'മരണക്കിടക്കയില്‍ കിടക്കുന്നവര്‍ വെള്ളം ചോദിച്ചാല്‍ കത്ത് തരേണ്ടി വരുമോ?'; ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിനില്ലെന്ന് പ്രതിപക്ഷം
മരണക്കിടക്കയില്‍ കിടക്കുന്നവരുടെ വെള്ളം മുട്ടിക്കുന്ന പണി ഒന്നും പിണറായി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
7 Feb 2023 5:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: വെള്ളക്കരം വര്‍ധിപ്പിച്ച നടപടി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ നോട്ടീസ് നല്‍കി. എം വിന്‍സന്റ് എംഎല്‍എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. വാട്ടര്‍ അതോറിറ്റി നേരിടുന്നത് 4912.42 കോടി രൂപയുടെ സഞ്ചിത നഷ്ടമാണെന്നും പ്രതിപക്ഷം സഹകരിക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടിയില്‍ ആവശ്യപ്പെട്ടു.
നികുതിക്കൊള്ളയില്‍ ജനങ്ങള്‍ വീണു കിടക്കുമ്പോഴാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നതെന്ന് എം വിന്‍സന്റ് വിമര്‍ശിച്ചു. ആരാച്ചാര്‍ക്കുള്ള ദയ പോലും സര്‍ക്കാരിന് ഇല്ല. മരണക്കിടക്കയില്‍ കിടക്കുന്നവര്‍ വെള്ളം ചോദിച്ചാല്‍ അതിനും കത്ത് നല്‍കേണ്ടി വരുമോ എന്നും മന്ത്രി കഴിഞ്ഞ ദിവസം സഭയില്‍ നടത്തിയ പ്രതികരണത്തിന് മറുപടിയായി എം വിന്‍സന്റ് ചോദിച്ചു.
'ഈ കാലത്ത് ഒരു സര്‍ക്കാരും ചാര്‍ജ് വര്‍ധിപ്പിക്കാന്‍ പാടില്ല. ജല്‍ ജീവന്‍ മിഷനിലൂടെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങളെ കെണിയിട്ട് പിടിക്കുന്നു. സര്‍ക്കാര്‍ കൊടുക്കേണ്ടത് കൊടുക്കാതെ ജനങ്ങളുടെ മെക്കിട്ട് കയറരുത്. സ്വന്തം മാനിഫെസ്‌റ്റോയോടെങ്കിലും സര്‍ക്കാര്‍ കൂറ് പുലര്‍ത്തണ്ടേ? എല്ലാത്തിനും നികുതി വര്‍ധിപ്പിക്കുകയാണ്. ഇനി എങ്കിലും പാവപ്പെട്ട ജനങ്ങളെ വെറുതെ വിടണം', എം വിന്‍സന്റ് പറഞ്ഞു.
മരണക്കിടക്കയില്‍ കിടക്കുന്നവരുടെ വെള്ളം മുട്ടിക്കുന്ന പണി ഒന്നും പിണറായി സര്‍ക്കാര്‍ ചെയ്തിട്ടില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ട്. പക്ഷെ ജനങ്ങള്‍ക്ക് വെള്ളം കൊടുക്കുന്ന കാര്യത്തില്‍ ഒരു രീതിയിലും പിശക് കാട്ടിയിട്ടില്ല. 137.06 കോടി രൂപ റണ്ണിങ് കോണ്‍ട്രാക്ടര്‍മാര്‍ക്ക് നല്‍കാനുണ്ട്. ഉല്‍പ്പാദന ചെലവും വരവും തമ്മിലുള്ള അന്തരം 11 രൂപയായി തുടരുന്നു. വെള്ളം ലഭിക്കാത്ത ആരും കരം നല്‍കേണ്ടതില്ല. സാങ്കേതിക പിഴവുകള്‍ ഉണ്ടെങ്കില്‍ പരിശോധിച്ച് പരിഹരിക്കാവുന്നതേയുള്ളൂ. പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് നിരക്ക് വര്‍ധന ബാധകമാക്കില്ലെന്നും എപിഎല്‍ കാര്‍ഡ് ആണെങ്കിലും ഭിന്നശേഷിക്കാര്‍ ഉള്ള വീടുകളില്‍ വര്‍ധന നടപ്പാക്കില്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു.
Story Highlights: Opposition Against Water Tax Hike And Minister's Reaction
- TAGS:
- Roshy Augustine
- Water Bill
- UDF