Top

'ശബരിനാഥന്റെ ജാമ്യം സർക്കാരിന് തിരിച്ചടി, പൊലീസിന് നാണക്കേട്'; പോരാട്ടം തുടരുമെന്ന് ഉമ്മൻ ചാണ്ടി

19 July 2022 8:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശബരിനാഥന്റെ ജാമ്യം സർക്കാരിന് തിരിച്ചടി, പൊലീസിന് നാണക്കേട്; പോരാട്ടം തുടരുമെന്ന് ഉമ്മൻ ചാണ്ടി
X

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ ഗൂഢാലോചനാ കുറ്റം ചേർത്ത് അറസ്റ്റിലായ മുൻ എംഎൽഎ ശബരിനാഥന് കോടതി ജാമ്യം അനുവദിച്ചത് സർക്കാരിന് കനത്ത തിരിച്ചടിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സർക്കാരിന്റെ ആയുധമായി മാറിയ പൊലീസിന് കനത്ത നാണക്കേടും ഉണ്ടാക്കി. പൊലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകർക്കാൻ കഴിയില്ല. സർക്കാരിന്റെ ദുഷ്‌ചെയ്തികൾക്കെതിരേ കൂടുതൽ കരുത്തോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും പോരാടുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

പൊലീസും അധികാരവും കൈയ്യിലുണ്ടെന്ന അഹങ്കാരത്തിന്റെ വഴികളിലൂടെയാണ് സർക്കാർ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചു. പണ്ട് എകെജി സെന്ററായിരുന്നു ഗൂഢാലോചന കേന്ദ്രമെങ്കിൽ ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് ഗൂഢാലോചനയുടെ കേന്ദ്രം. ഇല്ലാത്തൊരു കേസുണ്ടാക്കിയാണ് ശബരിനാഥനെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ അമിതാധികാര ശക്തിയെന്നും വി ഡി സതീശൻ ആരോപിച്ചു.

അതേസമയം ശബരീനാഥൻ നിരപരാധിയെന്നാണ് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പ്രതികരിച്ചത്. സത്യസന്ധമായ നടപടി അല്ലാത്തതിനാലാണ് ശബരീനാഥന്റെ അറസ്റ്റ് വിവാദമാകുന്നതെന്നും സുധാകരൻ പറഞ്ഞു. ശബരിനാഥന്റെ അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ചാണ്. മുഖ്യമന്ത്രി കളവ് പറയുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരം പുലർത്തണമെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കെ എസ് ശബരീനാഥന് ജാമ്യം അനുവദിച്ചത്. പ്രധാന കവാടം ഒഴിവാക്കി പിൻവാതിൽ വഴിയായിരുന്നു ശബരിനാഥനെ വഞ്ചിയൂർ കോടതി മുറിയിൽ എത്തിച്ചത്. കോടതി പരിസരത്ത് വൻ സുരക്ഷാ സന്നാഹം ഒരുക്കിയായിരുന്നു പൊലീസ് ശബരിനാഥനെ കോടതിയിൽ ഹാജരാക്കിയത്. കോടതിക്ക് പുറത്ത് യൂത്ത് കോൺഗ്രസ് ശബരിനാഥന് പിന്തുണയുമായി എത്തിയിരുന്നു. ഡിവൈഎഫ്‌ഐ പ്രവർത്തകരും കോടതിക്ക് പുറത്ത് തമ്പടിച്ചിരുന്നു.

STORY HGIHLIGHTS: Oommen chandy on ks sabarinathan case

Next Story