Top

'നാല് ലക്ഷത്തില്‍ 72,000 മാത്രം'; ഭവനപദ്ധതി കേന്ദ്രപദ്ധതിയാണെന്ന പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ സിപിഐഎം നേതാവ്

ലൈഫ് പദ്ധതിയുടെ ഭാഗമായി 46 ലക്ഷം വരെ സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മിക്കാന്‍ നീക്കി വെക്കുന്നു. ഇതില്‍ കേന്ദ്ര വിഹിതം പൂജ്യമാണ്

2 Sep 2022 4:35 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നാല് ലക്ഷത്തില്‍ 72,000 മാത്രം; ഭവനപദ്ധതി കേന്ദ്രപദ്ധതിയാണെന്ന പ്രധാനമന്ത്രിയുടെ വാദത്തിനെതിരെ സിപിഐഎം നേതാവ്
X

തിരുവനന്തപുരം: ഭവനപദ്ധതി കേന്ദ്രപദ്ധതിയാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം എസ് സതീഷ്. 72000 രൂപ മാത്രമാണ് കേന്ദ്രം നല്‍കുന്ന ഗ്രാമപ്രദേശങ്ങള്‍ക്കുള്ള പിഎംഎവൈ റൂറല്‍പദ്ധതി. ഒന്നരലക്ഷം മാത്രം നല്‍കുന്ന പിഎംഎവൈ അര്‍ബന്‍ പദ്ധതിയുടെയും പേരിലാണ് പ്രധാനമന്ത്രി നുണക്കോട്ട കെട്ടുന്നതെന്നും സതീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കേരളത്തില്‍ രണ്ട് ലക്ഷത്തോളം വീടുകള്‍ നിര്‍മാണം നടത്തി വരികയാണെന്നും ഒരു ലക്ഷത്തോളം വീടുകള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പ്രസംഗിച്ചിരുന്നു. ലൈഫ് പദ്ധതിയുമായി സംയോജിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ ഭൂരിപക്ഷ തുകയും ചെലവിട്ട് പണിത വീടുകളുടെ കണക്കാണ് മോദി കേന്ദ്രനേട്ടമായി നിരത്തുന്നതെന്നും സതീഷ് പറഞ്ഞു.

'ലൈഫ് പദ്ധതിയുടെ ഭാഗമായി 46 ലക്ഷം വരെ സംസ്ഥാന സര്‍ക്കാര്‍ വീട് നിര്‍മിക്കാന്‍ നീക്കി വെക്കുന്നു. ഇതില്‍ കേന്ദ്ര വിഹിതം പൂജ്യമാണ്. ഉപഭോക്തൃവിഹിതം ഇല്ല. ലൈഫ് പദ്ധതിയുടെ ഭാഗമായാണ് കേരളത്തില്‍ പിഎംഎവൈ പദ്ധതിയും നടപ്പിലാക്കുന്നത്. ലൈഫ് പിഎംഎവൈ റൂറല്‍, ലൈഫ് പിഎംഎവൈ അര്‍ബന്‍ എന്നീ പേരുകളില്‍. എന്നാല്‍ ഇത് മറ്റ് സംസ്ഥാനങ്ങളിലെ പിഎംഎവൈ പദ്ധതി പോലെയല്ല കേരളത്തില്‍. വീടിന് നാല് ലക്ഷം രൂപയാണ് കണക്കാക്കിയിട്ടുള്ളത്'. സതീഷ് പറഞ്ഞു

ലൈഫ് പിഎംഎവൈ റൂറല്‍ പദ്ധതിയില്‍ ആകെ ചെലവ് 4 ലക്ഷമാണ്. ഇതില്‍ കേന്ദ്ര വിഹിതം 72000 മാത്രമാണുള്ളത്.. ബാക്കി തുകയായ 3.28 ലക്ഷം കേരളത്തിന്റെ വിഹിതമാണ്. ലൈഫ് പിഎംഎവൈ അര്‍ബന്‍ പദ്ധതിയിലാണെങ്കില്‍ ആകെ ചെലവ് 4 ലക്ഷവും കേന്ദ്ര വിഹിതം ഒന്നര ലക്ഷവുമാണ്. ഇതില്‍ കേരളത്തിന്റെ വിഹിതം രണ്ടര ലക്ഷം രൂപയാണെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കൂട്ടിച്ചേര്‍ത്തു.

Story highlights: 'only 72,000 out of four lakh'; CPIM leader against PM's claim that housing scheme is a central scheme

Next Story