Top

'ദോശ ചുടുന്നതുപോലെ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നു'; ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം നീക്കാനുള്ള ബില്‍ തട്ടിക്കൂട്ടെന്ന് പ്രതിപക്ഷം

ബില്ലിന് നിരവധി നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

7 Dec 2022 8:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദോശ ചുടുന്നതുപോലെ സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നു; ഗവര്‍ണറുടെ ചാന്‍സലര്‍ സ്ഥാനം നീക്കാനുള്ള ബില്‍ തട്ടിക്കൂട്ടെന്ന് പ്രതിപക്ഷം
X

തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. ബില്ലില്‍ തടസവാദം ഉന്നയിച്ച് പ്രതിപക്ഷം രംഗത്തെത്തി. നിരവധി നിയമപ്രശ്‌നങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

തട്ടിക്കൂട്ട് ബില്ലാണ് അവതരിപ്പിച്ചിരിക്കുന്നത്. ബില്ലില്‍ യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ട്. ഇത് സുപ്രീംകോടതി വിധികള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേന്ദ്രനിയമത്തിന് വിരുദ്ധമായി സംസ്ഥാനം നിയമം കൊണ്ടുവന്നാല്‍ അത് നിലനില്‍ക്കില്ല. പ്രോ ചാന്‍സലറായ മന്ത്രി ചാന്‍സലറുടെ താഴെയാകുന്നു. ഇക്കാര്യത്തില്‍ ബില്ലില്‍ അവ്യക്തതയുണ്ടെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

ചാന്‍സലറുടെ വിദ്യാഭ്യാസ യോഗ്യത ബില്ലില്‍ ചൂണ്ടിക്കാട്ടുന്നില്ല. കുറഞ്ഞ യോഗ്യത പോലും പറയുന്നില്ല. ആരെയും നിയമിക്കാമെന്നാണ് അവസ്ഥ. ഓരോ സര്‍വ്വകലാശാലയ്ക്കും അനുയോജ്യമായ വ്യവസ്ഥ ബില്ലില്‍ ഇല്ല. ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് മാറ്റുന്നതല്ല പ്രശ്‌നം. സര്‍വ്വകലാശാലകളെ മാര്‍ക്‌സിസ്റ്റുവല്‍ക്കരിക്കാനാണ് ബില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

സര്‍ക്കാരും ഗവര്‍ണറും ഒരേ പാതയിലാണ് സഞ്ചാരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇവര്‍ ഒരുമിച്ചാണ് ഭരണഘടനാവിരുദ്ധമായ കാര്യങ്ങള്‍ ചെയ്തത്. സര്‍ക്കാരും ഗവര്‍ണറും ഒരുമിച്ചാണ് സര്‍വ്വകലാശാലകളിലെ കുഴപ്പങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത്. ചാന്‍സലര്‍ ബില്ല് പിന്‍വലിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

ദോശ ചുടുന്നത് പോലെയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവന്നതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ചാന്‍സലര്‍ പദവിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പുതുക്കിയ ധനകാര്യ മെമ്മോറാണ്ടം കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മന്ത്രി പി രാജീവ് മറുപടി പറഞ്ഞു. യുജിസി മാര്‍ഗനിര്‍ദേശങ്ങള്‍ ഉന്നയിച്ച് നിയമനിര്‍മ്മാണത്തെ എതിര്‍ക്കുന്നത് അപകടകരമായ രാഷ്ട്രീയമാണ്. പ്രതിപക്ഷത്തിന്റേത് ജനാധിപത്യത്തിന്റെ കുരുതിക്കുള്ള ചുവടുവെയ്പ്പാണ്. യുജിസി മാര്‍ഗ നിര്‍ദേശം സംസ്ഥാനത്തിന് മുകളിലാകുമോ എന്നും കേന്ദ്രത്തിന് അധികാരം നല്‍കുന്നതിന് കോണ്‍ഗ്രസ് കയ്യടിക്കുന്നത് എങ്ങനെയാണെന്നും പി രാജീവ് ചോദിച്ചു.

Story Highlights: Opposition Against Chancellor Bill In Assembly

Next Story