Top

'സിപിഐഎം ഉള്ളിടത്തോളം കാലം സംഘികളുടെ അജണ്ട നടപ്പാവില്ല'; തലശ്ശേരി കലാപം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍

'കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിത്'

2 Dec 2021 4:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിപിഐഎം ഉള്ളിടത്തോളം കാലം സംഘികളുടെ അജണ്ട നടപ്പാവില്ല; തലശ്ശേരി കലാപം ഓര്‍മ്മിപ്പിച്ച് പി ജയരാജന്‍
X

കണ്ണൂർ തലശ്ശേരിയിൽ ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ പരിപാടിക്കിടെ ബിജെപി പ്രവർത്തകർ മുഴക്കിയ വിദ്വേഷ മുദ്രാവാക്യമുയർത്തിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് പി ജയരാജന്‍. എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് ഓര്‍ക്കണമെന്നും പി ജയരാജന്‍ പറഞ്ഞു.

ഇത്തരം ഭീഷണികള്‍ക്ക് മുന്‍പ് തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണമെന്നായിരുന്നു തലശ്ശേരി കലാപത്തെ പരാമർശിച്ചുകൊണ്ടുള്ള ജയരാജന്റെ പ്രതികരണം. അതേസമയം, പള്ളികള്‍ രാഷ്ട്രീയ പ്രചാരവേലയ്ക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികള്‍ക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും അദ്ദേഹം വിമർശിച്ചു.

പി ജയരാജന്റെ വാക്കുകള്‍:

കഴിഞ്ഞ ദിവസം ബിജെപി തലശ്ശേരിയില്‍ നടത്തിയ പ്രകടനത്തില്‍ അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികള്‍ ഉണ്ടാവില്ലെന്നും അത് തങ്ങള്‍ തകര്‍ക്കുമെന്നാണ് അവരുടെ ഭീഷണി. തലശ്ശേരിക്ക് ഒരു പ്രേത്യേക ചരിത്രമുണ്ടെന്ന് ബിജെപിക്കാര്‍ ഓര്‍ക്കണം. അത് ബിജെപി രൂപപ്പെടുന്നതിന് മുന്‍പുള്ളതാണ്.

അവരുടെ ആത്മീയ ആചര്യന്മാരായ ആര്‍എസ്എസ് നടത്തിയ 1971 ലെ തലശ്ശേരി വര്‍ഗീയ കലാപമായിരുന്നു അത്. അതിന്റെ ഭാഗമായി അന്ന് മുസ്ലിം പള്ളികള്‍ക്ക് നേരെയും വീടുകള്‍ക്ക് നേരെയും ആക്രമമുണ്ടായി. ചിലയിടത്ത് മുസ്ലിം വര്‍ഗീയവാദികളും കടകള്‍ക്കും മറ്റും നേരെതിരിച്ച് ആക്രമണം നടത്തി. അപ്പോഴാണ് സിപിഐഎമ്മിന്റെ കരുത്ത് ആര്‍എസ്എസുകാര്‍ക്ക് ബോധ്യമായത്. മുസ്ലിം പള്ളികള്‍ വ്യാപകമായി തകര്‍ക്കാനുള്ള ആര്‍എസ്എസ് പദ്ധതിക്ക് തടയിടാന്‍ സിപിഐഎം മുന്നോട്ടുവന്നു. ആത്മത്യാഗം ചെയ്തും മതസൗഹാര്‍ദ്ദം പുനര്‍സ്ഥാപിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നോട്ട് വരണമെന്ന ആഹ്വാനം ഉള്‍ക്കൊണ്ടായിരുന്നു ആ പ്രവര്‍ത്തനം.

എല്‍ഡിഎഫ് സര്‍ക്കാരും സിപിഐഎമ്മും കേരളത്തില്‍ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ല. അത് ബിജെപിക്കാര്‍ ഓര്‍ക്കുന്നത് നല്ലതാണ്. കേരളത്തില്‍ ആര്‍എസ്എസ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ സിപിഐഎമ്മിനും മത നിരപേക്ഷപ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്ന് അവര്‍ ഓര്‍ക്കണം. കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികള്‍ അങ്ങേയറ്റം ജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Next Story