Top

'പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കും'; സിപിഐഎമ്മിന് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്

'ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരും'

13 Jun 2022 11:09 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഉറപ്പായും പ്രതിരോധിക്കും; സിപിഐഎമ്മിന് പ്രതിപക്ഷ നേതാവിന്റെ മുന്നറിയിപ്പ്
X

കൊച്ചി: അതിക്രമങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയാണ് കേരളത്തിലെ പൊലീസ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാല്‍ കാല് തല്ലിയൊടിക്കും നട്ടെല്ല് ചവിട്ടിയൊടിക്കും എന്നൊക്കെയാണ് ഗുണ്ടകളും പൊലീസും ഭീഷണിപ്പെടുത്തുന്നത്. പൊലീസ് കസ്റ്റഡിയിലുള്ള ഒരാളെ സിപിഐഎമ്മിന്റെ തെരുവ് ഗുണ്ടകള്‍ ആക്രമിക്കുന്നത് കേരളത്തിലെ പൊലീസിന് ഭൂഷണമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റിനെ സിപിഐഎം പ്രവര്‍ത്തര്‍ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷം സംഘര്‍ഷത്തിന് മുതിരില്ല. എന്നാല്‍, തങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കും. പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം തങ്ങള്‍ക്ക് ഉണ്ടെന്നും വി ഡി സതീശന്‍ മുന്നറിയിപ്പ് നല്‍കി.

വി ഡി സതീശന്റെ വാക്കുകള്‍:

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചാല്‍ കാല് തല്ലി കാലൊടിക്കും നട്ടെല്ല് ചവിട്ടിയടിക്കും എന്നൊക്കെയാണ് ഗുണ്ടകളും പൊലീസും ഭീഷണിപ്പെടുത്തുന്നത്. കേരളത്തില്‍ ഒരുപാട് പേരുടെ നട്ടെല്ലും കാലും ഒടിക്കേണ്ടി വരും. പൊലീസ് ഇതിന് കൂട്ട് നില്‍ക്കുന്നത് അതിക്രമമാണ്. പൊലീസ് ഉദ്യോഗസ്ഥന്മാര്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് കൂട്ട് നിന്ന്, അറസ്റ്റ് ചെയ്ത് പൊലീസ് ജീപ്പില്‍ ഇരിക്കുന്ന ഒരാളെ സിപിഐഎമ്മിന്റെ തെരുവ് ഗുണ്ടകള്‍ വന്ന് ആക്രമിക്കുന്നത് കേരളത്തിലെ പൊലീസിന് അത് ഭൂഷണമല്ല. ഈ പോക്കാണെങ്കില്‍ പൊലീസിനോടുള്ള സമീപനവും മാറ്റേണ്ടി വരും.

ഇ പി ജയരാജന്‍ അടക്കമുള്ളവര്‍ ഇപ്പോള്‍ കറുപ്പിന്റെ ആരാധകരായി മാറിയിരിക്കുകയാണ്. കറുപ്പിന് എന്താണ് കുഴപ്പം എന്നാണ് ചോദിക്കുന്നത്. ഇത് നല്ല രീതിയിലേക്കല്ല പോകുന്നത്. ഒരു ഫാസിസ്റ്റ് ഭരണകൂടം കേരളത്തില്‍ ഉണ്ടാവുന്നു എന്നതിന്റെ മുന്നറിയിപ്പാണത്. സിപിഐഎം നേതാക്കള്‍ ഉള്‍പ്പടെയുള്ള ആളുകള്‍ ഇറങ്ങിയിട്ടാണ് കറുത്ത വസ്ത്രധാരികളെ സ്ഥലത്ത് നിന്നും ഓടിക്കുക, കറുത്ത മാസ്‌ക് ധരിക്കുന്നവരെ അഴിച്ച് വാങ്ങിക്കുക, കറുത്ത കര്‍ച്ചീഫ് ഉപയോഗിക്കുന്നത് തടയുക, കറുത്ത വസ്ത്രം ധരിച്ചെത്തുന്ന സത്രീകളെ അപമാനിക്കുക എന്നിവ ചെയ്യുന്നത്.

ഞങ്ങള്‍ സംഘര്‍ഷത്തിനൊന്നും പോവുന്നില്ല. പക്ഷേ, ഞങ്ങളുടെ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ ഞങ്ങള്‍ പ്രതിരോധിക്കും. ഞങ്ങളുടെ പ്രവര്‍ത്തകരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഞങ്ങള്‍ക്കുണ്ട്. അത് വേണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ മതി.

മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ നിന്നും പുറത്ത് ഇറങ്ങുമ്പോള്‍ ജനങ്ങള്‍ പേടിച്ചോടി വീടിനകത്ത് കയറി വാതിലടക്കേണ്ട സ്ഥിതിയില്‍ കേരളം എത്തിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ തേരോട്ടം കേരളത്തിലെ ജനങ്ങളുടെ നെഞ്ചത്തുകൂടിയാണ്. ആരെ ഭയപ്പെട്ടിട്ടാണ് ഇത് മുഴുവന്‍ ചെയ്യുന്നത്. ഊരിപ്പിടിച്ച വാള് പോയിട്ട്, നടക്കാന്‍ ഊന്നിപ്പിടിക്കുന്ന വടി പോലുമില്ലാതെ വരുന്ന വൃദ്ധരായ ആളുകളെപ്പോലും റോഡില്‍ നിന്നും മാറ്റി നിര്‍ത്തി കേട്ടാല്‍ അറയ്ക്കുന്ന ഭാഷകൊണ്ട് അവരെ അസഭ്യ വര്‍ഷം നടത്തുകയാണ്. എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത്? മാന്യമായി ജീവിക്കുന്നവര്‍ക്ക എതിരെ തെറി അഭിഷേകമാണ് പൊലീസ് നടത്തുന്നത്. മഹാരാജാക്കന്മാര്‍ക്ക് ഇല്ലായിരുന്നെല്ലോ ഇത്രേം സുരക്ഷ.

STORY HIGHLIGHTS: Opposition leader VD Satheeshan warns CPIM that they will defend police and party activists if any attack against congress members

Next Story