Top

'സ്‌റ്റേഷന്‍ കിട്ടാതെ നടക്കുന്ന അനാഥപ്രേതങ്ങള്‍'; ഏറ്റെടുത്തതിന് ഇടതുപക്ഷത്തോട് നന്ദിയെന്ന് ടി സിദ്ദിഖ്

'പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ ഇവരാരുമല്ല'

20 May 2022 1:25 PM GMT
അരുണ്‍ മധുസൂദനന്‍

സ്‌റ്റേഷന്‍ കിട്ടാതെ നടക്കുന്ന അനാഥപ്രേതങ്ങള്‍; ഏറ്റെടുത്തതിന് ഇടതുപക്ഷത്തോട് നന്ദിയെന്ന് ടി സിദ്ദിഖ്
X

തൃക്കാക്കര: എല്‍ഡിഎഫിനായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചതിന് പിന്നാലെ ഡിസിസി ജനറല്‍ സെക്രട്ടറി എം ബി മുരളീധരന്‍ സിപിഐഎമ്മില്‍ ചേര്‍ന്നതില്‍ പ്രതികരണവുമായി ടി സിദ്ദിഖ്. സ്റ്റേഷന്‍ കിട്ടാതെ നടക്കുന്ന അനാഥ പ്രേതങ്ങള്‍ അതിന് വേണ്ടി ശ്രമങ്ങള്‍ നടത്തുകയാണെന്നാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റിന്റെ പരാമര്‍ശം. തോമസ് മാഷ് എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനില്‍ പോയത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസവും ആത്മവീര്യവും യഥേഷ്ടം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇടതുപക്ഷത്തോട് നന്ദി പറയുകയാണ്. മുരളിയെ ഏറ്റെടുത്തതിലും ഞങ്ങള്‍ക്ക് സന്തോഷമാണെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ ഇവരാരുമല്ല. തോമസ് മാഷിന് പദവികള്‍ യഥേഷ്ടം ലഭിച്ചിട്ടുണ്ട്, മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇവരാരുമല്ല പാര്‍ട്ടി, ഇവരെ ജയിപ്പിച്ച പ്രവര്‍ത്തകരാണ് പാര്‍ട്ടി. അവരുടെ വികാരമാണ് പ്രധാനപ്പെട്ട കാര്യമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിക്കൊപ്പം ഫഌറ്റുകള്‍ കയറാന്‍ പോലും കൂടെയുണ്ടായിരുന്ന എം ബി മുരളീധരന്‍ പാര്‍ട്ടി വിട്ടത് നേതൃത്വത്തിന്റെ പരാജയമല്ലെന്ന് അദ്ദേഹം പറഞ്ഞു. എംബി മുരളീധരനെ കൂടെ നിര്‍ത്താന്‍ കഴിയാത്തതല്ല പ്രയാസം. ഉമാ തോമസിന്റെ പ്രചരണത്തിന്റെ ഉദ്ഘാടനത്തിന് ഞാന്‍ വന്നപ്പോള്‍, ഞങ്ങള്‍ ഒരുമിച്ച് ചായ കുടിച്ച ആളാണ്. അത് കഴിഞ്ഞ് പിന്നെ കേള്‍ക്കുന്ന വാര്‍ത്ത മുരളി പോയി എന്നതാണ്. അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ കഴിയാത്തതല്ല, ഇത്രയും വ്യക്തിത്വമില്ലാത്തയാളെ ഈ സമയത്തെങ്കിലും തിരിച്ചറിയാന്‍ പറ്റി എന്നുള്ളതാണ് ഞങ്ങളുടെ സൗകര്യം. സംസ്ഥാന നേതൃത്വവുമായി ജില്ലാ നേതൃത്വത്തിന് യാതൊരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുമില്ലെന്നും ഗ്യാപ്പുള്ളവരാണ് ഇപ്പോള്‍ പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: 'Orphans walking without a place to live'; T Siddique thanked the Left for taking over KV Thomas and MB Muraleedharan

Next Story