Top

പ്രതിപക്ഷ പ്രതിഷേധവും ഭീഷണിയും: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക സ്വാഭാവിക നടപടി

കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

11 Jun 2022 1:55 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതിപക്ഷ പ്രതിഷേധവും ഭീഷണിയും: മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക സ്വാഭാവിക നടപടി
X

സുരക്ഷ ഭീഷണികളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍. മുഖ്യമന്ത്രിക്ക് വിവിധയിടങ്ങളില്‍ ഭീഷണിയുള്ള വിവരം കേന്ദ്ര ഏജന്‍സികള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ഇതിനൊപ്പം മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇത്തരമൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കുക എന്നത് പൊലീസിന്റെ സ്വാഭാവിക നടപടിയാണ്. അതുമാത്രമാണ് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായിയുടെ പരിപാടികളില്‍ കറുത്ത മാസ്‌ക് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പൊലീസിന് ഇത്തരം നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ല. കരിങ്കൊടിക്കാണിക്കാനെന്ന രൂപത്തില്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമത്തിനാണ് പൊലീസ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിധാരണ സൃഷ്ടിക്കാനുള്ള ഗൂഢശ്രമമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കറുത്ത മാസ്‌ക് വിവാദം ആദ്യം ഉയര്‍ന്നത് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലായിരുന്നു. രാവിലെ മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയവരെ പരിശോധിക്കുന്നതിനിടെ ആയിരുന്നു കറുത്ത മാസ്‌ക് ധരിച്ചവരോട് പൊലീസ് അത് ഊരി മാറ്റാന്‍ ആവശ്യപ്പെട്ടത്. മാധ്യമപ്രവര്‍ത്തകരോടും കറുത്ത മാസ്‌ക് മാറ്റാന്‍ ആവശ്യപ്പെട്ടു. വൈകുന്നേരം എറണാകുളം കലൂരില്‍ നടന്ന പരിപാടിയിലും സമാന സംഭവം ഉണ്ടായി. ഇതോടെയാണ് വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയത്.

Next Story