Top

'ഇനി മൂന്ന് തവണ ആലോചിക്കണം'; കാലുയര്‍ത്തുന്ന പൊലീസുകാര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വി ഡി സതീശന്‍

സില്‍വര്‍ലൈന്‍ കല്ലിടവിനിടെയുണ്ടായ ആക്രമണം സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം വൃദ്ധകാരാട്ട് കാണുന്നുണ്ടോയെന്നും കഴക്കൂട്ടത്തേത് ജഹാംഗീര്‍പൂരിയിലെ അതിക്രമത്തിന് സമാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

21 April 2022 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇനി മൂന്ന് തവണ ആലോചിക്കണം; കാലുയര്‍ത്തുന്ന പൊലീസുകാര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: കഴക്കൂട്ടത്ത് കെ റെയില്‍ സില്‍വര്‍ലൈന്‍ പ്രക്ഷോഭകരെ മര്‍ദിച്ച പൊലീസ് നടപടിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് വി ഡി സതീശന്‍ തിരുവനന്തപുരത്ത് പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്കായി എത്ര കല്ലിട്ടാലും അത് പിഴുതെറിയുമെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. പരിക്കേറ്റവരെ പ്രതിപക്ഷ നേതാവ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചശേഷമാണ് പ്രതികരണം.

'ഡല്‍ഹി പൊലീസ് കാണിക്കുന്നത് തന്നെയാണ് കേരള പൊലീസും കാണിക്കുന്നത്. പൊലീസിനെ വിട്ട് വിരട്ടാന്‍ നോക്കിയതാണ്. പൊലീസ് ഇതുപോലെ ബൂട്ട്‌സ് ഇട്ട് പാവപ്പെട്ടവന്റെ നാഭിക്ക് ചവിട്ടുന്നത്, പൊലീസിനും ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കും ഭൂഷണമാണോ?. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സാധാരണക്കാര്‍ക്കുമെതിരെ കാലുയര്‍ത്തുന്ന പൊലീസുകാര്‍ക്ക് ഞങ്ങള്‍ മുന്നറിയിപ്പ് നല്‍കുകയാണ്. ഇനി ഉയര്‍ത്തുന്നതിന് മുമ്പ് മൂന്ന് തവണ ആലോചിക്കണം. ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും.' വി ഡി സതീശന്‍ പറഞ്ഞു.

സില്‍വര്‍ലൈന്‍ കല്ലിടവിനിടെയുണ്ടായ ആക്രമണം സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം വൃദ്ധകാരാട്ട് കാണുന്നുണ്ടോയെന്നും കഴക്കൂട്ടത്തേത് ജഹാംഗീര്‍പൂരിയിലെ അതിക്രമത്തിന് സമാനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

വീട് പോയ ഒരു പ്രവര്‍ത്തകന്റെ നെഞ്ചിലാണ് ബൂട്ട്‌സ് ഇട്ട് ചവിട്ടിയത്. ഇതിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. അതിന് ഒരു തെളിവും ആവശ്യമില്ല. എല്ലാ മാധ്യമങ്ങളുടേയും കൈയ്യില്‍ വിഷ്വല്‍ ഉണ്ട്. ഏതൊക്കെ ഉദ്യോഗസ്ഥരാണ് ബൂട്ട്‌സ് ഇട്ട് ചവിട്ടിയതെന്ന് വ്യക്തമാണ്. കാടന്‍ മര്‍ദ്ദമമുറകള്‍ അഴിച്ചുവിട്ടവര്‍ക്കെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതുകൊണ്ടൊന്നും സിവല്‍വര്‍ലൈന്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താമെന്ന് സര്‍ക്കാര്‍ കരുതേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ കഴക്കൂട്ടം കരിച്ചാറയിലാണ് സംഭവമുണ്ടായത്. കഴക്കൂട്ടത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. ഇതിനിടെ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. പൊലീസ് നടപടിയില്‍ ചിലര്‍ക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് കൂടുതല്‍ പ്രതിഷേധക്കാര്‍ സ്ഥലത്തെത്തി. ഉന്തിനും തളളിനും ഇടയില്‍ പ്രതിഷേധക്കാരെ പൊലീസ് ചവിട്ടി വീഴ്ത്തി. ഇതില്‍ ഒരാള്‍ നിലത്ത് കിടന്നുകൊണ്ട് പ്രതിഷേധിച്ചു. ഒരു പ്രകോപനവുമില്ലാതെ പൊലീസ് അടിക്കുകയായിരുന്നുവെന്ന് സമരക്കാരന്‍ പറഞ്ഞു.

Next Story