സോണിയ കൂടികാഴ്ച്ച ആന്ധ്രയിലെ പ്രശ്നങ്ങള്‍ ധരിപ്പിക്കാന്‍: ഉമ്മന്‍ചാണ്ടി
ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി അറിയിച്ചു
17 Nov 2021 6:00 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആന്ധ്രപ്രദേശ് കോണ്‍ഗ്രസിലെ വിഷയങ്ങള്‍ ബോധിപ്പിക്കാനാണ് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ദില്ലിയില്‍ പ്രതികരിച്ചു. 11 -30 ന് സോണിയാ ഗാന്ധിയുമായി കൂടികാഴ്ച്ച നടത്തും. കേരളത്തിലെ പുനഃസംഘടനാ വിഷയങ്ങള്‍ സംബന്ധിച്ച കാര്യങ്ങളെല്ലാം സംസ്ഥാനത്തെ ജനറല്‍ സെക്രട്ടറിയോട് പറഞ്ഞിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു.
അതിനിടെ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരാതി അറിയിച്ചു. പാര്‍ട്ടിയെ തകര്‍ക്കാനാണ് ഇരുവരുടെയും നീക്കമെന്നും, മക്കള്‍ക്ക് വേണ്ടിയാണ് തലമുറ മാറ്റം എതിര്‍ക്കുന്നതെന്നുമാണ് പരാതിക്കാര്‍ ഉന്നയിക്കുന്നത്. പുന:സംഘടനക്കെതിരായ നീക്കത്തില്‍ നിന്ന് നേതാക്കളെ ഹൈക്കമാന്‍ഡ് പിന്തിരിപ്പിക്കണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഘടന തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ പുന:സംഘടന ആവശ്യമില്ലെന്നാണ് എ ഐ ഗ്രൂപ്പുകളുടെ നിലപാട്. ഇതിനകം വിഷയം സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിനെ അറിയിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ അതൃപ്തി താരിഖ് അന്‍വര്‍ പരസ്യമാക്കുകയും ചെയ്തിരുന്നു. ചില കാര്യങ്ങളില്‍ നേതാക്കള്‍ക്ക് അതൃപ്തിയുണ്ടാവുക സ്വാഭാവികമാണ്. ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കും. ശേഷം പുനഃസംഘടന നടപടികളില്‍ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞിരുന്നു. പുനഃസംഘടനയിലെ അതൃപ്തി അറിയിക്കാന്‍ അടുത്തയാഴ്ച്ച രമേശ് ചെന്നിത്തലയും ദില്ലിയില്‍ സോണിയാ ഗാന്ധിയെ കണ്ടേക്കും.