍ ഇടയുണ്ടെന്നും മുതിര്‍ന്ന നേതാവ് സൂചിപ്പിച്ചു.

പി ജയരാജന്റെ വിയോജിപ്പില്‍ കോടിയേരി ബാലകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചു. നിയമനം ചര്‍ച്ച ചെയ്യുമ്പോഴല്ല എതിര്‍പ്പ് അറിയിക്കേണ്ടതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി മറുപടി പറഞ്ഞു. സംസ്ഥാന സമിതിയില്‍ അല്ലേ ചര്‍ച്ച ചെയ്യാന്‍ പറ്റൂ എന്ന് പി ജയരാജന്‍ തിരിച്ചടിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലേക്ക് രണ്ടാം ഊഴമാണ് പി ശശിയെ തെരഞ്ഞെടുത്തത്. നേരത്തെ ഇ കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും പി ശശി സേവനം ആനുഷ്ടിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ ദേശാഭിമാനി ചീഫ് എഡിറ്റര്‍ സ്ഥാനത്തേക്കും നിയോഗിക്കപ്പെട്ടിട്ടുണ്ട്.

വലിയ ഒരു ഇടവേളയ്ക്ക് ശേഷമായിരുന്നു പി ശശിയുടെ കടന്നുവരുന്നത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ശശി സദാചാര ലംഘന ആരോപണങ്ങളെത്തുടര്‍ന്ന് 2011ല്‍ പാര്‍ട്ടിക്ക് പുറത്തായതോടെയാണ് നേതൃത്വത്തില്‍ നിന്നും വിട്ട് നിന്നത്. പിന്നീട്, ലൈംഗിക പീഡന കേസില്‍ 2016ല്‍ കോടതി കുറ്റവിമുക്തനാക്കുകയും 2018 ജൂലൈയില്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുകയും ചെയ്യുകയായിരുന്നു. 2019 മാര്‍ച്ചില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി ശശി സിപിഐഎം കണ്ണൂര്‍ ഘടകത്തിലെ ശക്തനായ നേതാക്കളില്‍ ഒരാളായിരുന്നു.

Story highlights: P Jayarajan opposes the appointment of P Sasi as the Chief Minister's Political Secretary

Next Story