Top

'ക്യാംപെയിന്‍ മാത്രമാണ് നടക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് നടക്കുന്നില്ല'; ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് വി ഡി സതീശന്‍

തലശ്ശേരിയിലെ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നല്‍കുന്നത് സിപിഐഎമ്മുകാരാണെന്നും പ്രതിപക്ഷ നേതാവ്

9 Dec 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ക്യാംപെയിന്‍ മാത്രമാണ് നടക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് നടക്കുന്നില്ല; ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ സാധിക്കുന്നില്ലെന്ന് വി ഡി സതീശന്‍
X

തിരുവനന്തപുരം: മയക്കുമരുന്നിന് എതിരായ ക്യാംപെയിനിന് സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം പിന്തുണ നല്‍കിയിട്ടുണ്ടെന്ന് വി ഡി സതീശന്‍. തലശ്ശേരിയിലും വടകരയിലുമുണ്ടായിട്ടുള്ള സംഭവങ്ങള്‍ ഞെട്ടിക്കുന്നതാണ്. തലശ്ശേരിയിലെ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം നല്‍കുന്നത് സിപിഐഎമ്മുകാരാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

'ലഹരിക്കെതിരെ സര്‍ക്കാരിന്റെ ക്യാംപെയിന്‍ മാത്രമാണ് നടക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് നടക്കുന്നില്ല. ലഹരിയുടെ ഉറവിടം കണ്ടെത്താന്‍ കഴിയുന്നില്ല. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് കച്ചവടമാണ് നടക്കുന്നത്. ഭരണകക്ഷിയാണ് ലോക്കല്‍ പൊലീസ് സ്റ്റേഷനുകളും ഉദ്യോഗസ്ഥന്മാരെയുമെല്ലാം കൈകാര്യം ചെയ്യുന്നത്. അവരുടെ അറിവോടെയാണ് പല സ്ഥലത്തും കാര്യങ്ങള്‍ നടക്കുന്നത്. അതിന്റെ റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്തുവന്നിട്ടുണ്ട്.

നിയമസഭയില്‍ ഇപ്പോള്‍ ഒരു പത്രത്തെ കുറിച്ചു പോലും പറയാന്‍ പാടില്ല എന്നായി. ഏത് കാലത്താണ് സഭയില്‍ മാധ്യമങ്ങളെ ഉദ്ധരിക്കാതിരുന്നിട്ടുള്ളത്. മാധ്യമങ്ങള്‍ക്ക് വിശ്വാസ്യത ഇല്ല എന്ന തരത്തിലേക്ക് രണ്ട് ദിവസമായി സഭ മാറി. ഇത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളില്‍ പറയുന്നത് തെറ്റായ കാര്യങ്ങളാണെങ്കില്‍ അത് നിഷേധിക്കാനുള്ള അവകാശം ഭരണപക്ഷത്തിനുണ്ട്. അതവര്‍ ചെയ്യുന്നില്ല. അതിന് പകരം മാധ്യമങ്ങളെ ഉദ്ധരിക്കാന്‍ പാടില്ലെന്നാണ് പറയുന്നത്', വാര്‍ത്താസമ്മേളനത്തില്‍ വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: Opposition Leader VD Satheesan Against Government

Next Story