Top

'പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുള്ള നേതാവ്'; സതീശന്‍ പാച്ചേനി മികച്ച സംഘാടകനായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി

സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ സതീശന്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്

27 Oct 2022 8:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുള്ള നേതാവ്; സതീശന്‍ പാച്ചേനി മികച്ച സംഘാടകനായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി
X

കണ്ണൂര്‍: സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന സതീശന്‍ യുവജന പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും നിറഞ്ഞ് നിന്നിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

പോരാട്ടങ്ങളുടെ മുന്‍പന്തിയിലുണ്ടായിരുന്ന സതീശന്‍ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും ആത്മാര്‍ത്ഥയോടെ നിറവേറ്റി. പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു സതീശന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് എന്നും കൂറും വിശ്വാസവും കാട്ടിയ പൊതുപ്രവര്‍ത്തകന്‍. സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ സതീശന്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരുടെയും ഹൃദയം കവര്‍ന്ന സതീശന്‍ മികച്ച സംഘാടകന്‍ കൂടിയായിരുന്നു. സതീശന്‍ പാച്ചേനിയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഇന്ന് രാവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സതീശന്‍ പാച്ചേനിയുടെ അന്ത്യം. 54 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടേതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രകാരമായിരുന്നു ചികിത്സ.

Story Highlights: Oommen Chandy Condoled The Death Of Satheesan Pacheni

Next Story