Top

'നികുതി ഇളവ് സര്‍ക്കാരിന്റെ ഔദാര്യമല്ല, സാമ്പത്തിക ബുദ്ധിമുട്ടിലും വാര്‍ഷികത്തിന് നൂറ് കോടി'; വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി

കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തിരുവ കുറച്ചപ്പോള്‍ ആനുപാതികമായി കേരളത്തില്‍ 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറഞ്ഞിട്ടുണ്ട്.

22 May 2022 5:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നികുതി ഇളവ് സര്‍ക്കാരിന്റെ ഔദാര്യമല്ല, സാമ്പത്തിക ബുദ്ധിമുട്ടിലും വാര്‍ഷികത്തിന് നൂറ് കോടി; വിമര്‍ശിച്ച് ഉമ്മന്‍ചാണ്ടി
X

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ഇന്ധന നികുതി കുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആനുപാതികമായ കുറവല്ല നികുതിയില്‍ വരുത്തേണ്ടത്. നികുതി ഇളവ് സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചു. ഇന്ധന വില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ആശ്വാസകരമാണ്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് വാര്‍ഷികത്തിന് സര്‍ക്കാര്‍ നൂറ് കോടി വകയിരുത്തിയതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തി.

'കേന്ദ്രസര്‍ക്കാര്‍ നികുതി കുറക്കുകയും സംസ്ഥാനങ്ങളോട് കുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അത് അനുസരിച്ച് ആനുപാതികമായ കുറവ് വരുത്തണം. അല്ലാത്ത നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നികുതി ഇളവ് ഔദാര്യമല്ല. കേന്ദ്രസര്‍ക്കാര്‍ എടുത്ത തീരുമാനത്തിന്റെ തുടര്‍ന്നുള്ള നടപടിയാണ്. ഈ സാമ്പത്തിക ബുദ്ധിമുട്ടുള്ള സര്‍ക്കാര്‍ നൂറ് കോടി രൂപയാണ് വാര്‍ഷിക ആഘോഷത്തിന് മാറ്റിവെച്ചിട്ടുള്ളത്.' ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേന്ദ്രസര്‍ക്കാര്‍ പെട്രോളിന്റേയും ഡീസലിന്റേയും എക്‌സൈസ് തിരുവ കുറച്ചപ്പോള്‍ ആനുപാതികമായി കേരളത്തില്‍ 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറഞ്ഞിട്ടുണ്ട്. കൂടുതല്‍ ഇളവുകള്‍ ഒന്നും സംസ്ഥാന സര്‍ക്കാര്‍ വരുത്തിയിട്ടില്ല. ഈ നടപടിയെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഉമ്മന്‍ചാണ്ടിയുടെ തീരുമാനം. 2021 നവംബറില്‍ കേന്ദ്രം എക്‌സൈസ് തിരുവ കുറച്ചപ്പോള്‍ ഇളവ് നല്‍കാതിരുന്ന സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സംസ്ഥാനങ്ങളും ഇന്ധന നികുതി കുറക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. അന്ന് കേരളം ഇന്ധന നികുതി കുറച്ചിരുന്നില്ല.

കേന്ദ്രം നികുതി കുറച്ചതിനെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി കെ.എന്‍.ബാലഗോപാല്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റില്‍ സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചെന്ന് അവകാശപ്പെട്ടിരുന്നു. . എന്നാല്‍, മന്ത്രി പറയുന്നത് കേന്ദ്രം കുറച്ചതിന് ആനുപാതികമായി ഉണ്ടാവുന്ന കുറവാണ്. സംസ്ഥാനനികുതിയില്‍ പ്രത്യേകം കുറവുവരുത്തിയിട്ടില്ല.

Next Story