ഓപ്പറേഷന് പിടി സെവന് തിരിച്ചടി; ആനയെ മയക്കുവെടി വെക്കുന്നതിനുളള ഇന്നത്തെ ശ്രമം ഉപേക്ഷിച്ചേക്കുമെന്ന് സൂചന
വനാതിര്‍ത്തിയില്‍ നിന്നിരുന്ന ആന എവിടെയും നിലയുറപ്പിക്കാത്തതും കൊമ്പന് ഉള്‍ക്കാട് കയറിയതിനാലും മയക്കുവെടി വെക്കാനായില്ലെന്ന് ദൗത്യസംഘം അറിയിച്ചു
21 Jan 2023 8:07 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പാലക്കാട്: ഓപ്പറേഷന് പിടി സെവന് അപ്രതീക്ഷിത തിരിച്ചടി.വനാതിര്‍ത്തിയില്‍ നിന്നിരുന്ന ആന എവിടെയും നിലയുറപ്പിക്കാത്തതും കൊമ്പന് ഉള്‍ക്കാട് കയറിയതിനാലും മയക്കുവെടി വെക്കാനായില്ലെന്ന് ദൗത്യസംഘം അറിയിച്ചു. ചെങ്കുത്തായ പ്രദേശത്ത് ആന നിലയുറപ്പിച്ചതാണ് ദൗത്യസംഘത്തിന് തിരിച്ചടിയായത്. ആനയെ മയക്കുവെടി വെക്കുന്നതിനുളള ഇന്നത്തെ ശ്രമം ഉപേക്ഷിച്ചേക്കുമെന്നും സൂചനയുണ്ട്.
എന്നാല്‍ വൈകുന്നേരം മൂന്ന് മണി വരെ സംഘം പ്രദേശത്ത് നിരീക്ഷണം തുടരും. ദൗത്യ സംഘത്തില്‍ നിന്ന് പകുതി പേരെ തല്‍ക്കാലത്തേക്ക് പിന്‍വലിച്ചിരിക്കുകയാണ്. കനത്ത വെയില് മാറിയ ശേഷമേ മയക്കുവെടിവയ്ക്കാനുള്ള സാധ്യതയുള്ളൂ എന്നാണ് ഒടുവില്‍ കിട്ടുന്ന സൂചന.
ഇന്ന് പുലര്‍ച്ചെയാണ് ധോണിയില്‍ ഭീതി പടര്‍ത്തിയ പിടി സെവനെ പിടികൂടാനുള്ള ദൗത്യം ആരംഭിച്ചത്. ധോണിയില്‍ സുരക്ഷിത സ്ഥലത്ത് വെച്ച് പിടി സെവനെ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദൗത്യം തുടങ്ങിയത്്. പുലര്‍ച്ചെ അഞ്ച് മണിയോടെ ദൗത്യസംഘം എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചപൊലെ ആയിരുന്നില്ല ഇന്നത്തെ സാഹചര്യം. പുലര്‍ച്ചെ മുതല്‍ ദൗത്യം ആരംഭിച്ചെങ്കിലും ഉച്ച ആയിട്ടും ആനയെ മയക്കുവെടി വെയ്ക്കാന്‍ സാധിച്ചിട്ടില്ല.
STORY HIGHLIGHTS: Operation PT Seven Unexpected Backlash