Top

'എന്ത് തോന്നിവാസവും കാണിക്കാമെന്ന നിലപാടാണ് സര്‍ക്കാരിന്'; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷം

സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം വേണ്ടെന്ന് കരുതിയാണ് ഒപ്പിട്ടത് എന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്

11 Dec 2021 7:25 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്ത് തോന്നിവാസവും കാണിക്കാമെന്ന നിലപാടാണ് സര്‍ക്കാരിന്; ഗവര്‍ണറെ പിന്തുണച്ച് പ്രതിപക്ഷം
X

സര്‍വ്വകലാശാല നിയമന വിവാദത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം. സര്‍വ്വകലാശാലകളില്‍ രാഷ്ട്രീയ ഇടപെടലുകളുടെ അതിപ്രസരമാണെന്നും മുഖ്യമന്ത്രി ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ കത്ത് നല്‍കിയ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ വിമര്‍ശനം. മുഖ്യമന്ത്രിക്കുള്ള ഗവര്‍ണറുടെ കത്ത് അതീവ ഗൗരവ സ്വഭാവമുള്ളതാണെന്നും കഴിഞ്ഞ കാലങ്ങളില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിയിക്കുന്നതാണ് ഇതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ഇന്ന് സംസ്ഥാനത്തിന്റെ തലവന്‍ തന്നെ ശരിവയ്ക്കുന്നു. കണ്ണൂര്‍ വിസി പുനര്‍ നിയമനം സംബന്ധിച്ച് ഗവര്‍ണര്‍ പറയുന്നത് ഞെട്ടിക്കുന്നതാണ്.

സര്‍ക്കാരുമായി അഭിപ്രായ വ്യത്യാസം വേണ്ടെന്ന് കരുതിയാണ് ഒപ്പിട്ടത് എന്നാണ് ഗവര്‍ണര്‍ വ്യക്തമാക്കിയത്. കണ്ണൂര്‍ വി സിക്ക് ഒരുനിമിഷം ആ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. വി സിയുടെ പുനര്‍ നിയമനം കേട്ടുകേള്‍വി ഇല്ലാത്തതാണ്.' രമേശ് ചെന്നിത്തല വിമര്‍ശിച്ചു.

സര്‍വ്വകലാശാല നിയമനങ്ങളില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പ്രതികൂട്ടിലാണെന്നും അഴിമതിയും സ്വജനപക്ഷപാതവുമാണ് ആര്‍ ബിന്ദു ചെയ്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

ഇക്കാര്യം ചൂണ്ടിക്കാട്ടി ലോകയുക്തയെ സമീപിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. പ്രോ ചാന്‍സലര്‍ കൂടിയായ ആര്‍ ബിന്ദു രാജിവെച്ച് പുറത്ത് പോകണം, കെ ടി ജലീല്‍ രാജിവെയ്ക്കാനുണ്ടായതിന് സമാനമായ സാഹചര്യം വീണ്ടും നടക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തുടര്‍ ഭരണത്തില്‍ എന്ത് തോന്നിവാസവും കാണിക്കാം എന്ന നിലപാട് ആണ് സര്‍ക്കാരിന്. വിരമിച്ചവര്‍ക്കും സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കുന്നുആരും ചോദിക്കാനില്ലാത്ത നിലയിലാണ് ഈ പോക്കെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കു വഴങ്ങിയാണ് കണ്ണൂര്‍ വൈസ് ചാന്‍സലറുടെ പുനര്‍നിയമനത്തില്‍ താന്‍ തീരുമാനമെടുത്തതെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

വൈസ് ചാന്‍സലറെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റി പിരിച്ചുവിട്ട് ചട്ടവിരുദ്ധമായി കണ്ണൂര്‍ വിസിക്ക് പുനര്‍നിയമനം നല്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്കിയത് ഏതു സാഹചര്യത്തിലാണെന്നു വ്യക്തമാക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഭരണത്തലവനായ ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് ഇത്തരമൊരു കത്തെഴുതിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

കണ്ണൂരിനു പുറമെ കാലടി സര്‍വകലാശാലയിലും കലാമണ്ഡലത്തിലും നിയമവിരുദ്ധമായ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിച്ചെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ അതീവഗുരുതരമാണെന്നു ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

സര്‍വകലശാല ചാന്‍സലര്‍ എന്ന നിലയിലെ ഗവര്‍ണറുടെ അധികാരങ്ങള്‍ കയ്യടക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ ആരോപിച്ചു. സര്‍വകലാശാലയെ രാഷ്ട്രീയവല്‍കരിച്ച് നിയമനങ്ങളില്‍ മാര്‍ക്‌സിസ്റ്റുകാരെ കുത്തിത്തിരുകുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സര്‍വ്വകലാശാലകള്‍ക്ക് മേലുള്ള വിശ്വാസം തകര്‍ക്കുന്ന നടപടികളാണ് നടക്കുന്നതെന്നും ഹസ്സന്‍ ആരോപിച്ചു. സര്‍വ്വകലാശാലകളെ രാഷ്ട്രീയവത്ക്കരിക്കാനുള്ള ശ്രമത്തെ യുഡിഎഫ് ശക്തമായി എതിര്‍ക്കുംഗവര്‍ണരുടെ അധികാരം കവര്‍ന്നെടുത്ത നടപടി പുന:പരിശോധിക്കണം, ഗവര്‍ണര്‍ പറയുന്നത് 100 % ശരിയായ കാര്യങ്ങള്‍. നടക്കുന്നത് ഗുരുതര ഭരണഘടനാ ലംഘനമാണെന്നും ഹസ്സന്‍ പറഞ്ഞു.

Next Story