Top

'ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺ​ഗ്രസിനെ നയിക്കാൻ പ്രാപ്തനായ നേതാവാണ് ഖാർ​ഗെ'; ഉമ്മൻചാണ്ടി

'എല്ലാവരേയും യോജിപ്പിച്ചും ഐക്യത്തോടെയും കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് ഖാര്‍ഗെ'

2 Oct 2022 5:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ പ്രതിസന്ധി ഘട്ടത്തിൽ കോൺ​ഗ്രസിനെ നയിക്കാൻ പ്രാപ്തനായ നേതാവാണ് ഖാർ​ഗെ; ഉമ്മൻചാണ്ടി
X

തിരുവനന്തപുരം: കോൺ​ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർ​ഗെയെ പിന്തുണച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. പ്രതിസന്ധി നിറഞ്ഞ ഇന്നത്തെ കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ അനുഭവസമ്പത്തും പ്രാപ്തിയുമുള്ള മുതിര്‍ന്ന നേതാക്കളില്‍ പ്രമുഖനാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തിനും കൂട്ടായ്മക്കും ശ്രദ്ധേയമായ നേതൃത്വം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാവെന്ന നിലയിലും കേന്ദ്രത്തിലും കര്‍ണാടകയിലും മന്ത്രിയായും സംഘടനാ പ്രവര്‍ത്തന രംഗത്തും മികവ് തെളിയിച്ചിട്ടുണ്ട് ഖാർ​ഗെ. എല്ലാവരേയും യോജിപ്പിച്ചും ഐക്യത്തോടെയും കോണ്‍ഗ്രസിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാവാണ് അദ്ദേഹമെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസ്സ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നുവെന്നത് കോണ്‍ഗ്രസിന്റെ ഉന്നതമായ ജനാധിപത്യ പാരമ്പര്യമാണ് വിളിച്ചറിയിക്കുന്നത്. ആരോഗ്യകരമായ മത്സരം പാര്‍ട്ടിക്ക് കൂടുതല്‍ കരുത്ത് പകരുക തന്നെ ചെയ്യുമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. ശശി തരൂർ എംപിയും, മല്ലികാർജുൻ ഖാർ​ഗെയുമാണ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജിവെച്ചിരുന്നു. ഒരാള്‍ക്ക് ഒരു പദവി എന്ന ജയ്പൂര്‍ സമ്മേളനത്തിലെ നയത്തിനനുസൃതമായാണ് രാജി. ഖാര്‍ഗെ രാജിവെച്ച സാഹചര്യത്തില്‍ പി ചിദംബരം, ദിഗ് വിജയ് സിങ്, മുകുള്‍ വാസ്‌നിക് എന്നിവരെയായിരിക്കും പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് പരിഗണിക്കുക.

ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ ഭാഷകളില്‍ പ്രാവീണ്യമുള്ള ഖാര്‍ഗെ ഏറെക്കാലം കര്‍ണാടക കാബിനറ്റ് മന്ത്രിയായിരുന്നു. 2005ല്‍ കര്‍ണാടക പിസിസി അദ്ധ്യക്ഷനായിരുന്ന ഖാര്‍ഗെ പിന്നീട് പ്രതിപക്ഷ നേതാവായി. 2009ലാണ് ആദ്യമായി ലോക്‌സഭ അംഗമാകുന്നത്. യുപിഎ മന്ത്രിസഭയില്‍ തൊഴിയില്‍ വകുപ്പ് മന്ത്രിയായി. റെയില്‍ മന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുക്കപ്പെട്ട ഖാര്‍ഗെ കോണ്‍ഗ്രസ് സഭാ കക്ഷി നേതാവാണ്.

STORY HIGHLIGHTS: Oommen Chandy says this crisis time Kharge is a capable leader to lead the Congress

Next Story