Top

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാന്‍ ഔഷധി തീരുമാനം; വില തിട്ടപ്പെടുത്താന്‍ കളക്ടര്‍ക്ക് ചുമതല

ഏറ്റെടുക്കല്‍ തീരുമാനമായതോടെ ആശ്രമത്തിന്റെ വില തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

21 Oct 2022 12:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാന്‍ ഔഷധി തീരുമാനം; വില തിട്ടപ്പെടുത്താന്‍ കളക്ടര്‍ക്ക് ചുമതല
X

സ്വാമി സന്ദീപാനന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമം ഏറ്റെടുക്കാന്‍ തീരുമാനിച്ച് ഔഷധി. ഇന്ന് ചേര്‍ന്ന ഔഷധി ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. പുതിയ ചികിത്സാ കേന്ദ്രത്തിന് അനുയോജ്യമായ സ്ഥലമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമമെന്ന് ഔഷധി യോഗം വിലയിരുത്തി. ഏറ്റെടുക്കല്‍ തീരുമാനമായതോടെ ആശ്രമത്തിന്റെ വില തിട്ടപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

അതേസമയം, സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി വാങ്ങുന്ന വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ വന്നിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഔഷധിയുടെ ഭരണസമിതി നിയമ വിധേയമായി ആലോചനകള്‍ നടത്താമെന്നും മന്ത്രി പറഞ്ഞു.

82 വര്‍ഷം പഴക്കമുള്ള ആയുര്‍വേദ ചികിത്സ കേന്ദ്രമായ ഔഷധിയുടെ ചികിത്സാ പ്രവര്‍ത്തനം തൃശൂര്‍ ജില്ല വിട്ട് പുറത്തേക്ക് വ്യാപിച്ചിട്ടില്ല. ഔഷധിയുടെ മുന്‍ ചെയര്‍മാന്റെ കാലത്ത് കൂടുതല്‍ കേന്ദ്രങ്ങള്‍ക്കായി ആലോചന നടത്തിയിരുന്നു. അദ്ദേഹമാണ് സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തില്‍ ഔഷധി ആരംഭിക്കാനുള്ള നിര്‍ദേശം ആദ്യം ഭരണസമിതിയ്ക്ക് മുന്നില്‍ അവതരിപ്പിച്ചത്.

തൃശൂര്‍ ചികിത്സ കേന്ദ്രത്തില്‍ തിരക്ക് അനുഭവപ്പെട്ട സാഹചര്യത്തിലും ആയുഷിന്റെ ഫണ്ട് ലഭിച്ചതിന് പിന്നാലെയാണ് കൂടുതല്‍ ചികിത്സ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം പുനരാരഭിച്ചത്. അടിസ്ഥാന സൗകര്യങ്ങളുള്ള കെട്ടിടങ്ങളാണ് ചികിത്സാ കേന്ദ്രത്തിനാവശ്യം. വാടകയ്‌ക്കോ വിലയ്‌ക്കോ സ്ഥലങ്ങള്‍ സ്വന്തമാക്കാനാണ് ചര്‍ച്ചയിലെ നിര്‍ദേശം. കഴിഞ്ഞദിവസം സന്ദീപാനന്ദഗിരിയുടെ ആശ്രമം ഔഷധി അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. സൗകര്യങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

തിരുവനന്തപുരത്തിന് പുറമെ കോഴിക്കോട്, വയനാട്, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് പുതിയ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്.

Next Story