Top

'ജയ് ഭീം' വിളിച്ച് പ്രതിപക്ഷം; ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു

6 July 2022 4:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജയ് ഭീം വിളിച്ച് പ്രതിപക്ഷം; ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു
X

'ജയ് ഭീം' വിളിച്ച് പ്രതിപക്ഷം; ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം: ഭരണഘടനയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും സഭ ചേര്‍ന്ന ഉടന്‍ പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി.

ഇതിനെ തുടര്‍ന്നുണ്ടായ ബഹളത്തെ തുടര്‍ന്ന് ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി. തുടര്‍ന്ന് ധനാഭ്യര്‍ത്ഥനകള്‍ അംഗീകരിച്ച ശേഷം സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു.

മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാര്‍ഡുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലെത്തിയത്. സഭ പിരിഞ്ഞതിന് ശേഷം 'ജയ് ഭീം' വിളിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തിലേക്കെത്തുകയായിരുന്നു.

ജനങ്ങളെ കൊളളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ പ്രസ്താവന. ബ്രിട്ടീഷുകാരന്‍ പറഞ്ഞ് എഴുതിയ ഭരണഘടനയാണത്. സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഭരണഘടനയുടെ ഉദ്ദേശ്യം. മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. എന്നാല്‍ അത് ജനങ്ങളെ കൊളളയടിക്കുന്നതാണ്. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടി പത്തനംതിട്ട മല്ലപ്പള്ളിയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കവെയായിരുന്നു സജി ചെറിയാന്റെ പ്രസ്താവന.

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ്. തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്നതാണ് ഭരണ ഘടന. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ്. അവര്‍ക്കെതിരെ എത്രപേര്‍ക്ക് സമരം ചെയ്യാന്‍ പറ്റും. കോടതിയും, പാര്‍ലമെന്റുമെല്ലാം മുതലാളിമാര്‍ക്കൊപ്പമാണ്. മുതലാളിമാര്‍ക്ക് അനുകൂലമായി മോദി സര്‍ക്കാരിനെ പോലുള്ളവര്‍ തീരുമാനമെടുക്കുന്നതും പ്രവര്‍ത്തിക്കുന്നതും ഇന്ത്യന്‍ ഭരണഘന അവര്‍ക്കൊപ്പമാണ് എന്നതിന്റെ തെളിവാണെന്നും സജി ചെറിയാന്‍ ആരോപിച്ചു.

Story Highlights: OPPOSITION WANT RESIGNATION OF MINISTER SAJI CHERIYAN

Next Story