Top

'കിട്ടിയത് ചെറിയ തുക, റമ്മി പരസ്യം കരാറില്ലാതെ വര്‍ഷങ്ങള്‍ കളിച്ചു'; സാധാരണക്കാരെ വീഴ്ത്താന്‍ ഉപയോഗിച്ചെന്ന് പ്രതീഷ്

ഒരു സാധാരണക്കാരന്‍ ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ആ പരസ്യത്തിന് സ്വീകാര്യത ലഭിക്കും. അതാണ് സംഭവിച്ചത്

23 July 2022 7:49 AM GMT
ഇഖ്ബാല്‍ അറക്കല്‍

കിട്ടിയത് ചെറിയ തുക, റമ്മി പരസ്യം കരാറില്ലാതെ വര്‍ഷങ്ങള്‍ കളിച്ചു; സാധാരണക്കാരെ വീഴ്ത്താന്‍ ഉപയോഗിച്ചെന്ന് പ്രതീഷ്
X

പാലക്കാട്: ഓണ്‍ലൈന്‍ റമ്മിയിലൂടെ നഷ്ടങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളുവെന്ന് റമ്മി പരസ്യത്തില്‍ അഭിനയിച്ച പാലക്കാട് സ്വദേശി പ്രതീഷ് കുമാര്‍. പരസ്യത്തില്‍ അഭിനയിച്ചുവെന്നല്ലാതെ തനിക്ക് മറ്റ് നേട്ടങ്ങളോന്നും ഉണ്ടായിട്ടില്ലെന്നും പരസ്യങ്ങള്‍ കണ്ട് ആരും ഇത്തരം ഗെയിമുകളില്‍ ചെന്ന് ചാടെരുതെന്നും പ്രതീഷ് പറയുന്നു. പരസ്യത്തില്‍ അഭിനയിച്ച ശേഷം നാട്ടുകാരില്‍ നിന്നും കടുത്ത അധിക്ഷേപമാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പ്രതീഷ് റിപ്പോര്‍ട്ടര്‍ ടി വിയോട് പങ്കുവെച്ചു. റമ്മി കളിച്ച് സമ്പാദിച്ച പണത്തിലൂടെ പ്രതീഷ് സ്വന്തമായി ടെക്‌സ്റ്റൈല്‍സ് ആരംഭിച്ചുവെന്നാണ് കമ്പനി പരസ്യത്തിലൂടെ അവകാശപ്പെടുന്നത്.

'എന്റെ വീട് കണ്ടാല്‍ അറിയാല്ലോ പാവപ്പെട്ടവനാണോ, പണക്കാരനാണോയെന്ന്. എട്ട് വര്‍ഷം മുമ്പാണ് റമ്മി പരസ്യത്തില്‍ അഭിനയിച്ചത്. സിനിമാ രംഗത്തുള്ളവര്‍ വരെ പരസ്യത്തില്‍ അഭിനയിക്കുന്നുണ്ടല്ലോ. അവര്‍ക്ക് ലക്ഷങ്ങള്‍ കിട്ടിയിരിക്കാം. നമുക്കാണെങ്കില്‍ നഷ്ടം മാത്രമെ ഉണ്ടായിട്ടുള്ളൂ.' പ്രതീഷ് കുമാര്‍ പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു ദിവസം താമസം, കാറില്‍ യാത്ര, 10000 രൂപ അക്കൗണ്ടില്‍ ഇട്ടുതന്നു എന്നതൊഴിച്ചാല്‍ തനിക്ക് ഇതില്‍ നിന്നും യാതൊരു മെച്ചവും ഉണ്ടായിട്ടില്ല.

ഒരു സാധാരണക്കാരന്‍ ചെയ്യുമ്പോള്‍ സാധാരണക്കാര്‍ക്കിടയില്‍ ആ പരസ്യത്തിന് സ്വീകാര്യത ലഭിക്കും. അതാണ് സംഭവിച്ചത്.' എന്നും പ്രതീക്ഷ് കുമാര്‍ പറഞ്ഞു. മദ്യത്തിന്റെ പരസ്യത്തിന് സമാനമായി റമ്മി പരസ്യത്തിലും മുന്നറിയിപ്പ് ബോര്‍ഡ് ഉണ്ട്. ലോട്ടറിയും റമ്മിയും ചൂതാട്ടമാണ്. മലയാളികള്‍ പെട്ടെന്ന് പൈസ ഉണ്ടാക്കാന്‍ നോക്കും. റമ്മിയില്‍ ഫ്രീ ടൂര്‍ണമെന്റും ഉണ്ട്. എന്നാല്‍ പൈസ കിട്ടാത്തതിനാല്‍ അത് ആരും കളിക്കാന്‍ നില്‍ക്കാറില്ല. ഒരു സാധാരണക്കാരനോട് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാം എന്നതുള്‍പ്പെടെ വലിയ വാഗ്ദാനങ്ങളാണ് വെക്കുന്നത്. ആരായാലും പോകും. അനുഭവങ്ങള്‍ വരുമ്പോഴാണ് മനസ്സിലാവുകയെന്നും പ്രജീഷ് കൂട്ടിചേര്‍ത്തു.

കരാര്‍ ഉണ്ടാക്കാത്തതിനാല്‍ താന്‍ പോലും അറിയാതെ ആ പരസ്യം വര്‍ഷങ്ങളോളം റമ്മി കമ്പനി പ്രചരിപ്പിച്ചു. താരങ്ങള്‍ കരാര്‍ ഉണ്ടാക്കി, പണം നല്‍കിയാണ് അഭിനയിക്കുക.തന്റെ പരസ്യ കണ്ട് ആരും റമ്മികളിക്കരുതെന്നും റമ്മി കളിച്ച് ആത്മഹത്യ ചെയ്യുന്നവരുടെ വിവരം വാര്‍ത്തകളിലൂടെ അറിഞ്ഞപ്പോള്‍ വിഷമം തോന്നിയെന്നും പ്രതീഷ് കുമാര്‍ പറയുഞ്ഞു.

ജനങ്ങളെ ആകര്‍ഷിക്കാനുള്ള ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളുടെ പരസ്യത്തില്‍ സിനിമാ താരങ്ങളുള്‍പ്പെടെ അഭിനയിക്കുന്നത് മോശമാണെന്നും, ജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരത്തിലുള്ള ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് സര്‍ക്കാര്‍ കടിഞ്ഞാണിടണമെന്നും പ്രതീഷ് പറയുന്നു.



Next Story

Popular Stories