Top

'സര്‍ക്കാര്‍ തോന്നിയ പോലെ പണം ചെലവാക്കുന്നു'; ശമ്പളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്ന് വി ഡി സതീശന്‍

'ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നു, വിദേശയാത്രകള്‍ നടത്തുന്നു, എന്നാല്‍ വരുമാനം വര്‍ധിക്കുന്നുമില്ല'

22 Nov 2022 7:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാര്‍ തോന്നിയ പോലെ പണം ചെലവാക്കുന്നു; ശമ്പളം കൊടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്കാണ് പോകുന്നതെന്ന് വി ഡി സതീശന്‍
X

തിരുവനന്തപും: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സാമ്പത്തിക പ്രതിസന്ധിയിലായിരിക്കെ സര്‍ക്കാര്‍ തോന്നിയ പോലെ പണം ചെലവഴിക്കുകയാണ്. ശമ്പളം കൊടുക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലേക്ക് കേരളം പോവുകയാണെന്നും സതീശന്‍ ആരോപിച്ചു. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രക്ഷോഭം നടത്തുമെന്നും എന്നന്നേക്കുമായി സംസ്ഥാനത്ത് പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയുള്ള സമരപരിപാടികള്‍ യുഡിഎഫ് ആസൂത്രണം ചെയ്യുകയാണെന്ന് വി ഡി സതീശന്‍ പറഞ്ഞു.

'ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ ലംഘിച്ചാണ് വകുപ്പുകള്‍ പണം ചെലവഴിക്കുന്നത്. വിവിധ വകുപ്പുകള്‍ തോന്നിയ പോലെ പണം ചെലവാക്കുകയാണ്. പ്രയാസം ഉണ്ടാകുന്ന ഘട്ടത്തില്‍ നിയന്ത്രണം വേണം. എന്നാല്‍ അനാവശ്യ ചെലവുകള്‍ വര്‍ധിക്കുകയാണ്. ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നു, വിദേശയാത്രകള്‍ നടത്തുന്നു, എന്നാല്‍ വരുമാനം വര്‍ധിക്കുന്നുമില്ല. നികുതി പിരിവ് ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്', പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ജിഎസ്ടിക്ക് അനുയോജ്യമായി നികുതി സംവിധാനം മാറ്റി. എന്നാല്‍ വാറ്റിലെ സംവിധാനമാണ് കേരളം ഇപ്പോഴും തുടരുന്നത്. ഇത് മാറ്റണമെന്ന് പ്രതിപക്ഷം പലതവണ ആവശ്യപ്പെട്ടിട്ടും നടപ്പായില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

സര്‍ക്കാരിന്റെയും എല്‍ഡിഎഫിന്റെ ഏറ്റവും വലിയ ഉറപ്പായിരുന്നു സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വൈകില്ല എന്നത്. എന്നാല്‍ ബാങ്കില്‍ ഈ തുക കൊണ്ടുപോയി കൊടുക്കുന്നയാള്‍ക്ക് ഒരു വര്‍ഷമായി ശമ്പളമില്ല. തളര്‍ന്നുകിടക്കുന്ന ആളെ നോക്കുന്നവര്‍ക്കായി ഒരു പദ്ധതിയുണ്ട്, അവര്‍ക്ക് പണം നല്‍കിയിട്ട് ആറ് മാസമായി. എന്നിട്ടാണ് സര്‍ക്കാരിന്റെ ഈ ആര്‍ഭാടം.

കൂട്ടിക്കലില്‍ ദുരന്തമുണ്ടായ സ്ഥലത്തും നിലമ്പൂരില്‍ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തും ഒരാള്‍ക്കു പോലും വീട് നിര്‍മ്മിച്ച് നല്‍കിയിട്ടില്ല. പരിതാപകരമായ അവസ്ഥയിലാണ് കാര്യങ്ങള്‍ പോകുന്നത്. കയ്യില്‍ പണമില്ലെന്നത് മറച്ചു വെച്ചാണ് സര്‍ക്കാരിന്റെ നടപടികളെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

'ഗവര്‍ണറും സര്‍ക്കാരും ഒരുമിച്ചാണ്. അതിന്റെ രാഷ്ട്രീയം മനസിലാക്കണം. ഇതുവരെയുള്ള എല്ലാ തെറ്റുകളും ചെയ്തത് ഇരുവിഭാഗങ്ങളും ഒരുമിച്ചാണ്. അവര്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അവര്‍ തമ്മില്‍ അകന്നു എന്ന് കരുതി ഒരുമിച്ച് ചെയ്ത തെറ്റുകള്‍ ഇല്ലാതാകില്ല', സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Story Highlights: Opposition Leader VD Satheesan Against Govt

Next Story

Popular Stories