Top

'ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?'; മനോനില തെറ്റിയ മട്ടിലാണ് പലതും വിളിച്ചു പറയുന്നതെന്ന് പി ജയരാജൻ

20 Sep 2022 4:45 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?; മനോനില തെറ്റിയ മട്ടിലാണ് പലതും വിളിച്ചു പറയുന്നതെന്ന് പി ജയരാജൻ
X

തൃശൂർ: മനോനില തെറ്റിയ മട്ടിലാണ് ഗവര്‍ണര്‍ പലതും വിളിച്ചുപറയുന്നതെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന്റെ മേൽ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള അധികാരവും പദവിയുമല്ല ഗവര്‍ണറുടെതെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂർ ചെറായി മങ്കുഴി ഗോപിയേട്ടൻ വായനശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി ജയരാജൻ.

'ഗവര്‍ണര്‍ എന്ന് പറഞ്ഞാല്‍ രാജാവാണോ?. രാജ്യാധിപത്യം മാറി ജനാധിപത്യം വന്നു. പ്രായപൂര്‍ത്തി വോട്ടവകാശം വന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലുള്ളത്. 99 സീറ്റുകളുടെ പിന്‍ബലത്തോടെയാണ് പിണറായി വിജയന്‍ കേരളം ഭരിക്കുന്നത്. ഗവര്‍ണര്‍ക്ക് ഭരണഘടനപരമായ അംഗീകാരവും പദവിയുമുണ്ട്. പദവി കേരളത്തിലെ സര്‍ക്കാര്‍ അംഗീകരിക്കുന്നു. എന്നു കരുതി അത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനുമേല്‍ ചാട്ടവാര്‍ പ്രയോഗിക്കാനുള്ള പദവി വേണ്ട. മൂന്ന് വര്‍ഷം മുന്‍പ് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ സെമിനാറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയാണെന്നാണ് കണ്ടെത്തല്‍. സമനില തെറ്റിയതുകൊണ്ടാണ് തോന്നിപോലെ പലതും പറയുന്നത്.' പി ജയരാജൻ പറഞ്ഞു.

അതേസമയം, സിപിഐഎം, സിപിഐ മുഖപത്രങ്ങൾ ഗവർണരെ രൂക്ഷമായി വിമർശിച്ചു. ബിജെപി സർക്കാരിന്റെ കൂലിപ്പടയാളിയെപ്പോലെ കേരള സർക്കാരിനെതിരെ അസംബന്ധ യുദ്ധം നയിക്കുകയാണ് ഗവർണർ. മുസ്ലിം സമുദായത്തിന്റെ ഉന്മൂലനം തന്നെ ലക്ഷ്യമിടുന്ന ഒരു പാർട്ടിയുടെ പിന്നാമ്പുറത്ത്‌ വിലപേശി വിറ്റുകിട്ടിയ നേട്ടങ്ങളിൽ ആരിഫ്‌ മുഹമ്മദ്‌ ഖാൻ മതിമറന്നാടുകയാണെന്നും ദേശാഭിമാനി വിമർശിച്ചു.

ഗവർണർ രാജ്ഭവനെ ബ്ലാക്ക് മെയിലിങ്ങ് രാഷ്ട്രീയത്തിന്റെ വേദിയാക്കി. മനോനില തെറ്റിയവരെപ്പോലെ സത്യസന്ധതയില്ലാത്ത നിലപാടുകൾ തിരിച്ചറിയുകയും ആവര്‍ത്തിക്കുന്നതിനു പിന്നിലെ ചേതോവികാരം എന്താണെന്ന് വ്യക്തമാകുന്നില്ലെന്നുമായിരുന്നു സിപിഐ മുഖപത്രമായ ജനയുഗത്തിലെ വിമർശനം.

Next Story

Popular Stories