Top

'ഭീഷണികള്‍ പിണറായിയോട് വേണ്ട, ഏല്‍ക്കില്ല'; ഗവര്‍ണര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ പിന്തുണ

ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഗവര്‍ണര്‍ രാജിവെക്കുകയാണ് വെണ്ടതെന്നും ചിദംബരം

2 Nov 2022 4:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീഷണികള്‍ പിണറായിയോട് വേണ്ട, ഏല്‍ക്കില്ല; ഗവര്‍ണര്‍ വിഷയത്തില്‍ ചിദംബരത്തിന്റെ പിന്തുണ
X

ചെന്നൈ: ഗവര്‍ണറുടെ അസാധാരണ നടപടികളില്‍ മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ആരിഫ് മുഹമ്മദ് ഖാന്റെ വിരട്ടലൊന്നും പിണറായി വിജയന്റെ അടുത്ത് വിലപ്പോവില്ല. ധനമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് പറയുന്ന ഗവര്‍ണര്‍ രാജിവെക്കുകയാണ് വെണ്ടതെന്നും ചിദംബരം പറഞ്ഞു.

ഗവര്‍ണറുടെ വിശ്വാസം ധനമന്ത്രിക്ക് ആവശ്യമുണ്ടോ? മുഖ്യമന്ത്രിയുടെ വിശ്വാസമല്ലെ ആവശ്യമെന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.

അതേസമയം മന്ത്രിസഭയുടെ അധികാരത്തില്‍ കടന്നുകയറാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രീതി മുഖ്യമന്ത്രിയുടെ പരിധിയില്‍ വരുന്നതാണ്. ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ സാധിക്കുക മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തപ്പോള്‍ മാത്രമാണെന്നും മന്ത്രിസഭയുടെ അധികാരം അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നല്ല ഗവര്‍ണര്‍ അങ്ങനെയേ പ്രവര്‍ത്തിക്കാവു എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളത്തിനുണ്ടായ നേട്ടങ്ങള്‍ രാജ്യത്താകെ അംഗീകരിക്കുന്ന ഒന്നാണ്. കാലാനുസൃതമായ മാറ്റങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അങ്ങനെ ഉണ്ടായ വിസ്മയകരമായ മുന്നേറ്റങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആ നീക്കത്തില്‍ കേരളമാകെ ഉത്കണ്ഠയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും അധികം അസ്വസ്ഥതയുള്ളത് ആര്‍എസ്എസിനാണ്. ഉന്നത വിദ്യഭ്യാസരംഗം നിയന്ത്രണത്തിലാക്കാന്‍ ആര്‍എസ്എസ് ലക്ഷ്യമിടുകയാണ്. സര്‍ക്കാരിനെതിരെ ഉത്തരവാദിത്തപ്പെട്ട പലരുടെയും ഭാഗത്തു നിന്നും എതിര്‍പ്പ് ഉയരുകയാണ്. തല്പര കക്ഷികള്‍ നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ക്ക് മുന്നില്‍ കേരളം വീഴില്ല. ആര്‍എസ്എസ് അനുഭാവികളെ കൊള്ളാവുന്ന ഇടത്തെല്ലാം നിയമിക്കുകയാണ്. വിസിമാരെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ കേന്ദ്ര സര്‍വകലാശാലകളെ കുറിച്ച് മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights: P Chidambaram supported Pinarayi Vijayan in Governor issue

Next Story