ചെറിയാന് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കെന്ന് ഉമ്മന്‍ചാണ്ടി; ആ രക്ഷകര്‍തൃത്വം ഇനിയും വേണമെന്ന് മറുപടി
അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ല
25 Oct 2021 1:11 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ചെറിയാന് ഫിലിപ്പ് കോണ്‍ഗ്രസ് വിട്ടതിന്റെ ഉത്തരവാദിത്തം തനിക്കാണെന്ന് ഉമ്മന്‍ചാണ്ടി. അന്നും ഇന്നും ചെറിയാന് ഫിലിപ്പിനോട് തനിക്ക് വിദ്വേഷമില്ലെന്നും ഉമ്മന്‍ചാണ്ടി കേരള സഹൃദയ വേദിയുടെ അവുക്കാദര്‍കുട്ടി നഹ പുരസ്കാരദാന ചടങ്ങില്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി പറഞ്ഞത്: ''പുതുപ്പള്ളിയില്‍ എനിക്കെതിരെ ചെറിയാന് ഫിലിപ്പ് മത്സരിച്ചപ്പോള്‍ എല്ലാര്ക്കും അതൊരു അത്ഭുതമായിരുന്നു. എല്ലാവരും ധരിച്ചത് ഞാനും ചെറിയാനുമായിട്ടുള്ള സൗഹൃദം അവസാനിച്ചെന്നാണ്. എന്നാല്‍, ഞാന്‍ അങ്ങനെയായിരുന്നില്ല. ഏത് പ്രശ്നം വന്നാലും ഞാന്‍ എതിരെയുള്ള ആളുടെ കാഴ്ചപ്പാടില്‍ കൂടി നോക്കും. അങ്ങനെ നോക്കുമ്പോള്‍ എനിക്ക് ചെറിയാനോട് വിദ്വേഷമല്ല. എന്തോ ഒരു തെറ്റ് എന്റെ ഭാഗത്ത് വന്നു എന്ന മനോഭാവമായിരുന്നു. ചെറിയാന് ഫിലിപ്പിനെ പോലെയുള്ള ഒരു വ്യക്തിക്ക് ജയിച്ചുവരാന്‍ കഴിയുന്ന സീറ്റ് പാര്‍ട്ടിക്ക് കൊടുക്കാന്‍ സാധിക്കാതെ പോയി. തെറ്റ് ചെറിയാന്റെ ഭാഗത്തല്ല, ഞാന്‍ കൂടി ഉള്‍പ്പെടുന്ന സംവിധാനത്തിന്റെ തെറ്റായാണ് കാണുന്നത്. അതുകൊണ്ടുതന്നെ അന്നും ഇന്നും ചെറിയാനോട് വിദ്വേഷമില്ല.''
ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശങ്ങള്‍ മറുപടിയുമായി ചെറിയാന് ഫിലിപ്പും രംഗത്തെത്തി. ''എന്റെ രക്ഷകര്‍ത്താവാണ് ഉമ്മന്‍ ചാണ്ടി. ആ രക്ഷകര്‍തൃത്വം ഇനിയും എനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് എന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി.''
സിപിഐഎമ്മുമായി അകന്നതിനു ശേഷം ചെറിയാന് ഫിലിപ്പ് ആദ്യമായാണ് ഉമ്മന്‍ചാണ്ടിയുമായി വേദി പങ്കിടുന്നത്. ഇടതു പാളയം വിട്ട് കോണ്‍ഗ്രസിലേക്ക് ചെക്കേറുമെന്ന കൃത്യമായ സൂചനയാണ് ചെറിയാന് പ്രസംഗത്തില്‍ നല്‍കിയത്. കാല് നൂറ്റാണ്ടു കാലത്തെ കേരള രാഷ്ട്രീയ ചരിത്രമെഴുതിയ ചെറിയാന് തുടര്‍ ചരിത്രം എഴുത്തിന്റെ പണിപ്പുരയിലാണ്. പുസ്തക പ്രകാശനത്തിന് പിന്നാലെ തന്റെ രാഷ്ട്രീയ നിലപാട് പരസ്യമായി ചെറിയാന് ഫിലിപ്പ് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.