Top

'സിൽവർ ലൈൻ പദ്ധതിയെ ബുദ്ധിമാന്ദ്യം ബാധിച്ചവർ മാത്രമെ എതിർക്കൂ'; കടന്നാക്രമിച്ച് ഇ.പി ജയരാജൻ

കെ-റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും പദ്ധതി യാഥാർഥ്യമാകും

8 Jan 2022 10:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിൽവർ ലൈൻ പദ്ധതിയെ ബുദ്ധിമാന്ദ്യം ബാധിച്ചവർ മാത്രമെ എതിർക്കൂ; കടന്നാക്രമിച്ച് ഇ.പി ജയരാജൻ
X

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ ബുദ്ധിമാന്ദ്യം ബാധിച്ചവർ മാത്രമെ എതിർക്കൂവെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. കെ റെയിലിന്റെ സർവേ കല്ലിളക്കിയാൽ പല്ലു പോകുമെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇപി ജയരാജന്റെ പ്രസ്താവന. സർവേ കല്ല് പിഴുതാൽ കെ-റെയിൽ വരില്ലെന്നാണ് ചിലരുടെ ധാരണ. കെ-റെയിൽ കേരളത്തിന്റെ സമഗ്ര വികസനത്തിനുള്ളതാണെന്നും പദ്ധതി യാഥാർഥ്യമാകുമെന്നും ജയരാജൻ പറഞ്ഞു.

വിവരദോഷികളും ദീർഘവീക്ഷണമില്ലാത്തവരും എടുത്തുചാട്ടക്കാരും വകതിരിവില്ലാത്തവരുമൊക്കെ രാഷ്ട്രീയ നേതൃത്വത്തിൽ വന്നാൽ ഇങ്ങനെ പല വിഡ്ഢിത്തങ്ങളും ചെയ്യും. കെ റെയിൽ പദ്ധതിയെ എതിർക്കുന്നവർ ഏതോ കാലത്ത ചിന്താഗതികൾ വെച്ചുപുലർത്തുകയാണ്. ആധുനിക കാലഘട്ടമാണിത്. ലോകം വളരുകയാണ്. അതിന് അനുസരിച്ച് ചിന്തയും വളരണം. ചിന്തിക്കുന്നവരെല്ലാം ഈ പദ്ധതിക്ക് അനുകൂലമാണ്. 100 വർഷം പിന്നിലുള്ള ചിന്തയും ബുദ്ധിയും ശക്തിയുമായി നടന്നാൽ കോൺഗ്രസ് ഇന്ന് പലയിടത്തും തകർന്നുകൊണ്ടിരിക്കുന്നതിന്റെ ഫലം തന്നെ എല്ലായിടത്തും ഉണ്ടാകുമെന്നും ജയരാജൻ കുറ്റപ്പെടുത്തി.

നേരത്തെ കടലാസ് പുലികൾ ബഹളമുണ്ടാക്കിയാൽ യുഡിഎഫ് തോറ്റു കൊടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. എം.വി ജയരാജൻ നടത്തിയ പ്രസ്താവന ഗൗനിക്കുന്നില്ല. ഇതുപോലുള്ള കടലാസു പുലികൾ ബഹളമുണ്ടാക്കിയാൽ അതിനു മുന്നിൽ യുഡിഎഫ് തോറ്റുകൊടുക്കില്ല. ആളുകളുടെ പല്ലുകൊഴിക്കലും കൈ വെട്ടലും കാലും തലയും വെട്ടലുമാണല്ലോ സി.പി.ഐ.എമ്മിന്റെ പ്രധാന പണി. അതിനു നേതൃത്വം കൊടുക്കുന്നയാളാണ് കണ്ണൂർ ജില്ലാ സെക്രട്ടറി. അതുവെച്ച് ഞങ്ങളെ വിരട്ടാൻ വരേണ്ട. ജനങ്ങളോടാണ് പ്രതിപക്ഷം സംസാരിക്കുന്നത്. ജനങ്ങൾക്കു വേണ്ടിയാണ് യു.ഡി.എഫ് സമരം. കേരളത്തിലെ മുഴുവൻ ജനങ്ങളുമാണ് കെ റെയിലിന് ഇരകളാകാൻ പോകുന്നത്. സംസ്ഥാനത്തിനുണ്ടാകുന്ന പാരിസ്ഥിതികസാമൂഹിക ആഘാതവും സാമ്പത്തികമായുണ്ടാകുന്ന പ്രശ്‌നങ്ങളും കേരളത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങളാണ്വി. ഡി സതീശൻ പറഞ്ഞു.

Next Story