Top

ഓപറേഷന്‍ പി ഹണ്ട്; 410 കേന്ദ്രങ്ങളില്‍ പരിശോധന, ഐ ടി പ്രൊഫഷണലുകളടക്കം 10 പേര്‍ അറസ്റ്റില്‍

17 Jan 2022 3:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓപറേഷന്‍ പി ഹണ്ട്; 410 കേന്ദ്രങ്ങളില്‍ പരിശോധന, ഐ ടി പ്രൊഫഷണലുകളടക്കം 10 പേര്‍ അറസ്റ്റില്‍
X

കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപറേഷന്‍ പി ഹണ്ട് റെയ്ഡില്‍ ഐ ടി പ്രൊഫഷണലുകളും ഉയര്‍ന്ന ഉദ്യോഗസ്ഥരുമുള്‍പ്പെടെ 10 പേര്‍ അറസ്റ്റില്‍. ഞായറാഴ്ച രാവിലെ മുതല്‍ നടത്തിയ പരിശോധനയില്‍ 161 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജില്ലകളിലായി 410 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.

സംസ്ഥാന വ്യപകമായി നടത്തിയ പരിശോധനിയില്‍ അഞ്ച് വയസ്സിനും പതിനാറ് വയസ്സിനും ഇടയില്‍ പ്രായമുള്ള കേരളത്തിലെ കുട്ടികളുടെ നഗ്‌നചിത്രങ്ങളടക്കം പ്രചരിപ്പിച്ചെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പരിശോധന നടത്തിയ കേന്ദ്രങ്ങളില്‍ നിന്നും ലാപ്‌ടോപ്പുകളും മൊബൈലുകളുമടക്കം 186 ഉപകരണങ്ങളാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.

കുട്ടികള്‍ക്കെതിരെ സമൂഹ മാധ്യമങ്ങള്‍ വഴി നടക്കുന്ന അതിക്രമങ്ങള്‍ തടയുന്നതിനും കുട്ടികള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങള്‍ തടയാനും അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും തടയുന്നതിനും ഇന്റര്‍പോളുമായി കേരള പൊലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.

കൊല്ലം ജില്ലയിലെ 16 സ്ഥലങ്ങളില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ഒമ്പത് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കുകയും മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. കോട്ടയം ജില്ലയില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്തു. 16 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇവരില്‍നിന്ന് 17 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.

എറണാകുളത്ത് 18 മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു. 18 പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുമെന്ന് എസ് പി പറഞ്ഞു.

കണ്ണൂര്‍ സിറ്റി പൊലീസ് പരിധിയിലെ 23 ഇടങ്ങളില്‍ ഓപറേഷന്‍ പി. ഹണ്ടിന്റെ ഭാഗമായി നടത്തിയ റെയ്ഡില്‍. പ്രതിയില്‍നിന്ന് അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വിഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇയാളില്‍നിന്ന് ഒരു മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പ്രതികളില്‍ നിന്നും പിടികൂടിയ ഫോണ്‍ വിദഗ്ധ പരിശോധനക്കായി ഫോറന്‍സിക് വകുപ്പിന് കൈമാറും. അശ്ലീല വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്ന വ്യക്തികളെ നിരീക്ഷിച്ചതിന് ശേഷമാണ് ഇന്റര്‍പോള്‍ കേരള പൊലീസിന് വിവരങ്ങള്‍ കൈമാറുന്നത്.

Next Story