Top

'റിജില്‍ 'സതീശന്‍ കഞ്ഞിക്കുഴിയെപോലെ', പബ്ലിസിറ്റിയാണല്ലോ പ്രധാനം'; പരിഹസിച്ചും വെല്ലുവിളിച്ചും പി ജയരാജന്‍

സ്റ്റേഷനില്‍ ഇരിക്കുമ്പോളും റിജില്‍ ഏറെ സന്തോഷവാനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്

21 Jan 2022 8:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റിജില്‍ സതീശന്‍ കഞ്ഞിക്കുഴിയെപോലെ, പബ്ലിസിറ്റിയാണല്ലോ പ്രധാനം; പരിഹസിച്ചും വെല്ലുവിളിച്ചും പി ജയരാജന്‍
X

'ക്ലാസ്‌മേറ്റ്‌സ്' സിനിമയിലെ 'സതീശന്‍ കഞ്ഞിക്കുഴി'യെ പോലെയാണ് യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റിജില്‍ മാക്കുറ്റിയെന്ന് സിപിഐഎം നേതാവ് പി ജയരാജന്‍. സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം നടത്തി അറസ്റ്റിലായ റിജില്‍ പത്രത്തില്‍ തന്റെ ഫോട്ടോ വന്നതിന്റെ സന്തോഷത്തിലാണെന്നും പബ്ലിസിറ്റിയാണല്ലോ പ്രധാനമെന്നും പി ജയരാജന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പരിഹസിച്ചു. അറസ്റ്റിന് പിന്നാലെ റിജില്‍ തന്റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിനെ തള്ളികൊണ്ടായിരുന്നു ജയരാജന്റെ പരിഹാസക്കുറിപ്പ്.

മരിക്കേണ്ടി വന്നാലും കെറെയില്‍ സമരത്തില്‍ നിന്നും പിന്മാരില്ലെന്നാണ് റിജില്‍ ഫേസ്ബുക്കിലൂടെ അറിയിച്ചത്. എന്നാല്‍ എത്ര സമരം ചെയ്താലും സില്‍വര്‍ലൈന്‍ നിലവില്‍ വരുമെന്നും കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അര്‍ദ്ധ അതിവേഗ ട്രെയിനില്‍ നമുക്കൊന്നിച്ചു യാത്ര ചെയ്യാമെന്നും ജയരാജന്‍ വെല്ലുവിളിച്ചു.

'അറസ്റ്റിലായതിനെ തുടര്‍ന്നാണെന്ന് കരുതുന്നു റിജിലിന്റെ ഫേസ്ബുക് പോസ്റ്റ്. അതിലെ ഒരു വാചകമാണ് നമ്മെ ചിരിപ്പിക്കുന്നത്. മരണംവരെ കെ റെയിലിനെതിരെ സമരം ചെയ്യുമെന്നാണത്. റിജിലിനോടൊപ്പം തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ ചിലപ്പോള്‍ യാത്ര ചെയ്തിട്ടുണ്ട്. നിങ്ങളെന്തു സമരം ചെയ്താലും സില്‍വര്‍ ലൈന്‍ നിലവില്‍ വരും.കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അര്‍ദ്ധ അതിവേഗ ട്രെയിനില്‍ നമുക്കൊന്നിച്ചു യാത്ര ചെയ്യാം. അതിന് മരണം വരെ കാത്തിരിക്കേണ്ടിവരില്ല.' ജയരാജന്‍ പറഞ്ഞു.

പ്രതിഷേധത്തിനെത്തുമ്പോഴുള്ള റിജിലിന്റെ വസ്ത്രധാരണത്തെ സംബന്ധിച്ച് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ പരിഹാസം പി ജയരാജനും ആവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതാവായ ശേഷം ഖദറില്‍ മാത്രം പൊതുഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ട റിജില്‍ കഴിഞ്ഞ ദിവസം പാന്റ്് ഇട്ടുവന്നുവെന്നതാണ് സിപിഐഎം നേതാക്കള്‍ ഉയര്‍ത്തുന്ന പ്രശ്‌നം.

പി ജയരാജന്റെ കുറിപ്പിന്റെ പൂര്‍ണരൂപം-

കെ റെയില്‍ വിരുദ്ധ സമരത്തിന്റെ പേരില്‍ കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ക്കാര്‍ സംഘടിപ്പിച്ച കെ റെയില്‍ വിശദീകരണ യോഗം കയ്യേറാന്‍ വന്ന റിജില്‍ മക്കുറ്റി എന്ന കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കിലിട്ട പോസ്റ്റ് വായിച്ച് ചിരിക്കാനാണ് തോന്നിയത്.

ഈ നേതാവ് എന്റെ നാട്ടുകാരന്‍ കൂടിയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആയതിനു ശേഷം ഖദര്‍ മുണ്ടിലും ഖദര്‍ ഷര്‍ട്ടിലും മാത്രമാണ് റിജിലിനെ കണ്ടിരുന്നത്. വ്യാഴാഴ്ച കെ റെയില്‍ വിശദീകരണ യോഗത്തില്‍ പങ്കെടുത്തിരുന്ന ഞങ്ങള്‍ ബഹളം കേട്ട് പുറത്തു വന്നപ്പോഴാണ് പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട് പാന്റ്‌സും ഷര്‍ട്ടും ഇട്ട ഒരാള്‍ ഓടിപോകുന്നത് കണ്ടത്. അന്വേഷിച്ചപ്പോള്‍ അത് ഈ നേതാവാണെന്ന് മനസ്സിലായി. കൂടെവന്ന അനുയായികള്‍ എല്ലാം നേതാവിനെ ഉപേക്ഷിച്ച് നേരത്തെ ഓടി രക്ഷപ്പെട്ടിരുന്നു. യോഗം ആക്രമിച്ച് അലങ്കോലപ്പെടുത്താനായിരുന്നു നേതാവും കൂട്ടരും വന്നത്. പിന്നീടവര്‍ പോലീസിന്റെ പിടിയിലുമായി. ഇതാണ് വലതുപക്ഷ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പ്രതിഷേധ സമരം.

അറസ്റ്റിലായതിനെ തുടര്‍ന്നാണെന്ന് കരുതുന്നു റിജിലിന്റെ ഫേസ്ബുക് പോസ്റ്റ്. അതിലെ ഒരു വാചകമാണ് നമ്മെ ചിരിപ്പിക്കുന്നത്. മരണംവരെ കെ റെയിലിനെതിരെ സമരം ചെയ്യുമെന്നാണത്. റിജിലിനോടൊപ്പം തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ ചിലപ്പോള്‍ യാത്ര ചെയ്തിട്ടുണ്ട്. നിങ്ങളെന്തു സമരം ചെയ്താലും സില്‍വര്‍ ലൈന്‍ നിലവില്‍ വരും.കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് അര്‍ദ്ധ അതിവേഗ ട്രെയിനില്‍ നമുക്കൊന്നിച്ചു യാത്ര ചെയ്യാം. അതിന് മരണം വരെ കാത്തിരിക്കേണ്ടിവരില്ല.

ജനങ്ങളെ വഴിതെറ്റിക്കുകയും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന കെ. എസ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നമുറയ്ക്ക് അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.ദേശീയപാത 45 മീറ്റര്‍ വീതികൂട്ടുന്നതിനു കോണ്‍ഗ്രസ്സ് ഉള്‍പ്പടെ എല്ലാവരും സമ്മതിച്ചു.എന്നാല്‍ വികസനതിമെതിരെ തളിപ്പറമ്പ് കീഴാറ്റൂരില്‍ കോലീബി സഖ്യം സമര പ്രഹസനമാണ് നടത്തിയത്.ഒടുവിലെന്തായി? വീതികൂടിയ 6 വരി പാതയിലൂടെ വലതുപക്ഷവും ഇടതുപക്ഷവും ഒന്നിച്ച് യാത്ര ചെയ്യും.സില്‍വര്‍ ലൈനിലും അതാണ് നടക്കാന്‍ പോകുന്നത്.

സ്റ്റേഷനില്‍ ഇരിക്കുമ്പോളും റിജില്‍ ഏറെ സന്തോഷവാനാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.ലേശം ഉന്തും തള്ളും ഉണ്ടായെങ്കിലും പത്രങ്ങളിലും ചാനലുകളിലും നല്ല വാര്‍ത്ത വന്നല്ലോ.ക്‌ളാസ്‌മേറ്റ്‌സിലെ സതീശന്‍ കഞ്ഞിക്കുഴി തന്നെ.പബ്ലിസിറ്റിയാണല്ലോ പ്രധാനം.Next Story